punalur-taluk-hospital-doctor-bribe-allegation-infant-death-minister-bindu-krishna

കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ബന്ധുക്കൾ. സുഖപ്രസവമെന്നു പറഞ്ഞ് ലേബർ റൂമിൽ പ്രവേശിപ്പിച്ച ശേഷം സിസേറിയൻ നടത്തിയത് അറിയിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ചികിത്സിച്ച ഡോക്ടർ കൈക്കൂലി വാങ്ങിയെന്നും കുഞ്ഞിന്റെ അച്ഛൻ ആരോപിച്ചു. പുനലൂർ സ്വദേശികളായ അനൂപ് - ശ്രുതി ദമ്പതികളുടെ പെൺകുഞ്ഞാണ് പ്രസവത്തിനിടെ മരിച്ചത്.

തിങ്കളാഴ്ചയാണ് ശ്രുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെ പ്രസവവേദന തുടങ്ങി. സുഖപ്രസവമായിരിക്കുമെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർ കുടുംബത്തെ അറിയിച്ചു. ഇന്ന് പുലർച്ചെ പ്രസവശസ്ത്രക്രിയയ്ക്കിടെ പെൺകുഞ്ഞ് മരിച്ചു. സിസേറിയൻ നടത്തിയത് കുടുംബത്തെ അറിയിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം. പെൺകുഞ്ഞ് മരിച്ച ശേഷം ഇതു മറച്ചുവയ്ക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

ശ്രുതിയെ ചികിത്സിച്ച ഡോക്ടർ ജിഷ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭർത്താവ് അനൂപ് രംഗത്തെത്തി. പോസ്റ്റ്മോർട്ടത്തിനായി കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുനലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. അതേസമയം ശിശുമരണം ഡിഎംഒ  അന്വേഷിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഡോക്ടര്‍ക്കെതിരായ കൈക്കൂലി ആരോപണം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.  

ENGLISH SUMMARY:

A newborn girl, born to Anoop and Sruti from Punalur, tragically died during childbirth at the Punalur Taluk Hospital on Wednesday morning. The family alleged severe medical negligence, claiming that doctors performed an unannounced emergency C-section after initially promising a normal delivery. Furthermore, the child's father alleged that the attending doctor, Dr. Jisha, accepted a bribe to conduct the delivery. Following protests by DYFI activists who besieged the hospital superintendent, Minister Bindu Krishna announced an inquiry by the District Medical Officer (DMO) into both the infant death and the bribery allegations.