AI Generated Image
ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കുത്തേറ്റുമരിച്ചു. സോമസുന്ദര്‍ (55), മുത്തുലക്ഷ്മി(48), ഇളയ മകള്‍ സുപ്രിയ(20) എന്നിവരെയാണ് അപാര്‍ട്ട്മെന്‍റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .
മൂത്ത മകളും സുഹൃത്തുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. സോമസുന്ദര്‍–മുത്തുലക്ഷ്മി ദമ്പതികളുടെ മൂത്ത മകള്‍ ശ്വേത, കൂടെ താമസിക്കുന്ന സുഹൃത്ത് കെന്നെത്ത് എന്നിവരെയാണ് പൊലീസിനു സംശയം. ഇരുവരും ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.
കെന്നെത്തുമായുള്ള വിവാഹത്തിന് ശ്വേതയുടെ മാതാപിതാക്കള്‍ എതിര്‍പ്പ് കാണിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവരും ഒന്നിച്ചു താമസിക്കാന്‍ ആരംഭിച്ചത്. സീഗെഹല്ലിയിലെ സായി ഗ്രീന്‍ അപാര്‍ട്ട്മെന്റിലെത്തിയ കെന്നെത്തും ശ്വേതയും കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പ്പോയെന്നാണ് വിവരം. ഇരുവരും ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
കെആര്‍ പുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഈസ്റ്റ് പോയിന്റ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ശ്വേത 30ലക്ഷം രൂപ കടമുണ്ടാക്കിയത് മാതാപിതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് കുടുംബത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
അമ്മ മാത്രം ഉണ്ടായിരുന്ന സമയത്താണ് കെന്നെത്തും ശ്വേതയും വീട്ടിലെത്തിയതെന്നും വാക്തര്‍ക്കത്തിനു പിന്നാലെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് നിഗമനം. സുപ്രിയയും സോമസുന്ദറും വീട്ടിലെത്തിയ ഉടന്‍ ഇവരേയും കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തി. അതേസമയം പ്രതികളില്‍ ഒരാളെ പിടികൂടിയെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.