പെണ്‍സുഹൃത്തുമായി ഫ്ലാറ്റിലെത്തിയ യുവാവിനെ കയ്യേറ്റം ചെയ്തും അസഭ്യം പറഞ്ഞും അയല്‍വാസി. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. ഫ്ലാറ്റിലെ താമസക്കാരനായ യുവാവ് പെണ്‍സുഹൃത്തുമായി മടങ്ങുകയായിരുന്നു ഇതിനിടെ അയല്‍ക്കാരിയായ യുവതി ഇവരെ തടയുകയും ആക്രോശിക്കുകയുമുണ്ടായി. ‘എന്തിനാണ് ഇവിടെ ഒരു പെണ്ണിനെ കൊണ്ടുവന്നത്, ഇവളെവിടുന്നാണ് വരുന്നത് എങ്ങോട്ടാണ് പോകുന്നത്’ എന്നെല്ലാം യുവതി രോഷാകുലയായി ചോദിക്കുന്നത് വിഡിയോയില്‍ കാണാം. യുവതിയുടെ പെരുമാറ്റം അതിരുവിട്ടതോടെയാണ് യുവാവ് വിഡിയോ ചിത്രീകരിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസമായിരുന്നു സംഭവമെന്നാണ് സമൂഹമാധ്യമങ്ങളിലുള്ളത്.
യുവതിയോട് എന്താണ് പ്രശ്നമെന്ന് പ്രശ്നത്തില്‍ ഇടപെടാന്‍ വന്ന യുവാവ് ചോദിക്കുമ്പോള്‍ ‘നീ ആരാണ്, ഇതെന്‍റെ വിഷയമാണ്, നീ ഇടപെടേണ്ട' എന്ന് യുവതി യുവാവിനോട് പറയുന്നു. തുടര്‍ന്ന് ദൃശ്യം പകര്‍ത്തുന്ന യുവാവ്, യുവതിയേയും യുവാവിനെയും കാറില്‍ കയറ്റി അയക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടെ തന്‍റെ ഫോണെടുത്ത യുവതി കാറിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു. തുടര്‍ന്ന് കാര്‍ മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുമ്പോള്‍ കാറിന് വട്ടം ചാടിയും യുവതി വിഡിയോ എടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരന്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം.
തുടര്‍ന്ന് കാര്‍ പോയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുന്ന യുവാവിനോട് ‘നീ ആരാണ്, എന്തിനാണ് എന്‍റെ ദൃശ്യം പകര്‍ത്തുന്നത്, മീഡിയയില്‍ നിന്നാണോ?’ എന്നെല്ലാം യുവതി ചോദിക്കുന്നു. തുടര്‍ന്ന് കേട്ടാലറയ്ക്കുന്ന വാക്കുകള്‍ പ്രയോഗിച്ച യുവതി, യുവാവിന്‍റെ ജനനേന്ദ്രിയത്തിന് തൊഴിക്കുമെന്നും ഭീഷണി മുഴക്കുന്നു. തൊഴിക്കാനായി ചീറിയടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതും യുവാവ് വിഡിയോയില്‍ പകര്‍ത്തിയതോടെ 'എങ്കില്‍ ഫൊട്ടോ എടുത്തോ, ഞാന്‍ പോസ് ചെയ്യാ'മെന്ന് യുവതി പറയുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്.
വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. അനാവശ്യമായി വ്യക്തികളുടെ കാര്യത്തില്‍ ഇടപെടുന്നതും അരോചകമാണെന്ന് വിഡിയോയ്ക്ക് താഴെ ആളുകള്‍ കുറിക്കുന്നു. സിവിക് സെന്‍സ് ഇല്ലായ്മയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും കമന്‍റുകളില്‍ ആളുകള്‍ പറയുന്നു.