ബെംഗളൂരുവിൽ നാല് വയസുകാരനായ മകനെയും ഭർത്താവിനെയും കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. ചിക്കബന്നാവാരയിൽ നടന്ന സംഭവത്തിൽ ഹരിണി  കാമുകൻ വിനയ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.  ഇരുവരും ചേർന്ന് കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതായാണ് പൊലീസ് പറയുന്നത്. ടിവിയിൽ ബിഗ് ബോസ് കണ്ടുകൊണ്ടിരിക്കെയാണ് ഹരിണി ഭർത്താവ് അഭിനന്ദനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

2021ലായിരുന്നു ഹരിണിയും അഭിനന്ദനും തമ്മിലുള്ള വിവാഹം. 2024 ഡിസംബറിൽ സ്നാപ്ചാറ്റ് വഴിയാണ് ഹരിണി വിനയ് കുമാറിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അടുപ്പത്തിലായി. കാമുകനൊപ്പം ജീവിക്കാൻ ആഗ്രഹിച്ചിരുന്ന ഹരിണി വിവാഹമോചനത്തിനായി ഭർത്താവിന് മേൽ സമ്മർദം ചെലുത്തിയിരുന്നതായും പൊലീസ് പറയുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ അഭിനന്ദൻ ഇതേക്കുറിച്ച് ചോദിച്ചതോടെ ഇരുവരും തമ്മിൽ വഴക്ക് പതിവായി. രണ്ട് വർഷത്തിലേറെയായി ഇരുവരും വെവ്വേറെ മുറികളിലായിരുന്നു ഉറങ്ങിയിരുന്നതെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ഏകദേശം 15 ദിവസം മുമ്പ് ഹരിണിയുടെ കോൾ വിവരങ്ങൾ ആവശ്യപ്പെട്ട് അഭിനന്ദൻ പൊലീസിനെ സമീപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

ഓഗസ്റ്റ് 14ന് ഹരിണിയും അഭിനന്ദനും തമ്മിൽ വീണ്ടും വഴക്കുണ്ടായി. ഇതിന് പിന്നാലെയാണ് ഹരിണി വിനയുമായി സംസാരിച്ചതെന്നും ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനായി ഇരുവരും  മുൻകൂട്ടി കയ്യുറകൾ വാങ്ങിയിരുന്നു. ഞായറാഴ്ച രാത്രി വീട്ടിലെ സി.സി.ടി.വി. ക്യാമറകൾ ഓഫ് ചെയ്തശേഷം വിനയ് വീട്ടിലെത്തി. അഭിനന്ദൻ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഇരുവരും ചേർന്ന് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനിടെ ഉണർന്ന മകനെയും ഹരിണി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഹരിണിയും വിനയ് കുമാറും കുറ്റം സമ്മതിച്ചതായി നോർത്ത് വെസ്റ്റ് ഡിസിപി നാഗേഷ് അറിയിച്ചു. ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവിലെ ചിക്കബന്നാവാരയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കിടപ്പുമുറിയിൽ മുഖത്തും പിൻഭാഗത്തും തലയിലും മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു അഭിനന്ദന്‍റെ മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍  കിടക്കുന്ന രീതിയിലാണ്  മകന്‍റെ മൃതദേഹം  കണ്ടത്.