കോഴിക്കോട് കൂടത്തായി സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ റാഗിങ് പരാതിയിൽ സ്കൂൾ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മൂന്നു വിദ്യാർഥികൾ ടിസി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് മാറി. ആവർത്തിച്ചു പരാതി നൽകിയിട്ടും റാഗിംഗ് നടത്തിയ സീനിയർ വിദ്യാർഥികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിച്ചതെന്ന് വിദ്യാർഥികളും രക്ഷിതാക്കളും കുറ്റപ്പെടുത്തി.
പത്താം ക്ലാസ് വിദ്യാർഥിനികൾക്ക് എതിരെയുള്ള ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ പരാതിയിൽ സ്കൂൾ അധികൃതർ കാര്യക്ഷമമായ ഇടപെടൽ നടത്തുകയോ നടപടി സ്വീകരിക്കുകയൊ ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് മൂന്ന് വിദ്യാർഥിനികൾക്ക് ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേരേണ്ടിവന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർഥിനികൾ സ്കൂൾ വിടാൻ ഒരുങ്ങുന്നതായാണ് വിവരം.
ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണം. വിഷയം പരിഹരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടായിട്ടും സ്കൂൾ അധികൃതരുടെയും പിടിഎയുടെയും നിഷ്ക്രിയത്വമാണ് സ്ഥിതി വഷളാക്കിയതെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.