Image: AP Photo/K.M. Chaudary

പാക്കിസ്ഥാനിലെ ലഹോറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് 14 കുട്ടികള്‍ മരിച്ചു. ഇന്നലെയായിരുന്നു അപകടം. തകര്‍ന്നുവീണ കെട്ടിടത്തിൽ ഒരു സ്വകാര്യ ടൂഷ്യന്‍ സെന്‍റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ട്യൂഷന്‍ സെന്‍ററിലെ വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിന്‍റെ മേൽക്കൂരയാണ് തകര്‍ന്നുവീണത്. അപകടത്തില്‍ മുപ്പതോളം വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുമുണ്ട്. 

ലാഹോറിലെ കഹ്ന നൗ മേഖലയിലെ ബസ്തി ഈദ് ഗാഹ് പ്രദേശത്താണ് അപകടമുണ്ടായത്. ഏഴ് മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗം കുട്ടികളും ഒന്‍പത് വയസിന് താഴെയുള്ളവരാണ്. ട്യൂഷന്‍ സെന്‍ററില്‍ ക്ലാസ് നടക്കുമ്പോൾ പെട്ടെന്ന് മേൽക്കൂര തകർന്നു വീഴുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 14 കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ മറ്റ് കുട്ടികളെയും ഒരു അധ്യാപികയെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

കെട്ടിടത്തിന്റെ ഒരു ഭാഗം നിർമ്മാണത്തിലായിരുന്നുവെന്നും അവിടെ തൊഴിലാളികൾ ജോലി ചെയ്തുവരികയായിരുന്നുവെന്നും ലാഹോർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഫൈസൽ കാമറാൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്‍റെ കരാറുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശവാസിയായ ഒരു സ്ത്രീയാണ് ട്യൂഷൻ സെന്റർ നടത്തിയിരുന്നത്. അപകടത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ദുരന്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി അവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനും ജില്ലാ അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. 

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അപകടത്തിസ്‍ ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും അവർക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും നൽകാൻ അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിലെ സുരക്ഷാ വീഴ്ചകളാണ് ഇത്രയും വലിയൊരു ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. 

ENGLISH SUMMARY:

A tragic building collapse in Lahore's Kahna Nau area has claimed the lives of 14 children after the roof of a private tuition center caved in. The victims, mostly between the ages of seven and thirteen, were attending classes when the section of the building under construction suddenly collapsed. Local authorities have arrested the construction contractor, and Punjab Chief Minister Maryam Nawaz has ordered a high-level investigation into the incident. Pakistan Prime Minister Shehbaz Sharif expressed deep grief over the tragedy and directed officials to ensure the best medical care for the thirty injured students.