Image credit: X

Image credit: X

  • അദ്വൈത് ഐഐടിയില്‍ നിന്ന് സൈബര്‍ സെക്യൂരിറ്റിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബെംഗളൂരുവില്‍ ജോലിക്കെത്തിയത്. ജനുവരിയില്‍ വിവാഹം നടക്കാനിരിക്കെയാണ് തിരോധാനം

സോളോ ട്രെക്കിങ്ങിന് പോയ യുവാവിനെ കര്‍ണാടകയില ശിവഗംഗ ഹില്ലില്‍ കാണാതെയായി. ഇന്‍ഡോര്‍ സ്വദേശിയായ അദ്വൈത് ഉപാധ്യായ(31)യെയാണ് കാണാതായത്. ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ അദ്വൈതിനെ ഇന്നലെയാണ് കാണാതായത്. വെള്ളിയാഴ്ച ബൈക്ക് വാടകയ്ക്കെടുത്ത് ശിവഗംഗയിലേക്ക് എത്തിയ അദ്വൈത് ട്രെക്കിങിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രതിശ്രുത വധുവുമായും പങ്കുവച്ചിരുന്നു. രാവിലെ ഏഴരയോടെ സ്ഥലത്തെത്തി മലകയറാന്‍ തുടങ്ങുന്ന അദ്വൈതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. ഉച്ചയോടെ മടങ്ങി വരേണ്ടതായിരുന്നു. പക്ഷേ അദ്വൈത് വന്നതുമില്ല, വിളിച്ചിട്ട് പിന്നീട് ഫോണില്‍ കിട്ടിയതുമില്ല. തുടര്‍ന്നാണ് പ്രതിശ്രുത വധു പൊലീസില്‍ പരാതിപ്പെട്ടത്.

നെലമംഗല, ദൊബ്ബസ്പെട്ട് പ്രദേശങ്ങളില്‍ പൊലീസ് ഇന്നലെ തന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അദ്വൈതെത്തിയ ബൈക്ക് മലയടിവാരത്ത് നിന്നും കണ്ടെത്തി. അദ്വൈതിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചു. ട്രെക്കിങ് പാതയില്‍ അല്ലാത്ത കുനിഗല്‍ റോഡിലെ കുഡുരുവിലാണ് അവസാനം സിഗ്നല്‍ ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ഇതോടെ ശിവഗംഗയിലെ ഏറ്റവും അപകട മേഖലയായ ശന്താള ഡ്രോപില്‍ തിരച്ചില്‍ തുടങ്ങി. ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ മനുഷ്യശരീരം പോലെ എന്തോ ഒന്ന് കണ്ടെത്തിയെങ്കിലും കൊടും കാടായതിനാല്‍ താഴേക്ക് എത്താന്‍ സാധിച്ചില്ല. പക്ഷേ  ഇത് അദ്വൈതാണോ എന്നതിലും സ്ഥിരീകരണമില്ല. തിരച്ചിലിനായി പൊലീസിലും എന്‍ഡിആര്‍എഫിലും എസ്ഡിആര്‍എഫിലുമുള്ള 100 പേരെ നിയോഗിച്ചു. ഹൈ റസലൂഷന്‍ ക്യാമറകള്‍ തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. 

അദ്വൈതിന്‍റെ താമസസ്ഥലത്തെത്തിയ പൊലീസ്  ലാപ്ടോപ് പരിശോധിച്ചു. ശിവഗംഗയെ കുറിച്ചും ഭൂപ്രകൃതിയെ കുറിച്ചും ശന്താള ഡ്രോപിനെ കുറിച്ചും, ഇവിടെയുള്ള ആത്മഹത്യാ മുനമ്പുകളെ കുറിച്ചും തിരഞ്ഞതിന്‍റെ വിവരങ്ങള്‍ കണ്ടെത്തി. ഇതോടെ അദ്വൈത് ജീവനൊടുക്കിയതാകാനുള്ള സാധ്യതയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്വൈത് മോശം മാനസികാവസ്ഥയിലായിരുന്നുവെന്ന് അടുത്ത സുഹൃത്ത് പൊലീസിനോട് വെളിപ്പെടുത്തി. കനത്ത മഴയില്‍ യുവാവ് എവിടെയെങ്കിലും കയറി നില്‍ക്കുന്നതാണോ അതോ വഴിതെറ്റിപ്പോയിട്ടുണ്ടോ എന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതേസമയം, നിഗമനങ്ങളില്‍ എത്തിച്ചേരുന്നില്ലെന്നും അദ്വൈതിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഇന്‍ഡോറിലെ വ്യവസായിയുടെ മകനായ അദ്വൈത് ഐഐടിയില്‍ നിന്ന് സൈബര്‍ സെക്യൂരിറ്റിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബെംഗളൂരുവില്‍ ജോലിക്കെത്തിയത്. ജനുവരിയില്‍ വിവാഹം നിശ്ചയിച്ചിരിക്കെയാണ് തിരോധാനം.

ENGLISH SUMMARY:

A 31-year-old Indore native named Advait Upadhyay, employed at a Bengaluru financial firm and scheduled to be married in January, has gone missing during a solo trek at Shivaganga Hills in Karnataka. After renting a bike to reach the location, Advait shared his trekking plans with his fiancee before CCTV captured him starting his climb around 7:30 AM, though he failed to return by afternoon and became unreachable by phone. Police and search teams, including NDRF and SDRF personnel numbering around 100 with high-resolution cameras and drones, located his rented bike at the foothills and tracked his mobile signal to Kuduru on Kunigal Road, leading them to focus on the dangerous Shanthala Drop cliff area. A drone spotted a body-like shape in the dense forest below the cliff, though confirmation is pending, while a search of his laptop revealed searches regarding Shivaganga's topography and suicide spots, backed by a friend's statement about his recent poor mental state, though authorities are also keeping an open mind about weather-related accidents or getting lost