കഴിഞ്ഞ ദിവസം മൂന്ന് പാക് സൈനികരുടെ മരണത്തിനിടയാക്കിയ കറാച്ചി ആക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ ബന്ധമുണ്ടെന്ന പാക് വാദം തള്ളി ഇന്ത്യ. കറാച്ചി ആക്രമണത്തിന് അഫ്ഗാനിസ്ഥാനെ ഇന്ത്യ സഹായിച്ചെന്ന പാക് ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. പാക് ആഭ്യന്തരമന്ത്രി മൊഹ്സിന്‍ നഖ്‌വിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രിക് ഇ താലിബാന്‍ സംഘം ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യക്കെതിരെ തിരിഞ്ഞത്.  

അതേസമയം പാക്–അഫ്ഗാന്‍ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടതായി പാക് അവകാശവാദം. എക്സില്‍ പങ്കുവച്ച പോസ്റ്റിലൂടെ ഇന്‍ഫര്‍മേഷന്‍ മന്ത്രി ആത്തുള്ള തരാര്‍ ആണ് വിവരം പങ്കുവച്ചത്. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ അഫ്ഗാനിസ്ഥാന്‍ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം കറാച്ചിയിലുണ്ടായ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഗ്രൗണ്ട് ഓപറേഷന്‍ ആരംഭിച്ചതെന്നും പാക്കിസ്ഥാന്‍ പറയുന്നു. 

സമീപകാലത്തായി പാക് പൊലീസിനേയും സുരക്ഷാ സേനയേയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് പാക്കിസ്ഥാന്‍ പറയുന്നു. ഈ ആക്രമമണങ്ങള്‍ക്ക് പിന്നില്‍ തെഹ്‌രിക്– ഇ– താലിബാന്‍ പാക്കിസ്ഥാന്‍ എന്നറിയപ്പെടുന്ന പാക്കിസ്ഥാന്‍ താലിബാന്‍ ആണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ കറാച്ചി ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാനില്‍ നിന്നും പിരിഞ്ഞുപോയ വിഭാഗമായ ജമാഅത്ത്–ഉല്‍–അഹ്റാര്‍ പ്രസ്താവനയിറക്കിയിരുന്നു. 

അഫ്ഗാന്‍ അതിര്‍ത്തിയില്‍ ലക്ഷ്യം വച്ചത് പാക് താലിബാന്റെ ഒളിത്താവളങ്ങളെയാണെന്ന് തരാര്‍ പറയുന്നു. പുതിയ ആക്രമണ പരമ്പരകളോടെ മോശം സാഹചര്യം നിലനിന്ന ഇസ്ലമാബാദ്–കാബുള്‍ ബന്ധം കൂടുതല്‍ വഷളായെന്നാണ് റിപ്പോര്‍ട്ടുകള്‍.  മൂന്നാഴ്ച മുന്‍പാണ് പാക്കിസ്ഥാന്‍ സുരക്ഷാസേന അഫ്ഗാന്‍ അതിര്‍ത്തിയിലുടനീളം സൈനികനീക്കം ആരംഭിച്ചത്. പിന്നാലെ കരനീക്കവും ആരംഭിച്ചു. ഇതിനിടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി രാജ്യാന്തരതലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഏപ്രിലില്‍ ചൈനയും ഈ ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചിരുന്നു.  

India Denies Pakistan's Claims on Karachi Attack:

India has dismissed Pakistan's claims of Indian involvement in the Karachi attack that resulted in the deaths of three Pakistani soldiers. India stated that Pakistan's allegations of India aiding Afghanistan are baseless, in response to Pakistan's accusations following the Tehrik-i-Taliban's claim of responsibility.