• 'പൊലീസ് ക്രൂരതയ്ക്കെതിരെ കോടതിയില്‍ നീതിതേടിയെത്തിയ വിദ്യാര്‍ഥികള്‍ക്കും പൗരന്‍മാരോടും നീതി നിഷേധിക്കുന്ന തരത്തില്‍ നിലപാടെടുത്ത ഒരാളില്‍ നിന്ന് ബിരുദം സ്വീകരിക്കുന്നത് സര്‍വകലാശാലയില്‍ നിന്ന് ഞങ്ങള്‍ പഠിച്ച മൂല്യങ്ങള്‍ക്ക് എതിരാണ്'

ബിരുദ ദാന ചടങ്ങിലേക്ക് മുഖ്യാതിഥിയായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിച്ച ഹൈദരാബാദ് നാഷനല്‍ ലോ യൂണിവേ​ഴ്​സിറ്റിയുടെ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ രംഗത്ത്. നീറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ഥികളെ തല്ലിച്ചതച്ച സംഭവത്തിലെ ഹര്‍ജി പരിഗണിക്കവേ സ്വീകരിച്ച മനുഷ്യത്വരഹിത നടപടി ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികളുടെ ബഹിഷ്കരണ മുന്നറിയിപ്പ്. വിദ്യാര്‍ഥികളുടെ ഭാഗം കേള്‍ക്കാന്‍ സമയമില്ലെന്ന് പറഞ്ഞയാളെ ബിരുദദാന ചടങ്ങില്‍ കാണാന്‍ ആഗ്രഹിക്കുന്നില്ലെനാണ് സര്‍വകലാശാലയ്ക്ക് വിദ്യാര്‍ഥികള്‍ അയച്ച ഇമെയിലില്‍ പറയുന്നത്. 

'നിയമ വിദ്യാര്‍ഥികളെന്ന നിലയില്‍ ബിരുദധാരികളാകുമ്പോള്‍ ഞങ്ങള്‍ക്ക് കൃത്യമായ ധാരണകളുണ്ട്. സര്‍വകലാശാലയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാകണം ബിരുദദാനച്ചടങ്ങ്, പ്രത്യേകിച്ചും ഭരണഘടനാ അവകാശങ്ങള്‍, നീതി ലഭ്യത, പരാതികള്‍ കേള്‍ക്കുന്നതിലും പരിഗണിക്കുന്നതിനുമുള്ള ആഭിമുഖ്യം തുടങ്ങിയവ ആ മൂല്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. പൊലീസ് ക്രൂരതയ്ക്കെതിരെ കോടതിയില്‍ നീതിതേടിയെത്തിയ വിദ്യാര്‍ഥികള്‍ക്കും പൗരന്‍മാരോടും നീതി നിഷേധിക്കുന്ന തരത്തില്‍ നിലപാടെടുത്ത ഒരാളില്‍ നിന്ന് ബിരുദം സ്വീകരിക്കുന്നത് സര്‍വകലാശാലയില്‍ നിന്ന് ഞങ്ങള്‍ പഠിച്ച മൂല്യങ്ങള്‍ക്ക് എതിരാണ്' എന്നാണ് വിദ്യാര്‍ഥികള്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. അതേസമയം, വിദ്യാര്‍ഥികളുടെ മെയിലില്‍ സര്‍വകലാശാല ഇതുവരെയും പ്രതികരിച്ചിട്ടില്ല. രാജ്യത്തെ തന്നെ സുപ്രധാന ലോ യൂണിവേഴ്സിറ്റികളിലൊന്നാണ് നാഷനല്‍ അക്കാദമി ഫോര്‍ ലീഗല്‍ സ്റ്റഡീസ് ആന്‍റ് റിസര്‍ച്ച് യൂണിവേഴ്സിറ്റി.

കോക്രോച്ച് ജനതാ പാര്‍ട്ടി നേതൃത്വം നല്‍കിയ ചലോ സന്‍സദ്  മാര്‍ച്ചില്‍ വിദ്യാര്‍ഥികളെ അതിക്രൂരമായാണ് ഡല്‍ഹി പൊലീസും കേന്ദ്രസേനയും തല്ലിച്ചതച്ചതും പെല്ലറ്റ് ഗണടക്കം പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിച്ചതും. ഇലക്ട്രിക് ബാറ്റണും കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്നു. അതിക്രമത്തില്‍ കോടതിയെ സമീപിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ചു. പൊലീസ് അതിക്രമത്തിന്‍റെ വിഡിയോ കാണിക്കാമെന്ന് പറഞ്ഞപ്പോള്‍ 'വിഡിയോകളില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും, കാണാനുള്ള സമയമില്ലെ'ന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ENGLISH SUMMARY:

Students of the NALSAR University of Law in Hyderabad have issued a boycott warning against the institution's decision to invite Supreme Court Chief Justice Surya Kant as the chief guest for their upcoming convocation. The protest stems from the bench's refusal to hear a petition regarding police brutality against students during the 'Chalo Sansad' march over NEET irregularities, where the Chief Justice reportedly remarked that the court had no time to view videos of the incident. In their email to the university administration, the graduating students stated that accepting degrees from an official who denied a hearing to citizens seeking justice against state violence goes against the core constitutional values they were taught. While NALSAR is one of the country's premier national law universities, the administration has yet to respond to the students' boycott threat.