Ai Generated Images
പാക്കിസ്ഥാനില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് വ്യാപക മറുപിളളക്കടത്തെന്ന് (Placenta) റിപ്പോര്‍ട്ട്. സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കാനും വാര്‍ധക്യത്തെ ചെറുക്കുന്ന മരുന്നുകള്‍ നിര്‍മിക്കാനുമാണ് ഇത്തരത്തില്‍ മറുപിളള ശേഖരിച്ച് വിദേശത്തേക്ക് കടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇതിന് പിന്നില്‍ വലിയ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാക്കിസ്ഥാനിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അറിയിച്ചു.
കഴിഞ്ഞ ആഴ്ച ഇസ്ലാമാബാദില് നടന്ന റെയ്ഡിൽ, ഒരു അനധികൃത പ്രോസസിങ് കേന്ദ്രത്തിൽ നിന്ന് 500 കിലോ വരുന്ന മനുഷ്യമറുപിളളകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ബുധനാഴ്ച ഇസ്ലാമാബാദ് വിമാനത്താവളത്തിൽ വെച്ച് വിയറ്റ്നാമിലേക്ക് കടത്താൻ ശ്രമിച്ച 100 കിലോഗ്രാം മനുഷ്യ മറുപിള്ളയുടെ ശേഖരവും എഫ്ഐഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.
കൃത്യമായ പ്രൊസസിങ്ങിന് ശേഷം ഉണക്കിപ്പൊടിച്ച നിലയിലാണ് മറുപിളളകള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നത്. ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയും ആശുപത്രികളിൽ നിന്ന് ഒന്നിന് ഏകദേശം 800 രൂപ രൂപ നിരക്കിലാണ് പ്രതികള്‍ മറുപിളളകള്‍ വാങ്ങിയിരുന്നതെന്ന് പാകിസ്ഥാന്‍ ഹ്യൂമൻ ഓർഗൻ ട്രാൻസ്പ്ലാന്റ് അതോറിറ്റിയിലെ ഉദ്യോഗസ്ഥയായ ഹിന കൻവാൽ പറഞ്ഞു. ഇവ വിദേശത്തേക്ക് കയറ്റി അയച്ച് ആന്റി-ഏജിംങ് ഇഞ്ചക്ഷനുകൾ നിർമ്മിക്കാനായിരുന്നു പദ്ധതി. ഇത്തരം ഒരു ഇഞ്ചക്ഷന് വിപണിയിൽ ഏകദേശം 7,00,000 രൂപ (ഏകദേശം 2,530 ഡോളർ) വിലവരുമെന്ന് എഫ്ഐഎ വ്യക്തമാക്കുന്നു.
ഈ മാഫിയ സംഘത്തിന്‍റെ പ്രവര്‍ത്തനം പാക്കിസ്ഥാനിലെ ലാഹോർ, പെഷാവര്‍, റാവൽപിണ്ടി അടക്കമുളള വിവിധയിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നാണ് എഫ്ഐഎ കരുതുന്നത്. ആശുപത്രികള്‍ക്ക് പുറമെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ, വേസ്റ്റ് മാനേജ്മെന്റ് കമ്പനികൾ എന്നിവര്‍ക്കടക്കം ഈ കൃത്യത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും എഫ്ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.