ബിഹാറില്‍ വിദ്യാര്‍ഥിനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമത്തിന്‍റെ വാര്‍ത്തകള്‍ രാജ്യത്തെ നടുക്കി ആഴ്ചകള്‍ പിന്നിടുകയാണ്. എന്നാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഒരു കുറവുമില്ലാതെ തുടരുകയാണെന്നതിന് വ്യക്തമായ ഉദാഹരണമാണ് പഞ്ചാബിലെ അദിതി എന്ന ഡിഗ്രി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. കോളജില്‍ നിന്നും കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനുമിടെ പലതവണ വിദ്യാര്‍ഥിനി അശ്ലീല ചുവയോടെയുള്ള കമന്‍റടികള്‍ക്കും തടഞ്ഞുനിര്‍ത്തിയുള്ള ഭീഷണിക്കും വിധേയയായി. പരാതി നല്‍കിയിട്ടും നടപടിയെടുക്കാതായതോടെയാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
പഞ്ചാബ്, ഫരീദ്കോട്ടിലെ ബ്രിജിന്ദ്ര കോളജിലെ ബിഎ വിദ്യാര്‍ഥിനി ആയിരുന്നു മരിച്ച അദിതി. കോളജ് പരിസരം കമന്‍റടികളും അതിക്രമങ്ങളും നടത്തുന്ന യുവാക്കളുടെ കേന്ദ്രമായിരുന്നു. കോളജ് മതിലുകള്‍ കടന്ന് വിദ്യാര്‍ഥിനികളെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി നമ്പര്‍ വാങ്ങിക്കുന്നതടക്കം സംഭവങ്ങള്‍ ഇവിടെ സ്ഥിരമായിരുന്നെന്ന് മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നു. അതിഥിയുടെ മരണത്തിന് പിന്നാലെ, മുന്‍പ് അതിക്രമം നടത്തുന്ന യുവാക്കളുടെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇത്തരത്തില്‍ കമന്‍റടിയും ശല്യവും സഹിക്കവയ്യാതെയാണ് മകള്‍ ജീവനൊടുക്കിയതെന്ന് അദിതിയുടെ പിതാവും പറയുന്നു. സംഭവത്തിന് പിന്നാലെ വന്‍ പ്രതിഷേധവുമായി പഞ്ചാബ് സ്റ്റുഡന്‍റ്സ് യൂണിയനടക്കം രംഗത്തുവന്നിട്ടുണ്ട്.