സിവിക് സെന്‍സ് അഥവാ പൗരബോധത്തിന് അത്ര വലിയ വിലയില്ല ഉത്തരേന്ത്യയില്‍. അത് ഏറ്റവും വ്യക്തമായി കാണാവുന്നത് റെയില്‍വേയുമായി ബന്ധപ്പെട്ട് പുറത്തുവരാറുള്ള വിഡിയോകളില്‍ നിന്നാണ്. ആളുകള്‍ ട്രെയിനില്‍ ഗുട്ക ചവച്ച് തുപ്പുന്നതും, ബുക്ക് ചെയ്യാതെ എ.സി, റിസര്‍വ്ഡ് സീറ്റുകളില്‍ കയറി ഇരിക്കുന്നതും, ആടിനെയും പശുവിനെയുമെല്ലാം ട്രെയിനില്‍ കൊണ്ടുപോകുന്നതുമെല്ലാം ഇവിടെ സാധാരണമാണ്. എന്നാല്‍ ഹരിദ്വാറില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ പൗരബോധമില്ലായ്മയുടെ അങ്ങേയറ്റം മനംമടുപ്പിക്കുന്ന കാഴ്ചയാണ്.
ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് ട്രെയിന്‍. എ.സി കോച്ചുകളുടെ ഭാഗമാണ് വിഡിയോയില്‍ കാണുന്നത്. എ.സി കോച്ചിനോട് ചേര്‍ന്നിരുന്ന് ട്രാക്കിലേക്ക് സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന ആളുക്കുട്ടം നിരന്നിരുന്ന് മൂത്രമൊഴിക്കുന്നത് ദൃശ്യത്തില്‍ കാണാം. ട്രെയിനിലും റെയില്‍വേ സ്റ്റേഷനിലും ശുചിമുറികള്‍ ഉണ്ടെന്നിരിക്കെയാണ് ഇത്തരമൊരു പ്രവണത.
രൂക്ഷവിമര്‍ശനത്തോടെയാണ് ദ്യശ്യങ്ങള്‍ പ്രചരിക്കുന്നത്. നാടിനെ നാണംകെടുത്താന്‍ നാട്ടുകാര്‍ തന്നെ ധാരാളം എന്ന തരത്തില്‍ നിരവധി കമന്‍റുകളാണ് ദൃശ്യങ്ങള്‍ക്ക് താഴെയുള്ളത്. ഇതിന് പിന്നാലെ ദൃശ്യങ്ങള്‍ രാജ്യാന്തര തലത്തിലും പ്രചരിച്ചു. ഇതോടെ ഇന്ത്യയെ പരിഹസിച്ചും നിരവധി കമന്‍റുകളും റീഷെയറുകളും നടന്നു.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആര്‍പിഎഫിനെതിരെയും ടിടികള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. ഇത്രയും രൂക്ഷമായ സംഭവം നടന്നിട്ടും ഒരു അധികൃതര്‍ പോലും പ്രതികരിക്കാതിരുന്നതിനെതിരെയും വിമര്‍ശനമുണ്ട്.