Image: @indiatoday
ഡോക്ടര്‍മാരോ നഴ്സുമാരോ സമയത്ത് ചികിത്സ നല്‍കാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണി ആശുപത്രി വാര്‍ഡില്‍ നിന്ന നില്‍പ്പില്‍ പ്രസവിച്ചു. തെലങ്കാനയിലെ എംസിഎച്ച് ആശുപത്രിയിലാണ് സംഭവം. ആദ്യപ്രസവത്തിനെത്തിയ ഭവാനിയെന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
കടുത്ത വേദനയുണ്ടെന്ന് പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഭവാനിയെ ഒന്നു പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാരോ നഴ്സുമാരോ തയാറായില്ലെന്ന് കുടുംബാംഗങ്ങളും ദൃക്സാക്ഷികളും പറയുന്നു. ആശുപത്രിയിലെത്തിയതു മുതല്‍ ഭവാനി വാര്‍ഡില്‍ നില്‍ക്കുകയായിരുന്നു. ഒട്ടും പറ്റാതായപ്പോള്‍ വാര്‍ഡിലുള്ള ഒരു കിടക്കയോട് ചേര്‍ന്നു ചാരിനിന്ന ഭവാനി ഉടന്‍ തന്നെ പ്രസവിക്കുകയായിരുന്നു. തറയില്‍ വീണ കുഞ്ഞിന്‍റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
പ്രസവം നടന്ന് പിന്നേയും മിനിറ്റുകള്‍ കഴിഞ്ഞാണ് ജീവനക്കാരെത്തി ഭവാനിയേയും കുഞ്ഞിനേയും പരിചരിച്ചതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. അതേസമയം തന്നെ ഭവാനിക്ക് അമിതരക്തസ്രാവം ഉണ്ടായതായും കുടുംബാംഗങ്ങള്‍ സ്ഥിരീകരിക്കുന്നു. വാര്‍ഡിലുണ്ടായിരുന്ന മറ്റു രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാര്‍ക്കെതിരെ രംഗത്തുവന്നു.
പിന്നീട് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ആശുപത്രി ജീവനക്കാരുമായും യുവതിയുടെ കുടുംബാംഗങ്ങളുമായും പൊലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു. എന്നാല്‍ തങ്ങളുടെ ഭാഗത്തുനിന്നും അനാസ്ഥ സംഭവിച്ചിട്ടില്ലെന്നും വേദനയുള്ള കാര്യം അറിഞ്ഞില്ലെന്നുമാണ് ജീവനക്കാര്‍ മൊഴി നല്‍കിയത്. കഠിനമായ വേദനയുള്ള കാര്യം അറിഞ്ഞിരുന്നെങ്കില്‍ ഉടനടി പ്രസവത്തിനായി മാറ്റുമായിരുന്നെന്നും ജീവനക്കാര്‍ പറയുന്നു.
യുവതിയേയും കുഞ്ഞിനേയും പരിചരിച്ചു വരികയാണെന്നും കുഞ്ഞിന്റെ ആരോഗ്യാവസ്ഥ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. ആശുപത്രിയുടെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായോ എന്ന കാര്യമുള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്