air-bag-ai

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

TOPICS COVERED

നിർത്തിയിട്ടിരുന്ന കാറിലെ എയർബാഗ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച് ഇരുപത്തഞ്ചുകാരനായ കാർ ഡീലർ മരിച്ചു. മുംബൈയിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. കാർ ഡീലറായ മോഹിത് സുരേഷ് സോണിയാണ് മരിച്ചത്. സ്റ്റീയറിങ് വീലിലെ എയർബാഗ് പെട്ടെന്ന് വിന്യസിക്കപ്പെടുകയും ശക്തിയോടെ മോഹിതിന്‍റെ കഴുത്തിൽ വന്നിടിക്കുകയുമായിരുന്നു.

മറ്റൊരാള്‍ക്ക് വിൽക്കുന്നതിന് മുന്നോടിയായി സെക്കൻഡ് ഹാൻഡ് കാർ പരിശോധിക്കുകയായിരുന്നു മോഹിത്. ഇതിനായി റോഡരികിൽ വാഹനം നിർത്തിയിട്ട് പരിശോധന നടത്തുന്നതിനിടെ സ്റ്റീയറിങിലെ എയർബാഗ് പെട്ടെന്ന് വൻ ശക്തിയോടെ പുറത്തേക്ക് വരികയായിരുന്നു. ഇതിന്റെ പ്ലാസ്റ്റിക് കവർ തെറിച്ച് മോഹിതിന്റെ കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തിൽ മുറിവേൽപ്പിക്കുകയും കടുത്ത രക്തസ്രാവത്തിന് കാരണമാവുകയുമായിരുന്നു. വഴിയാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മോഹിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അതേസമയം, അപകടത്തിൽപ്പെട്ട കാറിന് പുറമേ നിന്ന് മറ്റ് വാഹനങ്ങൾ ഇടിച്ചതുപോലെയുള്ള യാതൊരുവിധ കേടുപാടുകളും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. 15 വർഷം പഴക്കമുള്ള വാഹനത്തിന് കൃത്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സാങ്കേതിക തകരാറോ ഇലക്ട്രിക്കൽ തകരാറോ കാരണമാണോ എയർബാഗ് പെട്ടെന്ന് പ്രവർത്തിച്ചതെന്ന് കണ്ടെത്താൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിനോട് കാർ വിശദമായി പരിശോധിക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപ് ഈ വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നറിയാൻ കാറിന്റെ മുൻ ഉടമയെയും പൊലീസ് ബന്ധപ്പെടുന്നുണ്ട്.

അതേസമയം, മകന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് മോഹിതിന്റെ കുടുംബം ആവശ്യപ്പെട്ടു. ഫോറൻസിക്, ആർ.ടി.ഒ സാങ്കേതിക റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അപകട മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‌വഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ മില്ലിസെക്കൻഡുകൾക്കുള്ളിൽ അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് എയർബാഗുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, അപ്രതീക്ഷിതമായി ഇവ പുറത്തേക്ക് വരികയോ സാങ്കേതിക തകരാറുകൾ സംഭവിക്കുകയോ ചെയ്താൽ, എയർബാഗും അതിന്റെ അനുബന്ധ ഭാഗങ്ങളും പുറന്തള്ളപ്പെടുന്ന കടുത്ത മർദ്ദം ഗുരുതരമായ പരിക്കുകൾക്കോ മരണത്തിനോ വരെ കാരണമായേക്കാം.

ENGLISH SUMMARY:

In a tragic and highly unusual accident in Mumbai, a twenty-five-year-old used car dealer lost his life after a stationary vehicle's airbag unexpectedly deployed during an inspection. The victim, identified as Mohit Suresh Soni from Mira Road, was routinely examining the second-hand vehicle by the roadside before finalizing its sale to a client. Without any external collision or warning, the steering wheel airbag suddenly inflated with massive force, causing its plastic cover to strike the right side of his neck. The heavy impact inflicted a deep, grievous wound that led to severe hemorrhaging before passers-by could alert local law enforcement. Police rushed Soni to a nearby government hospital, where medical professionals unfortunately declared him dead on arrival. While the fifteen-year-old vehicle possessed valid fitness certifications and showed no signs of external damage, the Regional Transport Office has been brought in to conduct a rigorous technical and electrical probe to determine what triggered the fatal malfunction.