AI Generated Image
ഛത്തീസ്ഗഡില്‍ സുഹൃത്തിന്‍റെ കുത്തേറ്റ് 19കാരി മരിച്ചു. മരിക്കുന്നതിനു മുന്‍പ് യുവതി പ്രതിയുടെ പേര് മൊബൈലില്‍ ടൈപ് ചെയ്തത് അന്വേഷണത്തില്‍ നിര്‍ണായകമായി.
തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടി. സൂരജ്പൂർ സ്വദേശിനിയായ രാധിക രാജ്‌വാഡേ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. രാധികയുടെ സുഹൃത്ത് റിതേഷ് രാജ്‌വാഡേ(23)യുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സൂരജ്പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെഹ്റു പാര്‍ക്കിലാണ് കൊല നടന്നത്. ആറു വര്‍ഷമായി രാധികയും റിതേഷും പ്രണയത്തിലായിരുന്നു. എന്നാല്‍ രാധികയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു റിതേഷ്. ഇതുമായി ബന്ധപ്പെട്ട് പലതവണ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മറ്റൊരാളുമായി സംസാരിക്കുന്നതു കണ്ടതാണ് പാര്‍ക്കില്‍വച്ച് പ്രശ്നമുണ്ടാവാന്‍ കാരണം. തർക്കത്തിനൊടുവിൽ പ്രകോപിതനായ റിതേഷ്, കൈയിൽ കരുതിയ കത്തിയെടുത്ത് രാധികയുടെ കഴുത്തിൽ പലതവണ കുത്തി പരിക്കേൽപ്പിച്ചു. ആക്രമണത്തിന് ശേഷം രാധിക മരിച്ചെന്ന് കരുതി റിതേഷ് കത്തി വലിച്ചൂരി ബൈക്കിൽ കടന്നുകളഞ്ഞതായും സൂരജ്പുര്‍ സൂപ്രണ്ട് ഓഫ് പൊലീസ് യോഗേഷ് പട്ടേല്‍ പറഞ്ഞു. തുടര്‍ന്ന് രക്തത്തില്‍ കുളിച്ച അവസ്ഥയില്‍ രാധിക പാര്‍ക്കില്‍ നിന്നും സഹായം ചോദിച്ച് പുറത്തേക്ക് ഓടി.
പരിസരത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനേറ്റ ഗുരുതരമായ പരുക്ക മുലം രാധികയ്ക്ക് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പൊലീസിനോട് ആംഗ്യഭാഷയിലൂടെ രാധിക മൊബൈല്‍ ആവശ്യപ്പെടുകയും തന്നെ ആക്രമിച്ച കാമുകന്റെ പേര് ഫോണില്‍ ടൈപ് ചെയ്തുകൊടുക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അംബികാപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി പെൺകുട്ടി മരണത്തിന് കീഴടങ്ങി.
രാധിക ടൈപ് ചെയ്തു നല്‍കിയ പേര് അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പാര്‍ക്കിലേയും സമീപപ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പെടെ പരിശോധിച്ചു. രാധികയുടെ ഫോൺ രേഖകളും പരിശോധിച്ചുവരികയാണ്. വനപ്രദേശത്തു ഒളിച്ചുകഴിയുന്നതിനിടെയാണ് റിതേഷ് രാജ്‌വാഡെയെ പൊലീസ് മണിക്കൂറുകൾക്കകം വളഞ്ഞു പിടി കൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.