20.5 കോടി...കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഏറ്റവും വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുന്ന കണക്ക്. പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ കുരുക്ക് മുറുക്കുന്ന ഇ.ഡി മുഹമ്മദ് റിയാസിനുമെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. റിയാസിനെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക ഇടപാടുകളിൽ പുതിയ ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. E.D അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്ന കണക്കുകളും, ഉയരുന്ന ആരോപണങ്ങളും കേരള രാഷ്ട്രീയത്തിൽ വീണ്ടും വലിയ ചർച്ചയ്ക്ക് വഴിവെക്കുകയാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ പേരിനൊപ്പം ഇത്ര വലിയൊരു തുകയുടെ കണക്ക് ഉയരുമ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം... ഈ പണത്തിന്റെ ഉറവിടമെന്ത്? ആർക്കാണ് പണം നൽകിയതും വാങ്ങിയതും? ഹവാല ഇടപാട് നടന്നോ? തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് പിണറായിയും മുഹമ്മദ് റിയാസും ആവര്‍ത്തിച്ച് പറയുമ്പോള്‍ യഥാർഥത്തിൽ എന്താണ് സംഭവിച്ചത്? ആരോപണവും തെളിവും, മറുപടികളും പരിശോധിക്കാം.
CMRLല്‍ നിന്ന് മകള്‍ വീണ വഴി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ 3.28 കോടിയുടെ കൈക്കൂലി വാങ്ങിയെന്നതിനൊപ്പം ഞെട്ടലുണ്ടാക്കുന്ന ആരോപണമാണ് മുന്‍ പൊതുമരാമത്ത് മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ മുഹമ്മദ് റിയാസിനെതിരെ ഇ.ഡി ഉയര്‍ത്തുന്നത്. രണ്ടാം പിണറായി സർക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ 20.5 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു. ഇതില്‍ ഒരു ഭാഗം ഹവാല ഇടപാട് വഴി ദുബായിലേക്ക് കടത്തി. 2024–25 കാലഘട്ടത്തിലാണ് പണം കടത്തെന്നും ഇ.ഡി പറയുന്നു.
ഡി.ജി.പിക്ക് നൽകിയ കത്തിലാണ് ഇ.ഡി വെളിപ്പെടുത്തല്‍. ഈ കത്തിന്റെ പൂർണ്ണ വിവരങ്ങളാണ് ഇന്ന് മനോരമ ന്യൂസ് പുറത്തുവിട്ടത്. ദുബായില്‍ ബിസിനസും കമ്പനിയും തുടങ്ങാനായിരുന്നു പണം കടത്ത്. റിയാസിന് പണം ലഭിച്ചത് പിണറായി വിജയന് കിട്ടിയത് പോലെ CMRL കമ്പനിയില്‍ നിന്നല്ല എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇതോടെ വിവിധ ഇടങ്ങളിൽ നിന്ന് പണം ലഭിച്ചിരുന്നു എന്ന സൂചനയാണ് ഇ.ഡി മുന്നോട്ട് വെക്കുന്നത്. പക്ഷേ ഈ പണമെല്ലാം എവിടെ നിന്നാണെന്ന് ഇ.ഡി വ്യക്തമാക്കുന്നുമില്ല.
