ബറേലിയിൽ നേരത്തെ പിടിച്ചെടുത്ത വ്യാജ കോംബാറ്റ് തുണിയെക്കുറിച്ചുള്ള അന്വേഷണമാണ് ശ്രീഗംഗാനഗറിലേക്കും സമീപ വിപണികളിലേക്കും എത്തിയത്.
രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ വ്യാജ സൈനിക കോംബാറ്റ് യൂണിഫോം തുണി (യുദ്ധമുൾപ്പെടെ സേനാ ദൗത്യങ്ങളിൽ ധരിക്കുന്ന യൂണിഫോം) വിൽക്കുന്ന ശൃംഖല സൈന്യവും രാജസ്ഥാൻ പൊലീസും ചേർന്ന് നശിപ്പിച്ചു. സംയുക്ത പരിശോധനയിൽ വിവിധ കടകളിൽനിന്ന് പുതിയ മാതൃകയിലുള്ള സൈനിക കോംബാറ്റ് തുണിയുടെ അനധികൃത ശേഖരം പിടിച്ചെടുത്തു.
ഏകദേശം 1,000 മീറ്റർ തുണിയാണ് കണ്ടെത്തിയത്. ബറേലിയിൽ നേരത്തെ പിടിച്ചെടുത്ത വ്യാജ കോംബാറ്റ് തുണിയെക്കുറിച്ചുള്ള അന്വേഷണമാണ് ശ്രീഗംഗാനഗറിലേക്കും സമീപ വിപണികളിലേക്കും എത്തിയത്. മിലിറ്ററി ഇന്റലിജൻസ് വിഭാഗവും പൊലീസും ചേർന്ന് പരിശോധന നടത്തി. സൈനിക മാതൃകയിലുള്ള കോംബാറ്റ് തുണിയുടെ അനധികൃത കൈവശവും വിൽപ്പനയും ഗുരുതര സുരക്ഷാ ഭീഷണിയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇത്തരം തുണികൾ ഉപയോഗിച്ച് സായുധ സേനാംഗങ്ങളായി ആൾമാറാട്ടം നടത്താൻ സാധ്യതയുള്ളതിനാൽ ശക്തമായ നിരീക്ഷണവും നടപടികളും തുടരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ENGLISH SUMMARY:
The Indian Army, Military Intelligence, and Rajasthan Police conducted a joint operation in Sri Ganganagar and seized around 1,000 metres of fake military combat uniform fabric from several shops. The raid followed an investigation into counterfeit combat fabric previously recovered in Bareilly. Officials warned that the illegal sale of military-pattern fabric poses a significant security risk as it could be used to impersonate armed forces personnel. Authorities have vowed to intensify monitoring and continue legal action against those involved.