chennai-viewcutterhd

TOPICS COVERED

  • സാധാരണയായി തുരുമ്പെടുത്തും മുന്നിൽ മാലിന്യങ്ങൾ കുന്നുകൂടിയും കാണപ്പെടുന്ന ട്രാൻസ്ഫോമറുകൾക്ക് ചുറ്റുമുള്ള വ്യൂക്കട്ടറുകളിലാണ് കണ്ണിന് കുളിർമയേകുന്ന വർണചിത്രങ്ങൾ ഇടംപിടിച്ചിരിക്കുന്നത്

ഏതൊരു നഗരത്തിന്‍റെയും  ഇരുണ്ട ഇടങ്ങളാണ് നിരത്തുകളിലെ ട്രാന്‍സ്ഫോമര്‍ യൂണിറ്റുകള്‍. ദേശത്തിന് വൈദ്യുതിവാഹകരായി മാറുമ്പോള്‍ തന്നെയും അപകടഭീഷണി ഉയർത്തി, തുരുമ്പെടുത്ത ഇരുമ്പ് വേലികളും മുന്നില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യവും നഗരങ്ങളുടെ ശോഭകെടുത്തുന്ന ഡാര്‍ക് കോര്‍ണറായി മാറും. എന്നാല്‍, ചെന്നൈ കോര്‍പറേഷന്‍ ഇരുമ്പ് ട്രാൻസ്ഫോമറുകളെ ചെന്നൈ നഗരത്തിന്റെ മനോഹര കാഴ്ചകളാക്കി മാറ്റിയിരിക്കുകയാണിപ്പോള്‍. സാധാരണയായി തുരുമ്പെടുത്തും മുന്നിൽ മാലിന്യങ്ങൾ കുന്നുകൂടിയും കാണപ്പെടുന്ന ട്രാൻസ്ഫോമറുകൾക്ക് ചുറ്റുമുള്ള വ്യൂക്കട്ടറുകളിലാണ് കണ്ണിന് കുളിർമയേകുന്ന വർണചിത്രങ്ങൾ ഇടംപിടിച്ചിരിക്കുന്നത്.

നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് കേര്‍പറേഷന്‍ വ്യൂക്കട്ടര്‍ സംരക്ഷണം പദ്ധതി ആരംഭിച്ചത്.  ട്രാന്‍സ്ഫോമറുകളുടെ സംരക്ഷണത്തിന് തീര്‍ത്ത വേലിയാണ് ചെന്നൈയിലെത്തുന്ന യാത്രികർക്ക് വേറിട്ടൊരു അനുഭവമായി മാറുന്നത്. ദ്രാവിഡ ദേശത്തിന്‍റെ കലയും സംസ്‌കാരവും തെരുവ് ഭിത്തികളില്‍ നിറയുന്നതോടെ ചെന്നൈ നഗരത്തിന്റെ സൗന്ദര്യവിപ്ലവത്തിന്‍റെ ഭാഗമായി മാറുകയാണ് വ്യൂക്കട്ടറുകള്‍. പൂക്കളും പൂമ്പാറ്റകളും മുതൽ തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകവും ചരിത്രപുരുഷന്മാരും വരെ സംരക്ഷണ മതിലില്‍ തെളിയുന്നുണ്ട്. തിരുവള്ളുവർ, ഡോ. ബി.ആർ. അംബേദ്കർ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളും തമിഴ്‌നാട്ടിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുടെ വർണരൂപങ്ങളും ഇതിൽ ഉൾപ്പെടുന്നു. 

തമിഴ്നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ് (TNPDCL) ആണ് തെരുവോരങ്ങളിൽ അപകടഭീഷണിയുയർത്തി നിൽക്കുന്ന ഇരുമ്പ് ട്രാൻസ്ഫോമറുകളെ ചെന്നൈ നഗരത്തിന്റെ മനോഹരമായ കാഴ്ചകളാക്കി മാറ്റിയത്. ഉയര്‍ന്ന വോള്‍ട്ടേജ് ഉപകരണങ്ങളുമായി പൊതുജനങ്ങള്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നത് തടയുക, ട്രാൻസ്ഫോമറുകള്‍ക്കു കീഴിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കുക, മറ്റ് അപകടങ്ങള്‍ ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിനായി ദ്രാവിഡ ദേശത്തിന്‍റെയും പഴമയും കലയും സംസ്‌കാരവും തെരുവുകളിലേക്ക് പകര്‍ത്തുകയായിരുന്നു.  ചെന്നൈയിലെ 15 സോണുകളിലായി 3,500 കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽ ട്രാൻസ്ഫോമർ വ്യൂക്കട്ടറുകൾ മനോഹരമാക്കിയിട്ടുള്ളത്.

പക്ഷേ, നഗരത്തിലെ ചില പ്രദേശങ്ങളില്‍ വ്യൂകട്ടറുകളില്‍ പോസ്റ്റര്‍ പതിക്കുന്നത് പദ്ധതിയുടെ ശോഭ കെടുത്തുന്നുണ്ട്. ഇതു തടയാന്‍ ട്രാൻസ്‌ഫോമറുകളെ മൂടുന്ന വ്യൂ കട്ടറുകളിൽ സ്പൈക്കുകൾ വെല്‍ഡെ ചെയ്തു സ്ഥാപിച്ചാണ് കോര്‍പറേഷന്‍ പരിഹാരം കണ്ടെത്തിയത്. പുറത്തേക്ക് തള്ളി നില്‍ക്കുന്ന മൂര്‍ച്ചയുള്ള സ്പൈക്കുകളുടെ ഭാഗങ്ങള്‍ നടപ്പാതകളില്‍ സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാര്‍ക്കും കുട്ടികള്‍ക്കും ശാരീരിക അപകടങ്ങളുണ്ടാക്കുന്നതായി പരാതി ഉയരുന്നുണ്ട്.  എങ്കിലും, സംരക്ഷണവേലി എന്നതിനപ്പുറം നഗരത്തിന് പുതിയൊരു ദൃശ്യചാരുത നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും സഞ്ചാരികളിൽ നിന്നും ലഭിക്കുന്നത്.

ENGLISH SUMMARY:

Chennai's urban transformation sees transformer units, once unsightly dark spots, now beautified with vibrant murals showcasing Dravidian art and culture. This initiative by the Chennai Corporation, in collaboration with TNPDCL, aims to enhance public safety and urban aesthetics across 3,500 locations in the city.