Image Credit : Twitter

കുടുംബപ്രശ്നം മൂലം പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യാ സഹോദരന്‍. പ‍ഞ്ചാബിലെ തണ്‍ തരണ്‍ ജില്ലയിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ലവ്പ്രീത് സിങ് എന്ന യുവാവാണ് ഭാര്യ സഹോദരന്‍ സജന്‍ സിങ്ങിന്‍റെ കൈകളാല്‍ കൊല്ലപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

ജൂൺ 13-നാണ് ഈ ദാരുണ സംഭവം നടന്നത്. സന്ദീപ് കൗര്‍ എന്ന യുവതിയെ 9 മാസങ്ങള്‍ക്ക് മുന്‍പാണ് അമൃത്സർ ജില്ലയിലെ ലോപോക്കെ ഗ്രാമവാസിയായ ലവ്പ്രീത് വിവാഹം ചെയ്തത്.  ഇരുവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത രൂക്ഷമായതോടെ സന്ദീപ് കൗര്‍ പിണങ്ങി  സ്വന്തം വീട്ടിലേക്ക് പോയി. നാളുകള്‍ക്ക് ശേഷം പിണക്കം മറന്ന് ഭാര്യയെ കൂട്ടിക്കൊണ്ടുപോകാന്‍ അവരുടെ ഗ്രാമത്തിലെത്തിയപ്പോഴാണ് ലവ്പ്രീത് സിങും ഭാര്യ സഹോദരനുമായി തര്‍ക്കമുണ്ടായത്. 

വഴക്ക് രൂക്ഷമായതോടെ ഭാര്യാ സഹോദരന്‍ സജന്‍ സിങ് കയ്യില്‍ കരുതിയ പെട്രോളെടുത്ത് ലവ്പ്രീതിന്‍റെ ശരീരത്തിലേക്ക് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. വഴക്കിനിടയില്‍ ലവ്പ്രീതിനെ പിടിച്ചുമാറ്റാനെത്തിയ ഭാര്യയുടെ അനുജത്തി ഗുർജിത് കൗറിനും ഗുരുതരമായി പൊളളലേറ്റിരുന്നു. ലവ്പ്രീതിനെയും ഗുര്‍ജിത്തിനെയും നാട്ടുകാര്‍ ചേര്‍ന്ന് ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ലവ്പ്രീതിന് ജീവന്‍ നഷ്ടമായി. ലവ്പ്രീത് മരിച്ച് ദിവസങ്ങള്‍ക്കുളളില്‍ തന്നെ ഭാര്യയുടെ അനുജത്തി ഗുർജിത് കൗറും മരണത്തിന് കീഴടങ്ങി.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ സജന്‍ സിങ് ലവ്പ്രീതിന്‍റെ ശരീരത്തില്‍ പെട്രോള്‍ ഒഴിക്കുന്നതും  തീ ആളിപ്പടരുന്നത് വ്യക്തമാണ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് സജന്‍ സിങ്ങിനെയും ലവ്പ്രീതിന്‍റെ ഭാര്യ സന്ദീപ് കൗറിനെയും കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ആക്രമണത്തിനിടിയില്‍ സജന്‍ സിങ്ങിന് പൊളളലേറ്റെങ്കിലും പരുക്ക് ഗുരുതരമല്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ENGLISH SUMMARY:

Brutal murder in Punjab has shocked the nation, where a man was set on fire by his brother-in-law over a family dispute. The victim, Lovepreet Singh, had gone to bring his estranged wife home, leading to a violent altercation and his tragic death.