ഡയറിയിലെ ഏഴ് പേജുകളില്‍ പണ ഇടപാടിന്‍റെ വിവരങ്ങള്‍ എഴുതി സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ അവകാശവാദം. മാത്രമല്ല, പണം കടത്തിയ സമയത്ത് രണ്ടാഴ്ചയോളം വീണ ദുബായില്‍ താമസിച്ചതിന്‍റെ തെളിവ് ലഭിച്ചെന്നും ചോദ്യം ചെയ്യലില്‍ വീണ കുറ്റംസമ്മതിച്ചെന്നും ഇ.ഡി അവകാശപ്പെടുന്നുണ്ട്. വീണയുടെ ഡയറി കൂടാതെ റിയാസിന്‍റെ സുഹൃത്തുക്കളായ ഹസന്‍ വാരിസ്, പി.നിഖില്‍, ഷൈജല്‍ എന്നിവരുടെ മൊഴിയും ഇ.ഡി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പണം കടത്ത് ഇവര്‍ വഴിയാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നാണ് കത്തില്‍ സൂചിപ്പിക്കുന്ന മൊഴി. 25 പേജുള്ള കത്തില്‍ 18 പേജും റിയാസിനെ ലക്ഷ്യംവെച്ചുള്ള വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പിണറായി വിജയനും മുഹമ്മദ് റിയാസും ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കത്ത് നൽകിയത് സർക്കാരിന് കർശനമായ മുന്നറിയിപ്പ് നൽകിക്കൊണ്ടു കൂടിയാണ്. നടപടി വൈകിയാൽ കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കൽ ആയി കണക്കാക്കാം എന്നാണ് ഇ.ഡി കത്തിൽ പറയുന്നത്. അതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവിക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നും കത്തില്‍ മുന്നറിയിപ്പ് നൽകുന്നു. ഇത് ശരിവെക്കുന്ന രണ്ടു സുപ്രീംകോടതി വിധികളും ഇ.ഡി കത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് റിയാസിന്‍റെ ഹവാല ഇടപാടിന് തെളിവായി ഡി.ജി.പിക്ക് നല്‍കിയ കത്തില്‍ ഇ.ഡി ഉയര്‍ത്തുന്ന തെളിവുകളിലൊന്ന് പണം കടത്തിയ ഹസന്‍ വാരിസ് കുറ്റം സമ്മതിച്ചെന്ന മൊഴിയാണ്. ഈ തെളിവിന്‍റെ വിശ്വാസ്യതക്ക് നേരെ ചോദ്യം ഉയര്‍ത്തുന്നതാണ് വാരിസ് മൊഴി തിരുത്താനായി ഇ.ഡിക്ക് നല്‍കിയ അപേക്ഷ. ഹവാല ഇടപാടിന് തെളിവായി ഇ.ഡി ഉയര്‍ത്തുന്ന മൊഴികള്‍ തള്ളിയാണ് മുഹമ്മദ് റിയാസിന്‍റെ സുഹൃത്ത് ഹസന്‍ വാരീസ് രംഗത്തെത്തിയത്. മകളെയും ഭാര്യയെയും കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൊഴി വാങ്ങിയതെന്നുകാട്ടി ഇ.ഡിക്ക് ഹസന്‍ കത്ത് നല്‍കി. മൂന്നാഴ്ച മുന്‍പു നല്‍കിയ കത്തും പുറത്തുവന്നു.
റിയാസ് പണം കടത്തിയെന്ന് മൊഴി നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ 22 വയസുള്ള മകളെയും ഭാര്യയേയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് റിയാസിനെതിരെ മൊഴി നല്‍കിയതെന്നാണ് ഹസന്‍ വാരിസ് പറയുന്നത്. ഓഗസ്റ്റ് 18നാണ് വാരീസിന്‍റെ വീട്ടില്‍ റെയ്ഡ് നടന്നതും മൊഴിയെടുത്തതും. അതിന്‍റെ രണ്ടാംദിവസം, ഓഗസ്റ്റ് 20ന് തന്നെ മൊഴി തിരുത്താന്‍ കത്ത് നല്‍കി. ഇതോടെ ഡി.ജി.പിക്ക് നല്‍കിയ കത്തിലെ വിവരങ്ങള്‍ പുറത്തുവന്ന ശേഷമുള്ള പ്രതിരോധ നീക്കമല്ല ഹസന്‍ വാരിസിന്‍റെ അപേക്ഷയെന്ന് വ്യക്തമാണ്.
ഇഡി അന്വേഷണത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം അസംബന്ധെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ മെനഞ്ഞുണ്ടാക്കിയ കള്ളക്കഥയാണ് ഇതെല്ലാം. വീണ ഇഡിക്ക് മുന്നില്‍ കാര്യങ്ങള്‍ സമ്മതിച്ചുവെന്നത് പച്ചക്കള്ളമാണ്. പച്ച മനുഷ്യരുടെ ഇറച്ചി തിന്ന് രസിക്കുന്നവര്‍ ആട്ടം തുടരട്ടെയെന്നും റിയാസ് ഫെയ്സ്ബുക്ക് കുറിപ്പിട്ടു. തൊട്ടു പിന്നാലെ വീണ പണംവാങ്ങിയത് നിയമാനുസൃതമെന്ന വിശദീകരണവുമായി മുഹമ്മദ് റിയാസ് മാധ്യമങ്ങളെ കണ്ടു. പണം വാങ്ങിയത് അക്കൗണ്ടുവഴിയാണ്. അത് മാസപ്പടിയെന്ന് ചിത്രീകരിക്കാന്‍ ശ്രമം നടന്നു. സേവനം നല്‍കിയില്ലെന്ന് CMRL എംഡി പറഞ്ഞിട്ടില്ലെന്നും റിയാസ്.
