mowgli-girl

TOPICS COVERED

ഉത്തര്‍പ്രദേശിലെ 'മൗഗ്ലി ഗേള്‍' അന്തരിച്ചു. വര്‍ഷങ്ങള്‍ നീണ്ട പരിചരണത്തിനൊടുവില്‍   ജൂണ്‍ 15ന് ലഖ്‌നൗവിലെ ഡോ. റാം മനോഹർ ലോഹിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു 18–ാം വയസില്‍ പെണ്‍കുട്ടിഅന്ത്യം. ഗുരുതരമായ ശ്വാസകോശ അണുബാധയെത്തുടർന്ന് ഉണ്ടായ സെപ്റ്റിസീമിയ (രക്തത്തിലെ വിഷബാധ) ആണ് മരണത്തിന് കാരണമായത്. 

ആരാണ് 'മൗഗ്ലി ഗേള്‍'

2017-ൽ ഉത്തർപ്രദേശിലെ ഒരു കാട്ടിൽ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ബഹ്‌റൈച്ച് ജില്ലയിലുള്ള കടർനിയാഘട്ട് വന്യജീവി സങ്കേതത്തിലെ മോട്ടിപൂർ റേഞ്ചിൽ നിന്നും അവളെ കണ്ടെത്തുമ്പോള്‍ വെറും 8 വയസ് മാത്രമായിരുന്നു പ്രായം. മനുഷ്യസമൂഹവുമായി ഒരു ബന്ധവുമില്ലാത്ത കുട്ടി. മൃഗങ്ങളെ പോലെ നാലുകാലിലായിരുന്നു നടത്തം. വസ്ത്രം ധരിച്ചിരുന്നില്ല, നിലത്തുനിന്ന് നേരിട്ട് വായകൊണ്ട് ഭക്ഷണം കഴിക്കും, മൃഗങ്ങളെപ്പോലെ ഒച്ചവച്ചായിരുന്നു ആശയവിനിമയം. 

പരിശോധനകളിൽ അവൾക്ക് ജന്മനാൽ കടുത്ത മാനസിക വൈകല്യവും അപസ്മാരവും ഉണ്ടായിരുന്നതായി ഡോക്ടർമാർ കണ്ടെത്തി. ഈ വൈകല്യങ്ങൾ കാരണം മാതാപിതാക്കൾ അവളെ കാട്ടിൽ ഉപേക്ഷിച്ചതാകാം എന്നാണ് നിഗമനം. പ്രശസ്തമായ 'ജംഗിൾ ബുക്കിലെ' 'മൗഗ്ലി'യെന്ന കഥാപാത്രത്തോട് സാദൃശ്യമുള്ളതിനാൽ മാധ്യമങ്ങളും പൊതുജനങ്ങളും അവളെ 'മൗഗ്ലി ഗേൾ' എന്ന് വിളിച്ചു. 

മൗഗ്ലി എഹ്സാസായി

ചൈൽഡ് വെൽഫെയർ കമ്മിറ്റി ആദ്യം അവൾക്ക് 'പൂജ' എന്ന് പേരിട്ടു. പിന്നീട് ലഖ്‌നൗവിലെ സർക്കാർ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയപ്പോൾ അവൾക്ക് 'എഹ്സാസ്' എന്ന് പേര് നൽകി. ഏകദേശം പത്ത് വർഷത്തോളം എഹ്സാസിനെ പരിചരിച്ചു. ഇതിലൂടെ നിവർന്നു നടക്കാനും, വസ്ത്രം ധരിക്കാനും, കൈകൊണ്ട് ഭക്ഷണം കഴിക്കാനും, ആളുകളെ തിരിച്ചറിയാനും അവൾ പഠിച്ചു. സംരക്ഷണ കേന്ദ്രത്തിലെ പ്രധാന കെയർടേക്കറായ റാണിയുമായി അവൾക്ക് വലിയ മാനസിക അടുപ്പം ഉണ്ടായിരുന്നു. അവരെ 'അമ്മ' എന്നാണ് എഹ്സാസ് വിളിച്ചിരുന്നത്. 

ജൂണിൽ എഹ്സാസിന്‍റെ ആരോഗ്യം വഷളായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഹ്സാസിന്‍റെ നില മെച്ചപ്പെട്ടതോടെ ജൂണ്‍ 11ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ രക്തത്തിലെ ഓക്സിജന്റെ അളവ് 40 ശതമാനമായി താഴ്ന്നതിനെത്തുടർന്ന് ലഖ്‌നൗവിലെ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ജൂൺ 15-ന് അവൾ മരണമടയുകയായിരുന്നു.

ENGLISH SUMMARY:

Mowgli Girl Ehsaas, the famous feral child discovered in the forests of Uttar Pradesh, has passed away at the age of 18 due to a severe lung infection. Found in 2017 walking on all fours and living like wild animals, she was undergoing care and rehabilitation in Lucknow before her unfortunate demise.