ബസ് യാത്രയുടെ വിരസത ഒഴിവാക്കാന്‍ റീല്‍സ് കാണുന്നവരാണ് മിക്ക ആളുകളും... പക്ഷേ, പലപ്പോഴും പൊതുഗതാഗത സംവിധാനങ്ങളില്‍ നേരിടുന്ന ഒരു പ്രതിസന്ധിയുണ്ട്, മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ റീലോ, പാട്ടുകളോ കാണുന്ന സഹയാത്രികര്‍. അങ്ങനെയുള്ളവര്‍, തമിഴ്നാട് സർക്കാർ ബസുകളിൽ യാത്ര ചെയ്യുമ്പോള്‍ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ 1,000 രൂപ വരെ പിഴയായി അടയ്ക്കേണ്ടിവരും.
സർക്കാർ ബസുകളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരിക്കുകയാണ് തമിഴ്നാട്. യാത്രകള്‍ കൂടുതൽ സമാധാനപരവും സുഖകരവുമാക്കുന്നതിനായാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ഇടപെടല്‍. ബസ് യാത്ര നടത്തുമ്പോൾ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഉച്ചത്തിൽ റീൽസ് അടക്കമുള്ള വീഡിയോ ഫോണിൽ പ്ലേ ചെയ്യുന്നതും, പാട്ടുകേൾക്കുന്നതും കോൾ ചെയ്യുന്നതിനും പിഴ ഈടാക്കാനാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം.
നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 മുതൽ 1,000 രൂപ വരെ പിഴ ഈടാക്കണമെന്നാണ് തമിഴ്നാട്ടിലെ ഗതാഗത കോർപ്പറേഷനുകളോട് സർക്കാർ നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 20,000 സർക്കാർ ബസുകളിലും യാത്രക്കാരുടെ പെരുമാറ്റ നിയമങ്ങൾ നടപ്പിലാക്കാനാണ് ഉത്തരവ്. ഇതിന്‍റെ ഭാഗമായി ഓരോ ബസിലും മുൻവാതിലിനടുത്തും നടുഭാഗത്തും പിൻവാതിലിനടുത്തും നിയമങ്ങൾ കാണിച്ചുകൊണ്ടുള്ള നോട്ടീസുകൾ പതിപ്പിക്കും. സ്പീക്കർ മോഡ് ഒഴിവാക്കി വയർഡ് അല്ലെങ്കിൽ ബ്ലൂടൂത്ത് ഇയർഫോണുകൾ ഉപയോഗിക്കാൻ യാത്രക്കാരോട് ആവശ്യപ്പെടുന്ന മുന്നറിയിപ്പാകും നോട്ടിസുകളിൽ ഉണ്ടാവുക. സ്പീക്കർ മോഡ് ഒഴിവാക്കുക, ഇയർഫോൺ/ഹെഡ്‌ഫോൺ ഉപയോഗിക്കുക, സഹയാത്രികരെ ബഹുമാനിക്കുക, ശബ്ദകോലാഹലമില്ലാത്ത യാത്ര, ശാന്തമായ യാത്ര സുരക്ഷയുമായി ബന്ധപ്പെട്ടതാണ് തുടങ്ങിയ സന്ദേശങ്ങളും നോട്ടിസിലുണ്ടാകും. ബസിനുള്ളിലെ ഇത്തരം പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനും മാർഗനിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കാനും യാത്രക്കാർക്കിടയിൽ ബോധവൽക്കരണം നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
എം.ടി.സി, എസ്.ഇ.ടി.സി ഉൾപ്പെടെയുള്ള എല്ലാ തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകളിലും ഈ മാർഗനിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കാനാണ് നിര്‍ദേശം. യാത്രക്കാരെ ശല്യപ്പെടുത്തുന്നവരോട് ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും ട്രാൻസ്പോർട്ട് സൂപ്പർവൈസർമാർക്കും ഇടപെടാമെന്നും ഗതാഗത സെക്രട്ടറി നിർദേശം നൽകി. മോട്ടർ വെഹിക്കിൾ റെഗുലേഷൻസ് ആക്‌ട് പ്രകാരം ബസിനുള്ളിൽ ഉച്ചത്തിൽ പാട്ട് വയ്ക്കുന്നത് തടയാൻ ഡ്രൈവർമാർക്ക് ബാധ്യതയുണ്ടെന്നും സർക്കുലറിൽ പറയുന്നുണ്ട്. തമിഴ്നാട് മോട്ടർ വെഹിക്കിൾ റൂൾ പ്രകാരം സഹയാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കുന്ന പെരുമാറ്റം പോലും തെറ്റായി കണക്കാക്കുന്നുണ്ട്.
സർക്കാരിന്‍റെ പുതിയ ഇടപെടല്‍ തമിഴ്നാട്ടിലെ യാത്രികരും രണ്ട് കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. നേരത്തെ ട്രെയിനുകളിലും സ്റ്റേഷനുകളിലും ഇത്തരം യാത്ര ശല്യങ്ങൾക്ക് 2,500 വരെ ചെന്നൈ മെട്രോ റെയിൽ പിഴ ഈടാക്കാൻ ഉത്തരവിറക്കിയിരുന്നു. ഇതേ പാത പിന്തുടര്‍ന്നാണ് സര്‍ക്കാര്‍ ബസുകളിലും സർകാരിന്‍റെ പുതിയ നീക്കം.