bangal

കുട്ടികള്‍ സസ്യാഹാരം കഴിച്ചാല്‍ മതിയെന്നാണ് സുവേന്ദു അധികാരി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലാണ് പരിഷ്കാരം. പദ്ധതിയുടെ വിതരണ ചുമതല ഇസ്‌കോണിന്റെ (ISKCON) ജീവകാരുണ്യ വിഭാഗമായ അന്നമിത്ര ഫൗണ്ടേഷനെ ഏൽപ്പിച്ചു. ഇതോടെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മുട്ട പൂർണ്ണമായും ഒഴിവാക്കി എന്ന് സംസ്ഥാന സർക്കാർ പറയുന്നു.

ബംഗാൾ ധനമന്ത്രി സ്വപൻ ദാസ്ഗുപ്തയാണ് ബജറ്റ് പ്രസംഗത്തിൽ ഈ മാറ്റം പ്രഖ്യാപിച്ചത്. നിലവിലെ വ്യവസ്ഥ അനുസരിച്ച് കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ നൽകിയിരുന്ന മുട്ട ഇനിമുതൽ ഇല്ല. പകരം രാജ്മ, സോയാബീൻ, പനീർ, പരിപ്പ് തുടങ്ങിയ ഉയർന്ന പ്രോട്ടീൻ അടങ്ങിയ സസ്യാഹാരങ്ങൾ ഉൾപ്പെടുത്തുമെന്നാണ് ഇസ്‌കോൺ പ്രതിനിധി രാധാരമൺ ദാസ് പറയുന്നു. ഇതിനായി ഉച്ചഭക്ഷണ ഫണ്ട് ഒരു കുട്ടിക്ക് 6.78 രൂപയിൽ നിന്ന് 10 രൂപയായി സർക്കാർ ഉയർത്തി. ഇസ്‌കോണിന്റെ മതപരമായ ആചാരങ്ങൾ അനുസരിച്ച് ഉള്ളിയും വെളുത്തുള്ളിയും ഈ ഭക്ഷണത്തിൽ ഉൾപ്പെടുത്തില്ല.

കൊൽക്കത്തയിലെ സ്കൂളുകളിൽ പൈലറ്റ് പ്രോജക്ട് എന്ന നിലയ്ക്കാണ് ഉച്ചഭക്ഷണ വിതരണം ഇസ്‌കോണിനെ ഏൽപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. കുട്ടികൾക്ക് മികച്ച ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. കുട്ടികൾക്ക് മുട്ടയിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾക്ക് തുല്യമായതോ അതിനേക്കാൾ മികച്ചതോ ആയ പോഷകങ്ങൾ തങ്ങളുടെ ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തുമെന്ന് ഇസ്‌കോൺ അധികൃതരും വിശദീകരിച്ചു. കേന്ദ്രീകൃതമായ കിച്ചണുകളിലൂടെയാകും ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുക.

മാംസാഹാരം സാധാരണമായി ഉപയോഗിക്കുന്ന ബംഗാളി പരമ്പരാഗത ഭക്ഷണശീലങ്ങൾക്ക് മേൽ സസ്യാഹാരം അടിച്ചേൽപ്പിക്കാനുള്ള ബിജെപി നീക്കമാണിതെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാൻ ആരോപിച്ചു. മുട്ട ഒഴിവാക്കുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പോഷകാഹാര ലഭ്യതയെ ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരും വിദ്യാഭ്യാസ പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു.  ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇസ്‌കോണുമായി ബന്ധമുള്ള ഫൗണ്ടേഷനുകൾ ഉച്ചഭക്ഷണം നൽകുന്നതും മുട്ടയും ഉള്ളിയും ഒഴിവാക്കിയതും നേരത്തെ വിവാദമായിരുന്നു. തമിഴ്‌നാടും കർണാടകയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സ്കൂൾ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ മുട്ടയും മാംസ്യവും ഉൾപ്പെടുത്തി മെനു വിപുലീകരിക്കുമ്പോഴാണ് ബംഗാൾ സർക്കാരിന്റെ ഈ പുതിയ നീക്കം.

ENGLISH SUMMARY:

Kolkata school lunch menu change involves the removal of eggs from the midday meal scheme in government and aided schools within the Kolkata Municipal Corporation. This new directive, championed by Suvendu Adhikari, shifts the focus to protein-rich vegetarian options provided by ISKCON's Ann Mitra Foundation, with the fund per child increased to accommodate these changes.