• മനുഷ്യന്റെ വൃഷണത്തിന് കോടികൾ കിട്ടുമെന്ന വ്യാജ റീൽസ് കണ്ട് 17 കാരനെ കൊലപ്പെടുത്തി ജനനേന്ദ്രിയം നീക്കം ചെയ്ത സംഭവത്തിൽ അഞ്ച് പേർ പിടിയിൽ.

മനുഷ്യന്‍റെ വൃഷണത്തിന് വിദേശ രാജ്യങ്ങളില്‍ കോടികള്‍ ലഭിക്കുമെന്ന വ്യാജ പ്രചാരണത്തില്‍ വിശ്വസിച്ച് കൗമാരക്കാരനെ കൊലപ്പെടുത്തി ജനനേന്ദ്രിയം നീക്കം ചെയ്ത യുവാക്കള്‍ പിടിയില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കോളജ് വിദ്യാർഥിയുൾപ്പെടെയുള്ള അഞ്ചംഗ സംഘമാണ് കൊലയ്ക്കു പിന്നില്‍. എല്ലാ പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉപജീവനത്തിനായി തെരുവില്‍ പേനകളും കീചെയിനുകളും വിറ്റിരുന്ന 17കാരനാണ് കൊല്ലപ്പെട്ടത്.

മനുഷ്യന്റെ ജനനേന്ദ്രിയത്തിന് 1.20 കോടി രൂപ വില വരുമെന്ന തരത്തിലുള്ള റീൽസ് കണ്ടാണ് പ്രതികൾ കൃത്യം നടത്തിയത്. 20 കാരനായ സോഹബ് ഖാൻ എന്ന വിദ്യാർഥിയാണ് കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറയുന്നു. രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിയായ ഇയാള്‍ വ്യാജ ഡോക്ടറായി ചമഞ്ഞാണ് കൃത്യത്തിന് ഗൂഢാലോചന നടത്തിയത്. കേസില്‍ സോഹെബ് ഖാൻ, ആമിർ ഖുറേഷി (18) എന്നിവരെ കൂടാതെ പ്രായപൂർത്തിയാകാത്ത മൂന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

സോഹബ് നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തില്ലെങ്കിലും വിഡിയോ കോളിലൂടെ കൊല ചെയ്ത സംഘത്തിന് നിർദ്ദേശങ്ങൾ നൽകിയിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. 15 വയസ്സിന് മുകളിലുള്ള ആൺകുട്ടിയെ വേണമെന്ന സോഹബിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതികള്‍ ഈ കുട്ടിയെ തിരഞ്ഞെടുത്തത്. പ്രതികളിൽ ചിലർക്ക് കുട്ടിയെ നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും അവനുമായി സൗഹൃദത്തിലായിരുന്നെന്നും പൊലീസ് പറയുന്നു. മുന്‍പ് രണ്ട് തവണ പ്രതികള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഓഗസ്റ്റ് 6നാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. വഴിയിൽ തർക്കമുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞ് 100 രൂപ വാഗ്ദാനം ചെയ്താണ് 17 കാരനെ പ്രതികൾ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പിന്നില്‍ നിന്നും കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സോഹബിന്‍റെ നിര്‍ദേശമനുസരിച്ച് വൃഷണങ്ങള്‍ ബ്ലേഡ് ഉപയോഗിച്ച് നീക്കം ചെയ്യുകയും മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു.

ഓഗസ്റ്റ് 10 ന് ഛോട്ടാ തലാബിലെ ധോബിഘട്ടില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെടുത്തു. വയറിലും കാലുകളിലും ആഴത്തില്‍ മുറിവുകളുണ്ടായിരുന്നു. വൃഷണങ്ങള്‍ നീക്കം ചെയ്ത നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോർട്ടത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. കുട്ടി ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ മൃതദേഹം സംസ്കരിക്കുകയും അന്വേഷണം വഴിമുട്ടുകയും ചെയ്തു.

എന്നാല്‍ ഓഗസ്റ്റ് 15 ന്, കാണാതായ തന്‍റെ മകനെ അന്വേഷിച്ച് കുട്ടിയുടെ അമ്മ പൊലീസിലെത്തുകയും കയ്യിലെ ടാറ്റൂവിന്റെ സഹായത്തോടെ മൃതദേഹം തിരിച്ചറിയുകയുമായിരുന്നു. ഇതോടെ അന്വേഷണത്തിന്‍റെ ഗതി തന്നെ മാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്തുവന്നത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ കുട്ടിയുടെ വൃഷണം വേർപെടുത്തി പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ വാങ്ങാൻ ആളില്ലെന്ന് മനസ്സിലായതോടെ, മൂന്ന് ദിവസത്തിന് ശേഷം ശരീരഭാഗം പ്രതികള്‍ തടാകത്തിൽ ഉപേക്ഷിച്ചെന്നും പൊലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച കത്തിയും ബ്ലേഡും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, കൃത്യത്തിന് പിന്നില്‍ അവയവക്കച്ചവടം പോലെയുള്ള വന്‍ റാക്കറ്റുകളൊന്നും ഇല്ലെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. എങ്കിലും കൊലപാതകത്തിന് ഇടയാക്കിയ ഇൻസ്റ്റഗ്രാം റീലിന്റെ ഉറവിടത്തെക്കുറിച്ചും ആരാണ് ഇത് പ്രചരിപ്പിച്ചത് എന്നതിനെ കുറിച്ചും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

A 17-year-old street vendor was brutally murdered in Bhopal, Madhya Pradesh, by a five-member gang including a BBA student. The horrific crime was orchestrated after the accused watched a fake Instagram reel claiming that human testicles fetch crores of rupees in foreign markets. Following the BBA student's instructions via video call, the culprits stabbed the victim and removed his testicles using a blade. Police successfully arrested all five suspects involved in the gruesome act after identifying the victim through a tattoo on his hand.