ചീഞ്ഞളിഞ്ഞ ഇറച്ചിയും കേടായ പാലുമടക്കം 132 കിലോ കേടായ ഭക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ആഡംബര പബ്ബ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷയുടെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് പബ്ബിലെ അടുക്കള പ്രവര്‍ത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഉപയോഗശൂന്യമായ 70 കിലോ സോയ സോസും 15 ലീറ്റര്‍ ഉപയോഗിച്ച എണ്ണയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. പൂത്ത ബീഫും കാലാവധി കഴിഞ്ഞ പാലുല്‍പ്പന്നങ്ങളും ചീഞ്ഞ മീനും കേടായ കൂണുമെല്ലാം അടുക്കളയില്‍ നിന്ന് പിടിച്ചെടുത്തു. 45 കിലോ ചീഞ്ഞ ചിക്കനും ബീഫും ആറ് കിലോ വെജിറ്റബിള്‍ കട്ലറ്റും ഇക്കൂട്ടത്തിലുണ്ട്. റോയല്‍ ചെയിന്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ചീഞ്ഞ 50 കിലോ താറാവിറച്ചി, 5 കിലോ മീന്‍ എന്നിവയും മദ്രാസ് കിച്ചണില്‍ നിന്ന് 5 കിലോ കേടായ ഗ്രീന്‍ പീസും ടെസ്കോണ്‍ ഹോട്ടലില്‍ നിന്ന് 5 കിലോ കൂണും പിടിച്ചെടുത്തു. ബെംഗളൂരു നഗരത്തിലും ബിബിഎംപി മേഖലയിലുമായി ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് പിടിവീണത്.
യുബി സിറ്റി ലക്ഷ്വറി മാളിലെ സ്കൈ ലോഞ്ചിന്‍റെ അടുക്കള വൃത്തിഹീനമായ നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടി. ചീഞ്ഞ ചിക്കനും ബീഫും ഇവിടെ നിന്ന് കണ്ടെത്തി. കാലാവധി കഴിഞ്ഞ് 10 ദിവസമായിട്ടും സൂക്ഷിച്ചിരുന്ന പാലുല്‍പ്പന്നങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പരിശോധന നടത്തിയ ഹോട്ടലുകളിലെയെല്ലാം ഭക്ഷണ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ കേക്കുകളും കിഴങ്ങും, ടാകോസും ജ്യൂസുകളും സൂക്ഷിച്ചതും കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ 30 ടീമുകളാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്. ഹോട്ടലുകളിലെ സ്റ്റോറജ് നിലവാരവും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരവും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിതരണം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.