kanwariyas

TOPICS COVERED

ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിൽ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൻവർ തീർഥാടകർ. യുവാവ് സഞ്ചരിച്ച കാറും കൻവാരിയകൾ പൂര്‍ണമായും അടിച്ച് നശിപ്പിച്ചു. കൻവാർ യാത്രയ്ക്കിടെ കാർ തട്ടിയതിനെ തുടർന്നാണ് കൻവാരിയകൾ അക്രമം അഴിച്ചുവിട്ടത്. യാത്രയിലെ തങ്ങളുടെ പരിശുദ്ധ 'കൻവാറിൽ' (വിശുദ്ധ ജലം വഹിക്കുന്ന കാവടി) കാർ തട്ടി അശുദ്ധിയുണ്ടായെന്ന് ആരോപിച്ചാണ് കൻവാരിയകൾ യുവാവിനെ നടുറോ‍ഡിലിട്ട് മര്‍ദിച്ചത്. യുവാവിനോടൊപ്പം കാറിലുണ്ടായിരുന്നവരെയും ഇവര്‍ ആക്രമിച്ചിരുന്നു. എന്നാല്‍ കാറില്‍ നിന്നും ഇറങ്ങിയോടിയ യുവാവിനെ കൻവാരിയകൾ വളഞ്ഞിട്ട് ചവിട്ടുകയും വടിയും മറ്റുമായി ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഈ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഹരിയാന രജിസ്ട്രേഷനുള്ള കാറാണ് അക്രമത്തിനിരയായത്. കാറിലുണ്ടായിരുന്നവരും കൻവാർ യാത്രയ്ക്കായി എത്തിയ മറ്റു കൻവാരിയകൾ തന്നെയായിരുന്നു. യാത്രക്കിടെ വാഹനം കാന്‍വാറില്‍ തട്ടിയിരുന്നു. വാഹനം തട്ടിയതോടെ കൻവാറിന്റെ വിശുദ്ധി നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് അക്രമം അഴിച്ചുവിട്ടത്. സംഭവം നടന്നയുടൻ ജീവൻ രക്ഷിക്കാനായി കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് ഇടപെട്ട് ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അക്രമാസക്തരായ കൻവാരിയകളെ തടയാനായില്ല. റോഡിൽ വീണുപോയ യാത്രക്കാരനെ കൻവാരിയകൾ ചവിട്ടുകയും വടികൾ ഉപയോഗിച്ച് പിന്തുടർന്ന് അടിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൻവാർ: ഹൈന്ദവ മാസമായ ശ്രാവണ മാസത്തില്‍ ശിവഭക്തർ ഗംഗാനദിയിൽ നിന്ന് വിശുദ്ധജലം ശേഖരിച്ച് തോളിലേറ്റുന്ന പ്രത്യേക കാവടിയെയാണ് 'കൻവാർ' എന്ന് വിളിക്കുന്നത്. ഒരു മുളങ്കമ്പിന്റെ ഇരുവശത്തുമായി ഗംഗാജലം നിറച്ച പാത്രങ്ങൾ കെട്ടിത്തൂക്കിയാണ് ഇത് നിർമിക്കുന്നത്. യാത്രയിലുടനീളം ഇത് നിലത്തുവെക്കാനോ മറ്റെന്തെങ്കിലും തട്ടി അശുദ്ധമാകാനോ പാടില്ല എന്നാണ് വിശ്വാസം. അങ്ങനെ സംഭവിച്ചാൽ വീണ്ടും ഗംഗയിൽ പോയി പുതിയ ജലം നിറയ്ക്കേണ്ടി വരും.

കൻവാരിയകൾ: ഈ കൻവാറുമേന്തി നൂറുകണക്കിന് കിലോമീറ്ററുകൾ നഗ്നപാദരായി നടന്ന് പ്രദേശത്തെ ശിവക്ഷേത്രങ്ങളിൽ ഗംഗാജലാഭിഷേകം നടത്താൻ പോകുന്ന ശിവഭക്തരെയാണ് 'കൻവാരിയകൾ' എന്ന് വിളിക്കുന്നത്.

ENGLISH SUMMARY:

Kanwar yatra violence erupted in Haridwar, Uttarakhand, where devotees brutally assaulted a young man and destroyed his car. The incident occurred when the car allegedly touched a "Kanwar," leading to accusations of impurity and subsequent mob violence.