ട്രെയിനിൽ എസി കൂപ്പെ പൂട്ടിയിട്ട് 75 ലിറ്ററോളം വിദേശമദ്യം കടത്താൻ ശ്രമിച്ച യുവതിയും ബന്ധുവും അറസ്റ്റില്‍. ബിഹാറിലെ സമസ്തീപുർ ജില്ലയിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് ജയനഗറിലേക്ക് പോവുകയായിരുന്ന സ്വാതന്ത്ര്യ സേനാനി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന നേഹ ഝാ, അളിയൻ ഈഷാൻ കുമാർ എന്നിവരാണ് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്.
ട്രെയിനിൽ വൻതോതിൽ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. പൊലീസ് എത്തിയപ്പോള്‍ പ്രതികൾ തങ്ങൾ സഞ്ചരിച്ചിരുന്ന എസി ഫസ്റ്റ് ക്ലാസ് കൂപ്പെ ഉള്ളിൽ നിന്ന് പൂട്ടുകയായിരുന്നു. തുടർന്ന് പൊലീസ് ബലമായി വാതിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് വിലകൂടിയ മദ്യശേഖരം കണ്ടെത്തിയത്.
ബിഹാറിലെ ദർഭംഗയിൽ നടക്കാനിരിക്കുന്ന കുടുംബത്തിലെ കല്യാണാവശ്യത്തിനാണ് മദ്യം കൊണ്ടുപോയതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞത്. എന്നാൽ സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിലേക്ക് മദ്യം കൊണ്ടുപോകുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഇരുവരും മറുപടി നല്‍കിയില്ലെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ യുവതിയുടെ കുടുംബത്തിന് മുൻപും അനധികൃത മദ്യക്കച്ചവടത്തിൽ പങ്കുണ്ടെന്നും പിതാവ് മുൻപ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.