traffic-inspector-manimaran

ചെന്നൈയിൽ നടുറോഡിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ  ട്രാഫിക് ഇൻസ്പെക്ടർ അറസ്റ്റിൽ. വേളാച്ചേരിയിൽ ഭർത്താവിനൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ച റാണിപേട്ട് ജില്ലാ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് വിങ് ഇൻസ്പെക്ടർ മണിമാരനാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഞായറാഴ്ച രാത്രി വേളാച്ചേരി ഒരണ്ടിയമ്മൻ കോവിൽ തെരുവിൽ വെച്ചാണ് സംഭവം. ഭർത്താവിനൊപ്പം നടന്നുപോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ രണ്ടുപേരാണ് ഉപദ്രവിച്ചത്. ബൈക്കിന്‍റെ പിന്നിലിരുന്നയാൾ യുവതിയെ കയറിപ്പിടിക്കുകയും ശേഷം രക്ഷപ്പെടാൻ നോക്കി. എന്നാല്‍ യുവതിയുടെ നിലവിളി കേട്ട് ഭർത്താവും നാട്ടുകാരും ചേർന്ന് ബൈക്ക് യാത്രക്കാരെ തടഞ്ഞുനിർത്തുകയായിരുന്നു.

എന്നാല്‍ ഈ സമയം താൻ പൊലീസ് ഇൻസ്പെക്ടറാണെന്ന് പറഞ്ഞ് പ്രതികൾ നാട്ടുകാരുമായി തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് വേളാച്ചേരി പൊലീസ് ബൈക്കിന്‍റെ രജിസ്ട്രേഷൻ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റാണിപേട്ടിലെ ട്രാഫിക് ഇൻസ്പെക്ടറായ മണിമാരനാണ് പ്രതിയെന്ന് വ്യക്തമായത്. സംഭവ സമയം പ്രതി മദ്യപിച്ചിരുന്നെന്നും ബൈക്കില്‍ കൂടെയുണ്ടായിരുന്നത് സഹോദരനാണെന്നും പൊലീസ് പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം, ചെന്നൈ പുഴലിന് സമീപം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച സംഭവത്തിൽ ചിന്ന മാത്തൂർ സ്വദേശി വിഘ്നേഷ് (34) എന്നയാളും അറസ്റ്റിലായിട്ടുണ്ട്. പൂനമല്ലിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന 32 കാരിയായ യുവതിയെ പിന്തുടർന്ന് അസഭ്യം പറയുകയും ഒപ്പം വരാൻ ആവശ്യപ്പെടുകയുമായിരുന്നു.

തുടർന്ന് യുവതി വഴിയിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസിനെ വിവരം അറിയിക്കുകയും, ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രതിയെ പിടികൂടി പുഴൽ പൊലീസിന് കൈമാറുകയും ചെയ്തു. പ്രതിയുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

A traffic inspector named Manimaran, attached to the Ranipet district traffic enforcement wing, was arrested in Chennai for attempting to grope a woman walking with her husband in Velachery on Sunday night. While the woman and her husband were walking along Oorandiamman Koil Street, two men on a bike harassed her, with the pillion rider trying to grab her. Although the couple's cries prompted locals and the husband to intercept the bike, the accused argued with the public by claiming to be police officers before escaping. Velachery police traced the vehicle's registration number to identify Manimaran, noting that he was drunk at the time of the incident and accompanied by his brother, and subsequently arrested and remanded him. In a separate incident near Puzhal in Chennai, a 34-year-old man named Vignesh from Chinna Mathur was also arrested for making obscene gestures, hurling abuse, and propositioning a 32-year-old woman riding a two-wheeler, after she alerted patrolling officers who handed him over to Puzhal police and impounded his vehicle for judicial custody.