Image: X, @ndtv
ഭാര്യയെ കാമുകിയുടെ വീട്ടിലെത്തിച്ച് വെടിവച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. വിവാഹം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷമാണ് 25കാരനായ യുവാവ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയത്.
കൃത്യമായി ആസൂത്രണം ചെയ്ത് കാമുകിയുടെ വീട്ടിലെത്തിച്ചായിരുന്നു കൊലപാതകം. കാമുകിയുമായുള്ള മൂന്നുവര്‍ഷം നീണ്ട പ്രണയബന്ധം തുടരാനായാണ് ഇയാള്‍ ഭാര്യയെ ഇല്ലാതാക്കിയത്. മേയ് 22ന് മനേസര്‍ പൊലീസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്നു കാട്ടി യുവതിയുടെ അമ്മ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
തന്‍റെ 22കാരിയായ മകളും മനേസര്‍ സ്വദേശിയായ അങ്കിതും തമ്മില്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ വിവാഹിതരായെന്നും മേയ് 21ന് അവളെ കാണാതായെന്നും അമ്മ പരാതിയില്‍ പറയുന്നു. താനും കുടുംബവും മകള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഭര്‍തൃവീട്ടുകാര്‍ പരസ്പര ബന്ധമില്ലാത്ത മറുപടികളാണ് നല്‍കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മകളെ കാണാതായതില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് താന്‍ സംശയിക്കുന്നതായും അമ്മ പൊലീസിനു മൊഴി നല്‍കി. അമ്മയുടെ പരാതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് നടത്തിയ അന്വേഷത്തിലാണ് മേയ് 22ന് യുവതിയുടെ മൃതദേഹം മനേസറിലെ വാടകക്കെട്ടിടത്തില്‍ നിന്നും കണ്ടെടുത്തത്. വെടിയേറ്റ് മരിച്ചതാണെന്നും പൊലീസിനു ബോധ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് 25കാരനായ അങ്കിതിനേയും ജാജര്‍ സ്വദേശിയായ 38കാരി രജ്നി ദേവിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മനേസറില്‍ കട നടത്തുന്ന അങ്കിതും സമീപത്തെ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന രജിനിയും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഉത്തര്‍പ്രദേശില്‍ നിന്നാണ് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം വാങ്ങിയതെന്നും പൊലീസ് കണ്ടെത്തി. കൊലയ്ക്കു ശേഷം ഇരുവരും ആദ്യം ഹരിദ്വാറിലേക്കും പിന്നാലെ നേപ്പാളിലേക്കും രക്ഷപ്പെടുകയായിരുന്നു. ജൂണ്‍ 30 വരെ പലയിടങ്ങളില്‍ ചുറ്റിക്കറങ്ങിയ ശേഷം ഇരുവരും ഇന്ത്യയിലെത്തിയതോടെ മനേസര്‍ ക്രൈംബ്രാഞ്ച് ടീം അറസ്റ്റ് ചെയ്യുകയായിരുന്നു.