തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ നടി തൃഷ ഷെയര്‍ ചെയ്ത ആശംസ പോസ്റ്റിലെ ടിറാമിസു കേക്കാണ് ഇപ്പോള്‍ താരം. തൃഷ പങ്കുവച്ച ചിത്രത്തിലെ സ്ട്രോബറി വൈറ്റ് ചോക്ലേറ്റ് കേക്കിനും മാംഗോ കേക്കിനുമൊപ്പം ഇരുന്ന കുഞ്ഞന്‍ ടിറാമിസുവിനെ തിരിച്ചറിയാന്‍ മധുര പ്രേമികള്‍ക്ക് അധിക നേരം വേണ്ടിവന്നില്ല.
മൂന്ന് ടിറാമിസു കേക്കുകളാണ് ചിത്രത്തിലുള്ളത്. ഹൈദരാബാദിലെ പ്രമുഖ ബേക്കേഴ്സായ കോണ്‍സുവില്‍ നിന്നുള്ള ടിറാമിസുവാണ് അതെന്ന് സോഷ്യല്‍ ലോകം കണ്ടെത്തി. പോസ്റ്റ് വൈറലായതോടെ ടിറാമിസു തിരക്കി ആളുകള്‍ ഇറങ്ങി. മിനിറ്റുകള്‍ക്കകം ടിറാമിസുവിനായുള്ള ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ഹൈദരാബാദിലെ കോണ്‍സു ഔട്ട്ലെറ്റുകളില്‍ കുമിഞ്ഞുകൂടി.
മാംഗോ സീസണില്‍ ടിറാമിസുവിനായി ഇത്ര പെട്ടെന്ന് എങ്ങനെ ഇത്രയും ഓര്‍ഡര്‍ വന്നെന്ന് ചിന്തിച്ച് കടക്കാര്‍ ഞെട്ടി. പിന്നീട് ഒരു വിശദാന്വേഷണം നടത്തിയപ്പോഴാണ് നടി തൃഷയുടെ പോസ്റ്റിന്റെ ആഫ്ടര്‍ എഫക്ടാണിതെന്ന് അവര്‍ക്ക് മനസിലായത്. ടിറാമിസുവിന്റെ പാക്കിങ്ങില്‍ നിന്നാകാം ആളുകള്‍ അത് തങ്ങളുടേതാണെന്ന് മനസിലാക്കിയതെന്നാണ് കോണ്‍സുവിന്റെ അധികൃതര്‍ പറയുന്നത്.
ഓണ്‍ലൈനില്‍ ഇപ്പോഴും ഒരുപാട് ഓര്‍ഡറുകള്‍ വരുന്നുണ്ടെന്നും ടിറാമിസു തിരക്കി ഷോപ്പിലേക്കും നിരവധി പേര്‍ വിളിക്കുന്നെന്നും സ്റ്റാഫുകള്‍ പറയുന്നു. ആവശ്യക്കാര്‍ ഏറിയതോടെ ഡിമാന്‍ഡിന് അനുസരിച്ച് ഓര്‍ഡര്‍ എത്തിക്കാനുള്ള തിരക്കിലാണ് കോണ്‍സുവിന്റെ ഔട്ട്‌ലെറ്റുകള്‍. കോണ്‍സുവിന് ഹൈദരാബാദിലും ബെംഗളൂരുവിലുമാണ് നിലവില്‍ ഔട്ട്‌ലെറ്റുകള്‍ ഉള്ളത്.