ഭാര്യയെ മക്കളുടെ മുന്നിലിട്ട് ക്രൂരമായി പീഡിപ്പിച്ച് ഭര്‍ത്താവ്. കൈ കെട്ടിയിട്ട്, തല മൊട്ടയടിച്ച് മുഖത്ത് കരി പുരട്ടി ക്രൂരമായി ആക്രമിക്കുകയായിരുന്നു. മറ്റൊരു യുവാവിനൊപ്പം താമസിക്കുന്നു എന്നാരോപിച്ചാണ് യുവതിയെ ഭര്‍ത്താവ് ആക്രമിച്ചത്. ചത്തീസ്ഗഡിലെ കോറിയ ജില്ലയിലാണ് സംഭവം. താര എന്ന യുവതിയുടെ പരാതിക്കാരിയില്‍ പൊലീസ് കേസെടുത്തു.
താരയും ഭര്‍ത്താവ് ജിതേന്ദ്ര ഗാസിയയും 15 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവര്‍ക്ക് നാലു മക്കളുണ്ട്. ഭര്‍ത്താവുമായി പിണങ്ങി താര വേറിട്ട് താമസിക്കുകയാണ്. താര മാറി താമസിച്ചിരുന്ന വീട്ടിലേക്ക് എത്തിയ ജിതേന്ദ്ര യുവതിയെ ആക്രമിക്കുകയായിരുന്നു. പുറത്തേക്ക് വിളിച്ചു വരുത്തി മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം.
കൈകാലുകൾ കയറുകൊണ്ട് കെട്ടി ക്രൂരമായി മർദിച്ചുവെന്നും മുടി മുറിച്ചു, തല മൊട്ടയടിച്ച് മുഖത്ത് കരിയും എന്‍ജിൻ ഓയിലും പുരട്ടി കറുപ്പിച്ചെന്നും യുവതി ആരോപിച്ചു. കുട്ടികൾ ഭയന്ന് നോക്കിനിൽക്കെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. അമ്മയുടെ മുഖത്തടിക്കാന്‍ ജിതേന്ദ്ര മക്കളോട് ആവശ്യപ്പെട്ടു. കുട്ടികളിൽ ഒരാളെ മൂത്രം കുടിപ്പിക്കാൻ നിർബന്ധിച്ചു. തുടർന്ന് പ്രതി തന്നെ മൂത്രം കുടിപ്പിച്ചതായും യുവതി ആരോപിച്ചു.
ജിതേന്ദ്രയുടെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭാര്യ കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരു പുരുഷനോടൊപ്പം താമസിക്കുകയാണെന്ന് പ്രതി വിഡിയോയില്‍ ആരോപിക്കുന്നുണ്ട്. താര നേരത്തെ തന്‍റെ അളിയനൊപ്പവും സഹോദരീപുത്രനോടൊപ്പവും ഒളിച്ചോടിയിരുന്നുവെന്നും ഭര്‍ത്താവ് പറയുന്നു. ഭര്‍ത്താവിന്‍റെ ആരോപണങ്ങള്‍ തെറ്റാണെന്നും വര്‍ഷങ്ങളായി ഇയാള്‍ തന്‍റെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നതായും ഉപദ്രവിച്ചിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു.
ഭര്‍ത്താവ് മദ്യലഹരിയില്‍ അക്രമിച്ചെന്ന പരാതിയുമായാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അധിക വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയായിരുന്നു. അറസ്റ്റിലായ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു.