സദാചാരപൊലീസ് ചമഞ്ഞുള്ള അതിക്രമങ്ങള്‍ ബിഹാറില്‍ ആവര്‍ത്തിക്കപ്പെടുന്നു. , വിനോദസഞ്ചാര കേന്ദ്രമായ മന്ദാർ പർവതനിരകളിൽ യുവാവിനെയും യുവതിയെയും ഒരു സംഘം ആക്രമിക്കുകയും യുവതിയെ കയറിപ്പിടിക്കുകയും ചെരുപ്പുകൊണ്ട് മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആറ് യുവാക്കൾ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സംഘം തന്നെയാണ് പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
ഭോജ്പുരി പാട്ട് പശ്ചാത്തലസംഗീതമാക്കി, അതിക്രമം ആഘോഷിക്കുന്ന തരത്തിലാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. വിഡിയോയിൽ യുവതിയോട് മോശമായി പെരുമാറുന്നതും കയ്യേറ്റം ചെയ്യുന്നതും ചെരുപ്പുകൊണ്ട് അടിക്കുന്നതും കാണാം. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെയും സംഘം പിടിച്ചുവലിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.
സെപ്റ്റംബർ 22നാണ് വിഡിയോ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. സമൂഹമാധ്യമ സെല്ലിലൂടെയാണ് ബൗൻസി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്ക് വിഡിയോ ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം മന്ദാർ ഹില്ലിലെത്തി വിഡിയോയിൽ കാണുന്ന സ്ഥലം പരിശോധിച്ച് സ്ഥിരീകരിച്ചു. പ്രദേശവാസികളെയും കടയുടമകളെയും ചോദ്യം ചെയ്ത് യുവതിയെയും ആക്രമിച്ചവരെയും തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചു. ഇനിയും തിരിച്ചറിയാത്ത ആറ് യുവാക്കൾക്കെതിരെ പൊലീസ് സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 74, 75, 76, 3(5) വകുപ്പുകൾക്കും ഐടി നിയമത്തിലെ 66E, 67A വകുപ്പുകൾക്കുമാണ് കേസെടുത്തിരിക്കുന്നത്. വിഡിയോയും തെളിവായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വൈറൽ വിഡിയോയിൽ സെപ്റ്റംബർ 3 എന്ന തീയതി കാണുന്നുണ്ട്. എന്നാൽ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച ചില റിപ്പോർട്ടുകൾ പ്രകാരം സംഭവം ജൂണിൽ നടന്നതാകാമെന്നും വിഡിയോ ഇപ്പോഴാണ് പുറത്തുവന്നതെന്നും പറയുന്നു. സംഭവത്തിന്റെ കൃത്യമായ തീയതി അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്.
ജമുയിയിൽ കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ കൗമാരക്കാരായ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് മന്ദാർ ഹില്ലിലെ ദൃശ്യങ്ങളും പുറത്തുവന്നത്. സെപ്റ്റംബർ 19ന് നടന്ന സംഭവത്തിൽ ഇരുവരെയും സംഘം വളഞ്ഞിട്ട് ചോദ്യം ചെയ്യുകയും മർദിക്കുകയും പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളും സംഘം തന്നെയാണ് പകർത്തിയത്.
‘ഭയ്യാ, ഞങ്ങളെ വെറുതെ വിടൂ. ഇനി ഒരിക്കലും ഈ പ്രദേശത്ത് വരില്ല’ എന്ന് പെൺകുട്ടി പറയുന്നതും വിഡിയോയിലുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ജമുയി പൊലീസ് കേസെടുത്തത്. സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
മന്ദാർ ഹിൽ സംഭവവും ജമുയി, സമസ്തിപുർ സംഭവങ്ങളും ദിവസങ്ങൾക്കുള്ളിൽ പുറത്തുവന്നതോടെ ബിഹാറിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയെക്കുറിച്ചും പൊതുസ്ഥലങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്. മന്ദാർ ഹിൽ കേസിൽ പ്രതികളെ തിരിച്ചറിയാനുള്ള നടപടികളാണ് പൊലീസ് തുടരുന്നത്.