കേസില്‍ വീണയുടെ മൗനത്തെക്കുറിച്ചുള്ള ചോദ്യത്തിനും റിയാസിന് മറുപടിയുണ്ട്. തന്റെ സുഹൃത്ത് ഹസന്‍ വാരിസിനെ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് റിയാസും ആരോപിച്ചു. പിണറായിക്ക് ബന്ധമുണ്ടെന്ന് പറയാന്‍ ആദ്യം പറഞ്ഞു. അത് വിസമ്മതിച്ചപ്പോള്‍ വീണയുടെ പേരായി.. പിന്നീട് മുഹമ്മദ് റിയാസിന്‍റെ പേര് പറയാന്‍ നിര്‍ബന്ധിച്ചു. അല്ലെങ്കില്‍ മകളെ പ്രതിയാക്കുമെന്ന് ഇ.ഡി ഭീഷണിപ്പെടുത്തി. മകളെ രക്ഷിക്കാനാണ് വാരിസ് തനിക്കെതിരെ മൊഴിനല്‍കിയെന്നും റിയാസ്. പിണറായി വിജയനെതിരെ മൊഴി നല്‍കണമെന്ന് വീണയോടും ഇഡി ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇഡിയെ എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ ഇഡിയെ പേടിക്കില്ല. പേടിച്ച് മാറിനില്‍ക്കാനല്ല പാര്‍ട്ടി തന്നെ പഠിപ്പിച്ചത്. സത്യസന്ധമായിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അവസാനശ്വാസംവരെ പോരാടി സത്യം തെളിയിക്കുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെയിരുന്ന പിണറായി വിജയന്‍ ചെങ്ങന്നൂര്‍ ഗസ്റ്റ് ഹൗസിലെത്തിയ മാധ്യമങ്ങളോട് ക്ഷുഭിതനായിരുന്നു. എന്നാല്‍ പിന്നീട് ആലപ്പുഴ മാന്നാർ CPM ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ CMRL കേസിലെ ഇ.ഡി നടപടിയിൽ അദ്ദേഹം മറുപടി നല്‍കി. മാധ്യമങ്ങൾ വലിയ അച്ചിൽ നിരത്തിയത് കൊണ്ടൊന്നും താൻ കൈക്കൂലിക്കാരൻ ആകില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം. ലജ്ജകരമായ നിലപാട് ആണ് ഇ.ഡി യെ പോലെയുള്ള ഏജൻസി സ്വീകരിക്കുന്നത്. CMRL ന് നൽകിയ സേവനത്തിനാണ് മകൾക്ക് പണം ലഭിച്ചതെന്ന് വിശദീകരിച്ച പിണറായി ആ സമയത്ത് മുഹമ്മദ് റിയാസ് തന്റെ മകളുടെ ഭർത്താവ് അല്ലെന്നും ചൂണ്ടിക്കാട്ടി.
ഇഡിക്കെതിരെ രൂക്ഷവിമർശനമാണ് പിണറായി വിജയൻ നടത്തിയത്. കരുവന്നൂർ ബാങ്ക് കേസിൽ അന്വേഷണം നടത്തിയ ഇഡി രാജ്യത്ത് ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതിയാക്കി. പ്രതികളെ മാപ്പ് സാക്ഷികളുമാക്കി. സിപിഎമ്മിന്റെ തൃശ്ശൂർ ജില്ലാ സെക്രട്ടറിമാരായി വന്നവരെ എല്ലാം ഇഡി പ്രതിയാക്കി. ഇഡി രാഷ്ട്രീയമായാണ് കാര്യങ്ങൾ ചെയ്തത്. രാഷ്ട്രീയമായി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും പിണറായി വിജയൻ. അതേസമയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ രാഷ്ട്രീയമില്ലെന്നും നിയമപരമായ നടപടിമാത്രമേ ഉണ്ടാകുവെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. റിപ്പോര്‍ട്ട് ഇഡി നല്‍കിയതാണെന്നതു കൊണ്ടുമാത്രം സര്‍ക്കാരിന് തള്ളിക്കളയാനാകുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കും. അതിന് ശേഷമായിരിക്കും തുടര്‍നടപടി. ഇക്കാര്യത്തില്‍ രാഷ്ട്രീയ നിലപാടല്ല സര്‍ക്കാര്‍ കൈക്കൊള്ളുക എന്നും മുഖ്യമന്ത്രി .
രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇ.ഡി കേസുകളെ കേസുകളായി നേരിടുകയായിരുന്നെന്നും അല്ലാതെ ഇ.ഡിയുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുക ആയിരുന്നില്ലെന്നും മുഖ്യമന്ത്രിയുടെ കുത്ത്. ഇഡിയുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പല പരാമര്‍ശങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും വിശദമായി വിഷയം ചര്‍ച്ചചെയ്തു. വിജിലന്‍സ് അന്വേഷണം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നിയമോപദേശം കൂടി തേടിയശേഷമാകും വിജിലന്‍സ് അന്വേഷണത്തില്‍ തീരുമാനമെടുക്കുക. വീണയുടെ ഡയറി കിട്ടി എന്ന് പറഞ്ഞ് ഇ.ഡി. പുകമറ സൃഷ്ടിക്കുന്നുവെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞത്. മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിയെങ്കില്‍ ഇഡി എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും ടി.പി.രാമകൃഷ്ണന്‍ ചോദിച്ചു.
സിപിഎമ്മിനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് പി.ജയരാജനും പ്രതികരിച്ചു. പിണറായിക്കെതിരെയുള്ള കേസുകള്‍ പൊളിഞ്ഞുപാളീസായി. അതുപോലെ ഈ കേസും പാളീസാകും. വി.ഡി.സതീശന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുുകയാണെന്നും പി.ജയരാജന്‍ ആരോപിച്ചു. പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമമെന്ന് വൃന്ദ കാരാട്ടും കുറ്റപ്പെടുത്തി. കോടതി തള്ളിക്കളഞ്ഞ കേസാണിത്. ബിജെപി ഗെയിമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. പിണറായിക്കെതിരായ ഇ.ഡി റിപ്പോര്‍ട്ട് അവജ്ഞയോടെ തള്ളുന്നെന്ന് CPM ജന. സെക്രട്ടറി എം.എ.ബേബി. EDയെ പേടിച്ച് ബിജെപിയില്‍ ചേരുന്നവരുടെ പാര്‍ട്ടിയല്ല CPM. കേരളത്തിലെ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണെന്നും ഇക്കാര്യത്തില്‍ AICC നിലപാട് അറിയണമെന്നും എം.എ.ബേബി പറഞ്ഞു.
പിണറായി 3 കോടി വാങ്ങിയെന്നത് കേരളത്തെ കളിയാക്കലെന്ന് സംസ്ഥാന സെക്രട്ടറി M.V.ഗോവിന്ദന്‍. പിണറായിയെും കുടുംബത്തെയും തകര്‍ക്കുകയാണ് ലക്ഷ്യം. രാജ്യത്തെ പ്രതിപക്ഷനേതാക്കൾക്കെതിരെ ബിജെപി നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് റിയാസിനെ ആക്രമിക്കുന്നതെന്ന് DYFI സംസ്ഥാന സെക്രട്ടറി എം.വിജിൻ ആരോപിച്ചു. ബിജെപിക്ക് ഇടതുപക്ഷത്തെ തകർക്കേണ്ടതുണ്ട്. കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും വിജിന്‍. ഇ.ഡിയുടെ നീക്കങ്ങളില്‍ പരാതിയുണ്ടെങ്കില്‍ മുഹമ്മദ് റിയാസിന് നിയമപരമായി നീങ്ങാമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോണ്‍ ജോര്‍ജ്. ഒരുമാസം മുന്‍പ് മൊഴി കൊടുത്തവര്‍ ഇപ്പോള്‍ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് മൊഴി തിരുത്താന്‍ ആവശ്യപ്പെടുന്നു. വീണയെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ ആളുകളിലേക്ക് അന്വേഷണം വന്നത്. പാര്‍ട്ടിയില്‍ പിണറായിക്ക് പിന്തുണ നേടിയെടുക്കാനാണ് റിയാസിന്‍റെ ശ്രമം. റിയാസിന്റെ പരാമർശം ആസൂത്രിതമാണെന്നും വലിയ കൊള്ളയുടെ വിവരങ്ങള്‍ പുറത്ത് വരാനുണ്ടെന്നും ഷോണ്‍ ജോര്‍ജ്.
