പ്രണയിനിയെ കാണാൻ നിയന്ത്രണരേഖ മറികടന്ന് കശ്മീരിലെത്തിയ പാക്ക് അധീന കശ്മീരിലെ യുവാവിനെ പാക്കിസ്ഥാന് കൈമാറി. സീഷാൻ മിറെന്ന 22കാരനെയാണ് നടപടികൾ പൂർത്തിയാക്കി പാക്ക് അധികൃതര്‍ക്ക് കൈമാറിയത്. സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട ഉറിയിലെ ഇറം മജീദിനെ കാണാനായിരുന്നു സീഷാന്‍റെ അപകടകരമായ യാത്രയെന്ന് അന്വേഷണത്തിൽ വ്യക്തമായി. രാജ്യത്തേക്ക് അനധികൃതമായി കടന്നുകയറിയതിന്, അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് കേസ് അവസാനിപ്പിക്കുകയും യുവാവിനെ വെറുതെ വിടുകയും ചെയ്തു. തുടർന്ന് ആവശ്യമായ നടപടികൾ പൂർത്തിയാക്കി ബാരാമുള്ള ജില്ലയിലെ കമാൻ ക്രോസിങ്ങിലൂടെ യുവാവിനെ പാക്കിസ്ഥാന് കൈമാറി. അതിർത്തി കടന്നത് ഭീകരലക്ഷ്യത്തോടെയല്ലെന്നും പ്രണയിനിയെ കാണാനാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. 

മേയ് 31നാണ് ഉറി മേഖലയിലൂടെ അതിർത്തി കടന്നെത്തിയ സീഷാനെ സൈന്യം പിടികൂടിയത്. സാധാരണ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയെത്തുന്ന ഭീകരരെ വധിക്കുന്ന ഒരു ടെറര്‍ ഹോട്സ്പോട്ട് കൂടിയാണ് ഉറി. ഇതേ ഉറിയിലൂടെതന്നെയാണ് പാക് അധീന കശ്മീരില്‍നിന്ന് സീഷാന്‍ ഇന്ത്യക്കാരിയായ ഇറം മജീദിനെ കാണാനെത്തിയത്. പാക് അധീന കശ്മീരിലെ മുസാഫറാബാദ് സ്വദേശിയാണ് സീഷാൻ മിര്‍. നേരത്തെയും അതിര്‍ത്തി കടന്നുള്ള പ്രണയവും പ്രണയിക്കുന്ന ആളുകളെ കാണാന്‍ അതിര്‍ത്തി കടന്ന് വരുന്നതും പോകുന്നതുമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

മാനുഷിക പരിഗണനയോടെയാണ് പാക് അധീന കശ്മീരില്‍നിന്നുള്ള സീഷാൻ അഹമ്മദ് മിറിനെ പരിചരിച്ചതെന്ന് ഇന്ത്യന്‍ സൈന്യത്തിന്‍റെ ചിനാര്‍ കോര്‍പ്സ് അറിയിച്ചു. ജൂലൈ നാലിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:24നാണ് ഉറിയിലെ കമാൻ അമൻ സേതുവിൽ ഇന്ത്യൻ സൈന്യം സീഷാൻ മിറിനെ പാക് സൈനിക ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഇന്ത്യയിൽ കഴിഞ്ഞിരുന്ന കാലയളവിൽ ആവശ്യമായ പരിചരണം നൽകിയതായി സൈന്യം വ്യക്തമാക്കി. 

 

മനുഷ്യാവകാശ മൂല്യങ്ങളോടും സൈനിക പ്രഫഷണലിസത്തോടുമുള്ള ഇന്ത്യൻ സൈന്യത്തിന്‍റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. നിയന്ത്രണരേഖയിലൂടെ അബദ്ധത്തിലോ അനധികൃതമായോ കടന്നെത്തുന്ന വ്യക്തികളുടെ കാര്യത്തിൽ നിലവിലുള്ള നടപടിക്രമങ്ങളും മാനുഷിക മാനദണ്ഡങ്ങളും പാലിച്ചാണ് തിരിച്ചയക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

ENGLISH SUMMARY:

Pok youth who crossed the Line of Control into Kashmir to meet his girlfriend was handed over to Pakistani authorities. The 22-year-old, Sehzad Mir, met Irrum Majeed from Uri through Snapchat, leading to his dangerous journey.