പാക്ക് അധീന കശ്മീരില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷേഭം രൂക്ഷം. ഭക്ഷ്യക്ഷാമം, വിലക്കയറ്റം,  ഭരണ പ്രശ്നങ്ങൾ എന്നിവയെച്ചൊല്ലിയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. തങ്ങള്‍ പാക്കിസ്ഥാന്‍റെ ഭാഗമല്ലെന്നും വിതരണം തടസപ്പെട്ടാല്‍ മറ്റു വഴികള്‍ നോക്കുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. സമരത്തിന്‍റെ 22-ാം ദിനത്തില്‍ പാക്ക് അധീന കശ്മീരിലെ റാവലകോട്ടിലുള്ള ഈദ്ഗാഹ് മൈതാനത്താണ് ചൊവ്വാഴ്ച സമര്‍ക്കാര്‍ ഒത്തുകൂടിയത്. 

സമരം പൊളിക്കാന്‍ പാക്ക് സര്‍ക്കാര്‍ മേഖലയിലേക്കുള്ള റേഷനും മറ്റു അടിസ്ഥാന സൗകര്യങ്ങളും മനപൂര്‍വ്വം വൈകിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. സമരങ്ങള്‍ക്കിടെ മിര്‍പൂരിലെയും റാവലകോട്ടിലെയും താമസക്കാര്‍ യഥാര്‍ഥ കശ്മീരികളല്ലെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞിരുന്നു. ഇതും പാക്ക് സര്‍ക്കാറും പ്രാദേശിക നേതൃത്വവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകാന്‍ കാരണമായി. 

അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സാധാരണക്കാരെ കൂട്ടമായി ശിക്ഷിക്കുകയാണെന്ന് പാക്ക് അധീന കശ്മീരിലെ നേതാവ് സർദാർ അമൻ ഖാൻ റാലി പറഞ്ഞു. ഭക്ഷ്യസാധനങ്ങളുടെ വിതരണം തടസപ്പെടുത്തുകയണെങ്കില്‍ അതിജീവനത്തിനായി മറ്റു വഴികൾ തേടേണ്ടി വരും. ഞങ്ങൾക്ക് നിങ്ങളുടെ റേഷൻ ആവശ്യമില്ല. നിങ്ങൾക്കാണ് ഞങ്ങളെ ആവശ്യം എന്നും ഖാൻ കൂട്ടിച്ചേര്‍ത്തു. 

ജമ്മു കശ്മിര്‍ അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഈ മാസം സംഘടനയെ പാക്ക് സര്‍ക്കാര്‍ ഭീകര വിരുദ്ധ നിയമപ്രകാരം നിരോധിച്ചിരുന്നു. നിരോധനം നിലവിലുണ്ടെങ്കിലും മേഖലയില്‍ സംഘടനയുടെ നേതൃത്വത്തില്‍ സമരം തുടരുകയാണ്. പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ ജൂണ്‍ ആദ്യവാരം മുതല്‍ പാക്ക് അധീന കശ്മീരില്‍ ഇന്‍റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം, രണ്ടാഴ്ചയായി നടക്കുന്ന പ്രതിഷേധത്തില്‍ ഇതുവരെ 22 പേരാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. 

ENGLISH SUMMARY:

Massive anti-government protests have erupted in Pakistan-Occupied Kashmir (PoK) due to severe food shortages, rising inflation, and governance issues. Protesters, currently in their 22nd day of demonstrations, have openly declared that they are not part of Pakistan and may seek alternative survival strategies if essential supplies continue to be withheld by the Pakistani government. Tensions have further escalated following remarks by Pakistan's Defence Minister Khawaja Asif, who questioned the identity of local residents, and the government’s move to ban the Jammu Kashmir Awami Action Committee under anti-terrorism laws. Amid an ongoing internet blackout, reports suggest that at least 22 people have lost their lives since the unrest began earlier this month.