pragnancy-issue

TOPICS COVERED

പ്രസവാനന്തര കാലഘട്ടം പലപ്പോഴും ഉറക്കമില്ലാത്ത രാത്രികൾ, മുലയൂട്ടലിലെ വെല്ലുവിളികൾ, പ്രസവശേഷമുള്ള ശാരീരിക വീണ്ടെടുക്കൽ എന്നിവയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും പുതിയ അമ്മമാരെ ബാധിക്കുന്ന ഒരു പൊതുവായ ആരോഗ്യപ്രശ്നം പൊതുചർച്ചകളിൽ നിന്ന് ഇപ്പോഴും മറഞ്ഞിരിക്കുന്നു, അതാണ് പ്രസവാനന്തര മൂത്രശങ്ക (Postpartum Incontinence).

പ്രസവശേഷം അറിയാതെ മൂത്രം പോകുന്ന അവസ്ഥയെയോ അല്ലെങ്കിൽ അപൂർവ്വമായി മലം പോകുന്ന അവസ്ഥയെയോ ആണ് പ്രസവാനന്തര മൂത്രശങ്ക എന്ന് വിളിക്കുന്നത്. പ്രസവത്തിന് ശേഷമുള്ള ആഴ്ചകളിലോ മാസങ്ങളിലോ പല സ്ത്രീകളും ഈ ലക്ഷണങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും പലരും നാണക്കേടും സാമൂഹികമായ വിലക്കുകളും തെറ്റിദ്ധാരണകളും കാരണം വൈദ്യസഹായം തേടുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു. ഇതോടെ തങ്ങളുടെ ആത്മവിശ്വാസത്തെയും വൈകാരിക സുസ്ഥിരതയെയും ദൈനംദിന പ്രവർത്തനങ്ങളെയും വരെ ബാധിക്കുന്ന ഈ പ്രശ്നത്തോട് എണ്ണമറ്റ അമ്മമാർ നിശബ്ദമായി പോരാടുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്റർനാഷണൽ യുറോഗൈനക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ഗർഭധാരണത്തിനും പ്രസവത്തിനും ശേഷം വലിയൊരു വിബാഗം സ്ത്രീകളെ മൂത്രശങ്ക ബാധിക്കുന്നുണ്ട്. പഠനപ്രകാരം ഇത് 15% മുതൽ 30%-ത്തിലധികം വരെയാകാം. പ്രസവാനന്തര മൂത്രശങ്ക സാധാരണമാണെങ്കിലും ഇത് മാതൃത്വത്തിന്റെ ഒഴിവാക്കാനാകാത്ത ഒരു അനന്തരഫലമായി കണ്ട് തള്ളിക്കളയരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പെൽവിക് ആരോഗ്യത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അവബോധവും പുനരധിവാസ ചികിത്സകളിലെ പുരോഗതിയും കാരണം ഈ പ്രശ്നം നേരത്തെ തിരിച്ചറിയുന്നതും ചികിത്സിക്കുന്നതും ഭൂരിഭാഗം സ്ത്രീകൾക്കും മൂത്രാശയ നിയന്ത്രണം വീണ്ടെടുക്കാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

എന്തുകൊണ്ട് പ്രസവാനന്തര മൂത്രശങ്ക? 

ഗർഭധാരണവും പ്രസവവും മൂത്രാശയത്തെയും പെൽവിക് അവയവങ്ങളെയും താങ്ങിനിർത്തുന്ന പേശികൾ, ലിഗമെന്റുകൾ, ഞരമ്പുകൾ എന്നിവയിൽ വലിയ സമ്മർദ്ദം ചെലുത്തുന്നു. സുഖപ്രസവം (vaginal delivery), നീണ്ടുനിൽക്കുന്ന പ്രസവവേദന, പ്രസവത്തിനായി ഉപകരണങ്ങൾ ഉപയോഗിക്കുന്നത് (instrumental deliveries) എന്നിവ പെൽവിക് ഫ്ലോറിന്റെ (pelvic floor) പ്രവർത്തനത്തെ കൂടുതൽ ദുർബലപ്പെടുത്തിയേക്കാം. പ്രസവശേഷം ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും പേശികളുടെ ശക്തി കുറയുന്നതിനും മൂത്രാശയ നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരണമാകും. പെൽവിക് ഫ്ലോർ എന്നത് മൂത്രാശയം, ഗർഭപാത്രം, കുടൽ എന്നിവയെ താങ്ങിനിർത്തുന്ന ഒരു തൊട്ടിൽ പോലെയാണ് പ്രവർത്തിക്കുന്നത്. ഗർഭകാലത്തും പ്രസവസമയത്തും ഈ പേശികൾ വലിച്ചുനീട്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുമ്പോൾ, മൂത്രാശയ പ്രവർത്തനം ശരിയായി നിർവ്വഹിക്കാൻ അവയ്ക്ക് ബുദ്ധിമുട്ടുണ്ടായേക്കാം.

ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?

