ഉത്തരാഖണ്ഡിലെ ഋഷികേശിൽ സാഹസിക വിനോദമായ ബഞ്ചി ജംപിനിടെ വന്‍ അപകടം. ശിവപുരിയിൽ ബഞ്ചി ജംപ് ചെയ്യുന്നതിനിടെ 180 അടി ഉയരത്തിൽ നിന്ന് വീണ യുവാവിന് ഗുരുതര പരുക്ക്. തപോവൻ- ശിവപുരി റോഡിലെ ത്രിൽ ഫാക്ടറി അഡ്വഞ്ചർ പാർക്കിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ 24 കാരനായ സോനു കുമാറാണ് പരുക്കേറ്റത്. ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. ചാട്ടത്തിനിടെ പെട്ടെന്ന് കയർ പൊട്ടി ഒരു ടിൻ ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവം ഇന്ത്യയിലെ സാഹസിക കായിക വിനോദങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ച് ആശങ്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ലോകമെങ്ങും സാഹസിക വിനോദ സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രിയമുള്ള സാഹസിക വിനോദമാണ് ബഞ്ചി ജംപിങ്. ഉയരമുള്ള സ്ഥലത്ത് നിന്നും സുരക്ഷാ ക്രമീകരണങ്ങളോടെ താഴേക്ക് ചാടുന്നതാണിത്. ഒരുപാട് മനോധൈര്യവും സാഹസികതയും ഉള്ളവര്‍ക്ക് മാത്രമേ ഇത് ചെയ്യാനാവൂ. മാത്രമല്ല, എവിടെയെങ്കിലും പാളിയാല്‍ ജീവന്‍ വരെ അപകടത്തിലാകുകയും ചെയ്യും. ലോകത്തെ ഏറ്റവും മികച്ച ബഞ്ചി ജംപിങ് കേന്ദ്രങ്ങളില്‍ പോലും ഇത്തരത്തില്‍ ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്.
2015 ഓഗസ്റ്റില്‍ വടക്കൻ സ്‌പെയിനിലെ കാബെസൺ ഡി ലാ സാലിൽ ഇംഗ്ലീഷ് ശരിക്കറിയാത്ത ഇൻസ്ട്രക്ടറുടെ നിർദ്ദേശങ്ങൾ തെറ്റിദ്ധരിച്ച് റോപ്പ് സുരക്ഷിതമാക്കാതെ ചാടിയ 17കാരി മരിച്ചിരുന്നു. 2019 ജൂലൈയിൽ പോളണ്ടിലെ ഗ്ഡിനിയയിലെ 330 അടി ഉയരത്തില്‍ ബഞ്ചി ജംപ് ചെയ്ത യുവാവിന്‍റെ കയര്‍പൊട്ടിവീണ് 39 കാരന്‍റെ നട്ടെല്ല് ഒടിഞ്ഞിരുന്നു. 2015 ജൂലൈയിൽ സ്പെയിനിൽ പാലത്തിനു മുകളില്‍നിന്നും ചാടിയ 23കാരി പാലത്തിന്‍റെ ഒരു വശത്ത് ഇടിച്ച് മരിച്ചിരുന്നു.
സാംബിയയിലെ വിക്ടോറിയ വെള്ളച്ചാട്ടത്തിൽ പാലത്തിൽ നിന്ന് ചാടിയ പെണ്‍കുട്ടി കയര്‍പൊട്ടി മുതലകള്‍ നിറഞ്ഞ നദിയിലേക്ക് വീണിരുന്നു. എവിടെയും തട്ടാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയും ജീവന്‍ രക്ഷിക്കാനാകുകയും ചെയ്തു. 2017 ഏപ്രിലില്‍ ഫ്ലോറിഡയിലെ 50 അടി ഉയരമുള്ള പാലത്തിൽ ചാടിയ യുവതിക്കും നദിയില്‍ വീണ് അപകടം സംഭവിച്ചിരുന്നു. അധികം ആഴമില്ലാതിരുന്നതിനാല്‍ അപകടം മാരകമായില്ല. 2018 ജനുവരിയിൽ മക്കാവു ടവറിന്‍റെ മുകളില്‍ നിന്നും താഴേക്ക് ബഞ്ചി ജംപിങ് നടത്തിയ യുവാവിന് കയറിന്‍റെ നീളം കുറവായതിനാല്‍ 60 മീറ്റർ ഉയരത്തില്‍ ഒരു മണിക്കൂറോളം തൂങ്ങിക്കിടക്കേണ്ടി വന്നു. വെറും 8 ഡിഗ്രി സെൽഷ്യസായിരുന്നു അപ്പോഴത്തെ അന്തരീക്ഷ താപനില. അഗ്നിശമന സേന എത്തിയാണ് യുവാവിനെ രക്ഷിച്ചത്.