freemon-muthalapozhi-death
  • ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത

തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഇന്നലെ കാണാതായ മല്‍സ്യത്തൊഴിലാളികളിലൊരാളുടെ മൃതദേഹം കണ്ടെത്തി. ഫ്രീമാന്‍ എന്നയാളുടെ മൃതദേഹമാണ് കണ്ണാന്തുറയില്‍ നിന്നും കണ്ടെത്തിയത്. ഒരാളെ കൂടി കണ്ടെത്താനുണ്ട്. കനത്തകാറ്റിലും മഴയിലും പെട്ട് ഇന്നലെയാണ് വള്ളം മറിഞ്ഞത്. അതേസമയം, ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. Also Read: പെരുമഴയില്‍ കേരളം; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറം വേങ്ങരയില്‍ പുലര്‍ച്ചെയുണ്ടായ കനത്തമഴയില്‍ വീട് തകര്‍ന്നെങ്കിലും ആറംഗ കുടുംബം അദ്ഭുതകരമായി രക്ഷപെട്ടു. ഓട്ടോ ഡ്രൈവർ വേങ്ങര പെരണ്ടക്കൽ സ്വദേശി സമീറിന്റെ വീടാണ് പൂർണമായും തകർന്നത്. കോഴിക്കോട് ജില്ലയിലെ പുനൂര്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്. കൊടുവള്ളിക്ക് സമീപം കിഴക്കോത്ത് കച്ചേരി മുക്കിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. 

പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് മദ്രസകൾ, ട്യൂഷൻ സെന്‍ററുകള്‍, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷല്‍ ക്ലാസ്സുകൾ തുടങ്ങി ഞായറാഴ്ചകളിൽ  പ്രവർത്തിച്ചു വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. അട്ടപ്പാടിയിൽ വനം വകുപ്പ് റെയിഞ്ച് ഓഫിസിലെ ജീപ്പ് ഷെഡിലേക്ക് കൂറ്റൻ മരം കടപുഴകി വീണ് ജീപ്പും ഷെഡും തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. കാസര്‍കോട് നീലേശ്വരത്ത് തേജസ്വിനി പുഴ കരകവിഞ്ഞു. നൂറോളം വീടുകളിൽ വെള്ളം കയറി. ആളുകളെ ക്യാംപുകളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

ENGLISH SUMMARY:

The body of a missing fisherman, Freeman, was recovered from Kannanthura following a boat capsizing incident driven by heavy winds and rain in Mudalapozhi, Thiruvananthapuram, while search operations continue for another missing person. Concurrently, severe weather and rising river levels have prompted heavy downpours, structural damage, and educational institution holidays across multiple Kerala districts, including Palakkad, Malappuram, and Kasaragod.