honour-killing-bihar

ജാതിവെറിയുടെയും ദുരഭിമാനക്കൊലകളുടെയും വാര്‍ത്തകള്‍ വേദനയോടെയല്ലാതെ കേള്‍ക്കാനാവില്ല. ഇക്കൂട്ടത്തിലേക്ക് ഏറെ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് ബിഹാര്‍ മുസഫര്‍പൂറില്‍ നിന്ന് പുറത്തുവരുന്നത്. മറ്റൊരു ജാതിയില്‍ പെട്ട ആളെ വിവാഹം കഴിച്ചതിന് യുവതിയെ കൊന്ന് കത്തിക്കുകയാണ് കുടുംബം ചെയ്തത്. 

അയല്‍ഗ്രാമക്കാരായിരുന്നു സുജാതയും ഗൗരീശങ്കറും. സ്കൂള്‍ കാലഘട്ടത്തിലെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം സുജാതയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് 19–ാം വയസില്‍ സുജാതയും ഗൗരീശങ്കറും ഒന്നിക്കുകയായിരുന്നു. ഒളിച്ചോടിയ ദമ്പതികള്‍ മധ്യപ്രദേശിലാണ് അഭയം പ്രാപിച്ചത്. 

തുടര്‍ന്ന് സുജാതയുടെ കുടുംബം  ഗൗരീശങ്കറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ് കൊടുത്തു. എന്നാല്‍ പിന്നീട് കോടതിയില്‍ ഹാജരായ സുജാത തനിക്ക് പ്രായപൂര്‍ത്തിയായെന്നും പൂര്‍ണസമ്മതത്തോടെയാണ് ഗൗരീശങ്കറിനൊപ്പം പോയതെന്നും പറഞ്ഞു. എന്നാല്‍   തട്ടിക്കൊണ്ടുപോകൽ കുറ്റത്തിന് ഭർത്താവ് ജയിലിലടയ്ക്കപ്പെടുന്നത് ഒഴിവാക്കാൻ, ഒരു ഇടക്കാല ഒത്തുതീര്‍പ്പിലേക്കെത്താന്‍ സുജാതയോടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. സുജാതയെ ഗൗരീശങ്കര്‍ "ബ്രെയിന്‍വാഷ്" ചെയ്തിട്ടില്ല അല്ലെങ്കിൽ നിർബന്ധിച്ച് കൊണ്ടുപോയതല്ല എന്ന് തെളിയിക്കാൻ ഒരു ഹ്രസ്വകാലത്തേക്ക് വീട്ടിലേക്ക് മടങ്ങാനും നിര്‍ദേശമുണ്ടായി. പിന്നാലെ മനസില്ലാ മനസോടെ സുജാത സ്വന്തം വീട്ടിലേക്ക് മടങ്ങി. മാര്‍ച്ചിലായിരുന്നു ഇത്.

എന്നാല്‍ വീട്ടിലേക്ക് മടങ്ങിയ സുജാതയെ പിന്നീട് ഒരു തരത്തിലും ബന്ധപ്പെടാന്‍ ഗൗരീശങ്കറിനായില്ല. സുജാതയെ കാണാനില്ലെന്ന് പരാതി കൊടുത്തെങ്കിലും അന്വേഷണം നടന്നില്ല. രണ്ട് മാസം പിന്നിട്ടിട്ടും സുജാതയെ ബന്ധപ്പെടാനാകാത്തതോടെ ആപത്ത് മണത്ത ഗൗരീശങ്കര്‍ സമൂഹമാധ്യമങ്ങളിലൂടെ സുജാതയെ കാണാനില്ലെന്നും കണ്ടെത്തിയില്ലെങ്കില്‍ താന്‍ ജീവനൊടുക്കുമെന്നും ഭീഷണി മുഴക്കി. ഗൗരീശങ്കറിന്‍റെ റീല്‍ വൈറലായതോടെ കേസ് അന്വേഷിക്കാന്‍ ഏര്‍പ്പാടാക്കിയ അധികൃതര്‍ ചോദ്യമുനയിലാകുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തു. 

തുടര്‍ന്ന് അന്വേഷണം സുജാതയുടെ സഹോദരന്‍ അഭിഷേക് കുമാറിലേക്കെത്തി. ചോദ്യംചെയ്യലില്‍ മേയ് എട്ടിന് സുജാതയെ കഴുത്ത് ഞെരിച്ച് കൊന്നെന്നും തെളിവ് നശിപ്പിക്കാന്‍ ബുദി ഗന്ധക് നദിക്കരയില്‍ കത്തിച്ച് ചാരമാക്കിയെന്നും അഭിഷേക് കുറ്റസമ്മതം നടത്തി. നദിക്കരയില്‍ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ ചാരത്തിനിടയില്‍ നിന്നും അസ്ഥികളുടെ ചെറിയ കഷണങ്ങള്‍ ലഭിച്ചു. സുജാതയുടെ കുടുബത്തിലെ അഞ്ചുപേരെ പ്രതിചേര്‍ത്ത് അന്വേഷണമാരംഭിച്ചിരിക്കുകയാണ് പൊലീസ്. 

ENGLISH SUMMARY:

Honor killing and caste discrimination are deeply disturbing issues, and the recent news from Muzaffarpur, Bihar, of a young woman murdered and burned by her family for marrying outside her caste is particularly shocking. This incident highlights the severe consequences of caste-based prejudice and the lengths to which some families will go to uphold perceived honor.