ഉത്തരാഖണ്ഡ് ഹരിദ്വാർ മാൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറു മരണം. മുപ്പതിലേറെപ്പേർക്ക് പരുക്കേറ്റു. ക്ഷേത്രവഴിയിലെ ഇരുമ്പുതൂണിൽനിന്ന് ഷോക്കേറ്റെന്ന അഭ്യൂഹമാണ് തിക്കിനും തിരക്കിനും കാരണമായത്.
ഹരിദ്വാറിലെ പ്രസിദ്ധമായ മാൻസാ ദേവി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലാണ് രാവിലെ തിക്കുംതിരക്കുമുണ്ടായത്. സാവൻ മാസത്തിലെ അവധി ദിനമായിരുന്നതിൽ ഇന്ന് തീർഥാടകരുടെ തിരക്കായിരുന്നു. അതിനിടെ വഴിയരികിലെ ഇരുമ്പുതൂണിൽ വൈദ്യുതി പ്രവാഹമുണ്ടായെന്നും ചിലർക്ക് ഷോക്കേറ്റെന്നും അഭ്യൂഹം പരന്നു. ജനം പരിഭ്രാന്തരായി ഓടിയതാണ് ആറുപേർ കൊല്ലപ്പെട്ട ദുരന്തത്തിൽ കലാശിച്ചത്.
മലമുകളിലെ ക്ഷേത്രത്തിൽനിന്നുള്ള രക്ഷാപ്രവർത്തനം ആദ്യഘട്ടത്തിൽ ദുഷ്കരമായിരുന്നു. കൂടുതൽ ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മുഖ്യമന്ത്രി പുഷ്‌കർസിങ് ധാമി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. മജിസ്‌റ്റീരിയൽ അന്വേഷണത്തിനും കർശന നടപടിക്കും തിരക്കുനിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ വിലയിരുത്താനും നിർദേശിച്ചു.