സിപിഎമ്മും കോൺഗ്രസും തമ്മിൽ മാച്ച് ഫിക്സിങ് സംശയിക്കുന്നതായാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചത്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ആരംഭിച്ചത് ഇതിന്‍റെ ഭാഗമാണെന്നും രാജീവ് ചന്ദ്രശേഖര്‍. റിയാസിനെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടനും രംഗത്തെത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരും. വീണ പണം മാറ്റിയില്ലെന്ന് പറയാനുള്ള ധൈര്യമുണ്ടോയെന്ന് കുഴല്‍നാടന്‍ ചോദിച്ചു. സുഹൃത്തുക്കളുടെയുള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടിലേക്ക് മാറ്റി. റിയാസ് ഇതിന് മറുപടി പറയട്ടെയെന്നും ഇത് കുടുംബത്തോടെ നടത്തിയ കൊള്ളയാണെന്നും മാത്യു കുഴല്‍നാടന്‍. മാസപ്പടി കേസില്‍ കടുകുമണിയോളം പോലും വിട്ടുവീഴ്ചയില്ലെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന തീരുമാനം ഉണ്ടാകകുമെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
മെറിറ്റ് അനുസരിച്ച് നടപടിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. എന്നാല്‍ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇ.ഡി റിപ്പോര്‍ട്ടില്‍ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് കെപിസിസി നിലപാട്. നിയമപ്രശ്നങ്ങളുളള സങ്കീര്‍ണ്ണ വിഷയമാണിത്. നിയമോപദേശം തേടി വേണ്ടത് ചെയ്യുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. ഇഡിയെന്ന അന്വേഷണ ഏജന്‍സിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കുന്നില്ല കോണ്‍ഗ്രസ്. സോണിയയെയും രാഹുലിനെയുമടക്കം പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഇഡിക്കെതിരെ ദേശീയതലത്തിലും സമാന നിലപാട് സ്വീകരിച്ചിട്ടുണ്ട്. അങ്ങനെയുളളപ്പോള്‍ പിണറായിക്കെതിരെ ചാടിക്കയറി കേസെടുക്കുന്നത് BJP-കോണ്‍ഗ്രസ് ഡീലെന്ന സിപിഎം ആരോപണത്തിന്‍റെ മൂര്‍ച്ച കൂട്ടും. മാത്രമല്ല സിഎംആര്‍എലിന്‍റെ രേഖകളില്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലെ പ്രമുഖരുടെ പേരുകളുമുണ്ട്. ഇവര്‍ അന്വേഷണ പരിധിയിലേയ്ക്ക് വരുമെന്നതും കേസെടുക്കല്‍ ആലോചിച്ച് മതിയെന്ന തീരുമാനത്തിന് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്താല്‍ തെരുവിലിറങ്ങാനാണ് സിപിഎം തീരുമാനം. ഏത് സാഹചര്യത്തിലും പിണറായിയേയും കുടുംബത്തേയും തള്ളിപ്പറയാന്‍ സി.പി.എം തയ്യാറാകില്ല. ശക്തമായ പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോയും രംഗത്തുണ്ട്.
സർക്കാരിന്റെ നടപടിക്കായി കാത്തിരിക്കുകയാണ് ഇഡി. വിജിലൻസ് കേസെടുത്താൽ ഇതിൻ്റെ അടിസ്ഥാനത്തിൽ ഇഡി പുതിയ കേസെടുക്കുമെന്നാണ് വിവരം. നിലവിൽ സി.എം.ആർ.എലുമായി ബന്ധപ്പെട്ട കേസിൽ സിവിൽ നടപടികളുമായാണ് ഇഡി മുന്നോട്ടുപോകുന്നത്. കേസിൽ കൂടുതൽ ഓഡിറ്റർമാരടക്കം 7 CMRL ഉദ്യോഗസ്ഥർക്ക് ED സമൻസ് അയച്ചു.
ഇരുപത് കോടിയുടെ കണക്ക് എവിടെ നിന്നെത്തി ?... റിയാസിന് ഇതിലുള്ള പങ്കെന്താണ് ? അന്വേഷണം പറയുന്നതെന്ത്, രാഷ്ട്രീയ വിശദീകരണങ്ങള്‍ എന്ത്?...ആരോപണങ്ങൾക്കപ്പുറം, രേഖകളും അന്വേഷണ വിവരങ്ങളും പരിശോധിക്കുമ്പോൾ പുറത്തുവരുന്ന യാഥാർഥ്യം എന്താണ്? ഈ ചോദ്യങ്ങളിലേക്കാണ് ഇനിയുള്ള അന്വേഷണം.