bihar-hospital-leg-fracture-patient
  • ബിഹാറിലെ ഒരു സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ രോഗിയുടെ ഒടിവു പറ്റിയ കാലില്‍ കാര്‍ഡ്ബോര്‍ഡ് കെട്ടിവെച്ച് ചികിത്സ ഒരുക്കിയ കാഴ്ച സൈബര്‍ ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്

കാലിന് പൊട്ടലോ ഒടിവോ പോലുള്ള ക്ഷതം ഏല്‍ക്കുമ്പോള്‍ എല്ലുകള്‍ ഉറച്ച് കൂടിച്ചേരുന്നതിന് പ്ലാസ്റ്റര്‍ ഇടുന്നതാണ് പതിവ്. ചില പരമ്പരാഗത ചികിത്സാ മുറകളില്‍ മുളയും മരപ്പാളികളും എല്ലിനു ചുറ്റും കെട്ടി ഉറപ്പിച്ചുവെയ്ക്കുന്നത് ഇന്നും തുടരുന്നുണ്ട്. എന്നാല്‍, ബിഹാറിലെ ഒരു സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ രോഗിയുടെ ഒടിവു പറ്റിയ കാലില്‍ കാര്‍ഡ്ബോര്‍ഡ് കെട്ടിവെച്ച് ചികിത്സ ഒരുക്കിയ കാഴ്ച സൈബര്‍ ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. 

ബിഹാര്‍ മഞ്ചോള്‍ സബ് ഡിവിഷണല്‍ ഹോസ്പിറ്റലിലെ രോഗിയാണ് ഒടിഞ്ഞ കാലില്‍ കാര്‍ഡ്ബോര്‍ഡും കെട്ടി ചികിത്സ കാത്തുകിടന്നത്. ഓഗസ്റ്റ് മൂന്നിന് ജോലിയും കഴിഞ്ഞ്, സഹോദരനൊപ്പം വീട്ടിലേക്കു പോകുന്ന വഴി റോഡപകടത്തിലാണ് കൃഷ്ണകുമാറിന് കാലിന് പരുക്ക് പറ്റുന്നത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടറില്‍ ഓട്ടോ റിക്ഷ ഇടിക്കുകയായിരുന്നു. തുടര്‍ന്നാണ് മഞ്ചോള്‍ സബ് ഡിവിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുചെന്നത്. 

ഹോസ്പിറ്റലില്‍ എത്തിയപ്പോഴേക്കും കാലിന് അതി ശക്തമായ വേദനയുണ്ടായിരുന്നു. പ്രാഥമിക ചികിത്സയും ഐവി ഡ്രിപ്പും നല്‍കിയതായി കൃഷ്ണകുമാര്‍ പറയുന്നുണ്ട്. ഹോസ്പിറ്റലില്‍ നിന്നും പ്രചരിക്കുന്ന വീഡിയോയില്‍ കൃഷ്ണകുമാറിന്‍റെ പരുക്കേറ്റ കാലിന്‍റെ ഇരുവശത്തും കാര്‍ഡ്ബോര്‍ഡ് ഷീറ്റ് കെട്ടിവെച്ചിരിക്കുന്നത് കാണാം. പ്രാഥമിക ചികിത്സയായി കോട്ടണ്‍ തുണി കാലിനും കാര്‍ഡ്ബോര്‍ഡിനും ഇടയില്‍ ജീവനക്കാരന്‍ തിരുകിവെയ്ക്കുന്നതും കാണാം. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു എന്ന് കൃഷ്ണകുമാര്‍ പറയുന്നു. 

വീഡിയോ സൈബര്‍ വാളുകളില്‍ വൈറലായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തു വന്നു. അപകടം സംഭവിച്ച് രോഗി ആശുപത്രിയിലെത്തിയപ്പോള്‍ ഓർത്തോപീഡിക് ഡോക്ടറില്ലായിരുന്നു. അതുകൊണ്ട്, മറ്റൊരിടത്തേക്ക് റഫര്‍ ചെയ്യുന്നതിനു മുന്‍പുള്ള പ്രാഥമിക ശുശ്രൂഷയാണ് അത്തരം നടപടികളെന്നാണ് മഞ്ജോൾ സബ് ഡിവിഷണൽ ആശുപത്രിയുടെ ചുമതലയുള്ള അഭിനവ് പ്രിയദർശി പ്രതികരിച്ചത്.

എന്തായാലും കാര്‍ഡ്ബോര്‍ഡ് കെട്ടി അവശനായി കിടക്കുന്ന രോഗിയും, പ്രത്യേക രീതിയിലുള്ള ബിഹാറിലെ ചികിത്സയും സൈബറിടത്ത് വലിയ ചര്‍ച്ചയാണ്. വൈദ്യശാസ്ത്രം ഇത്രയും വികസിച്ചിട്ടും, ഒടിവു പറ്റിയ കാലില്‍ കാര്‍ഡ് ബോര്‍ഡ് കെട്ടി കിടക്കേണ്ടി വരുന്ന രോഗി ബിഹാറിലെ ആരോഗ്യരംഗത്തിന്‍റെ നേര്‍ക്കാഴ്ചയെന്നാണ് പ്രധാന നിരീക്ഷണം.

ENGLISH SUMMARY:

This article discusses an unconventional medical treatment where a patient's fractured leg was treated with cardboard at a government hospital in Bihar. The incident highlights concerns about the state of healthcare in the region, sparking debate online about medical negligence and the need for proper orthopedic care.