പ്രസവാനന്തര മൂത്രശങ്ക വ്യത്യസ്ത രീതികളിൽ പ്രകടമാകാം. ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, ചിരിക്കുമ്പോഴോ അല്ലെങ്കിൽ ശാരീരിക അധ്വാനങ്ങളിൽ ഏർപ്പെടുമ്പോഴോ മൂത്രം പോകുന്ന 'സ്ട്രെസ് ഇൻകോണ്ടിനൻസ്' (stress incontinence) ആയോ, അല്ലെങ്കിൽ പെട്ടെന്ന് മൂത്രമൊഴിക്കണമെന്ന് ശക്തമായ തോന്നലുണ്ടാവുകയും ടോയ്‌ലറ്റിൽ എത്തുന്നതിന് മുൻപ് തന്നെ അറിയാതെ മൂത്രം പോവുകയും ചെയ്യുന്ന 'അർജ് ഇൻകോണ്ടിനൻസ്' (urge incontinence) ആയോ ഈ അവസ്ഥ പ്രകടമാകാം. പ്രസവശേഷം ഏറ്റവും കൂടുതലായി കണ്ടുവരുന്നത് സ്ട്രെസ് യൂറിനറി ഇൻകോണ്ടിനൻസ് (Stress urinary incontinence) ആണ്. കുഞ്ഞിനെ എടുക്കുമ്പോഴോ, വ്യായാമം ചെയ്യുമ്പോഴോ, ചിരിക്കുമ്പോഴോ അല്ലെങ്കിൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ പോലുമോ സ്ത്രീകൾക്ക് മൂത്രം പോകുന്നത് ശ്രദ്ധയിൽപ്പെട്ടേക്കാം. മറുവശത്ത്, അർജ് ഇൻകോണ്ടിനൻസ് പലപ്പോഴും ഓവർആക്ടീവ് ബ്ലാഡർ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ അടിക്കടി മൂത്രമൊഴിക്കാനുള്ള തോന്നലും കൃത്യസമയത്ത് ടോയ്‌ലറ്റിൽ എത്താനുള്ള ബുദ്ധിമുട്ടും ഉൾപ്പെടുന്നു.

പ്രസവാനന്തര മൂത്രശങ്ക പ്രാഥമികമായി ഒരു ശാരീരിക പ്രശ്നമായാണ് കാണപ്പെടുന്നതെങ്കിലും അതിന്റെ മാനസിക പ്രത്യാഘാതങ്ങളും അത്രതന്നെ വലുതാണ്. ഇത് നാണക്കേട്, ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ് എന്നിവയിലേക്കും അമ്മയുടെ ദൈനംദിന പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടലുകൾഎന്നിവയിലെ നിയന്ത്രണങ്ങളിലേക്കും നയിച്ചേക്കാം. മൂത്രശങ്കയുള്ള സ്ത്രീകളിൽ ഉത്കണ്ഠ, വിഷാദം, സാമൂഹികമായി ഉൾവലിയൽ, ജീവിതനിലവാരം കുറയുക എന്നിവയുടെ നിരക്ക് കൂടുതലാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഈ പ്രത്യാഘാതങ്ങൾ ഉണ്ടായിരുന്നിട്ടും, പ്രസവശേഷമുള്ള സുഖം പ്രാപിക്കലിന്റെ ഒരു സാധാരണ ഭാഗമാണ് മൂത്രം പോകുന്നത് എന്ന് കരുതി പല അമ്മമാരും സഹായം തേടാൻ വൈകുന്നു.

പ്രസവാനന്തര മൂത്രശങ്ക തടയാനാകുമോ?

ഗർഭകാലത്തും പ്രസവശേഷവും കീഗൽ വ്യായാമങ്ങൾ (Kegel exercises) ഉൾപ്പെടെയുള്ള പെൽവിക് ഫ്ലോർ പേശി പരിശീലനങ്ങൾ ചെയ്യുന്നത് പേശികളുടെ ശക്തി നിലനിർത്താനും മൂത്രാശയത്തിനുള്ള പിന്തുണ മെച്ചപ്പെടുത്താനും സഹായിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, ശാരീരികമായി സജീവമായിരിക്കുക, മലബന്ധം ഒഴിവാക്കുക, പ്രസവത്തിനു മുമ്പുള്ള പരിചരണത്തിനിടയിൽ പെൽവിക് ആരോഗ്യത്തെക്കുറിച്ച് വിദ്യാഭ്യാസം നേടുക എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രതിരോധ നടപടികളും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രസവാനന്തര മൂത്രശങ്ക പലപ്പോഴും പൂർണ്ണമായും ചികിത്സിച്ചു മാറ്റാൻ സാധിക്കും എന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. പെൽവിക് ഫ്ലോർ ഫിസിയോതെറാപ്പി ഈ പ്രശ്നത്തിനുള്ള ഏറ്റവും ഫലപ്രദമായ ആദ്യഘട്ട ചികിത്സകളിലൊന്നാണ്. ഇത്തരം ചികിത്സകൾ ചെയ്തിട്ടും ലക്ഷണങ്ങൾ തുടരുന്ന സ്ത്രീകൾക്ക് മറ്റ് ചികിത്സാ സാധ്യതകൾ പരിശോധിക്കുന്നതിനായി ഒരു യൂറോളജിസ്റ്റിന്റെയോ യൂറോഗൈനക്കോളജിസ്റ്റിന്റെയോ സഹായം തേടാവുന്നതാണ്.

പ്രസവാനന്തര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുക, തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കുക, നേരത്തെയുള്ള ഇടപെടലുകൾ ഉറപ്പാക്കുക എന്നിവ പ്രസവശേഷം സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ ആരോഗ്യം വീണ്ടെടുക്കാൻ അത്യാവശ്യമാണ്. ഉചിതമായ പെൽവിക് ഫ്ലോർ പരിചരണം, പുനരധിവാസം, വൈദ്യസഹായം എന്നിവയിലൂടെ ഭൂരിഭാഗം സ്ത്രീകൾക്കും ആരോഗ്യം വീണ്ടെടുത്ത് ദൈനംദിന ജീവിതം പഴയതുപോലെ ആക്കാന്‍ സാധിക്കും.

Understanding Postpartum Incontinence:

Postpartum incontinence is a common health issue affecting new mothers, characterized by accidental urine leakage after childbirth. Despite its prevalence, many women hesitate to seek medical help due to embarrassment and misconceptions, leading to significant impacts on their confidence and daily life