കള്ളന്മാർ പലവിധമുണ്ട്. ചിലർ സ്വർണം മോഷ്ടിക്കും, ചിലർ പണം കവരും, വേറെ ചിലർക്ക് കമ്പം വാഹനങ്ങളോട് ആയിരിക്കും. എന്നാൽ ഛത്തീസ്ഗഡിലെ അംബികാപൂരിൽ ഇറങ്ങുന്ന കള്ളൻ വ്യത്യസ്തനാണ്. അദ്ദേഹത്തിന് പ്രിയം ബാത്ത്റൂമിലെ വാട്ടർ ടാപ്പുകളോടാണ്! അതും ഒരു പ്രധാന പാർട്ടി ഓഫിസിലെ.
സുർഗുജ ജില്ലയിലെ കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിലാണ് വിചിത്രമായ മോഷണം ആവർത്തിക്കുന്നത്. മെയ് 14 രാത്രിയിൽ ഓഫിസിന്‍റെ മുകൾഭാഗത്തുകൂടി അകത്തുകടന്ന മോഷ്ടാക്കൾ അടിച്ച് മാറ്റിയത് ഒന്നോ രണ്ടോ അല്ല, 73 വാട്ടർ ടാപ്പുകൾ . എല്ലാം അഴിച്ചെടുത്ത നിലയിൽ. വാഷ് ബേസിനുകളും ഫ്ലഷ് സിസ്റ്റങ്ങളും പൈപ്പ് ലൈനുകളും അടിച്ചുതകർത്തു. പോകുന്ന വഴിക്ക് കോണിപ്പടിയുടെ സ്റ്റീൽ ഗ്രില്ലും കൂടി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും, ഭാരം കൂടുതലായതിനാൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ തന്നെ ഉപേക്ഷിക്കേണ്ടി വന്നു.
അവിടം കൊണ്ടും തീർന്നില്ല, തറയിലെ പൊടിയിൽ വിരലുകൊണ്ട് "I LOVE AMBIKAPUR" എന്ന് എഴുതിവെച്ച ശേഷമാണ് മോഷ്ടാക്കൾ മടങ്ങിയത്. നഗരത്തോടുള്ള അടങ്ങാത്ത സ്നേഹമാണോ, അതോ പൊലീസിനെയും ഭരണസംവിധാനത്തെയും പരിഹസിക്കുകയാണോ ഇതെന്നാണ് ഉയരുന്ന ചോദ്യം.
ഏകദേശം 80,000 രൂപയുടെ നാശനഷ്ടങ്ങളാണ് ഒറ്റ രാത്രികൊണ്ട് പാർട്ടി ഓഫിസിലുണ്ടായത്. അടുത്ത കാലത്തായി ഇതേ ഓഫീസിൽ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്. ഇതോടെ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. നഗരത്തിലെ രാത്രികാല പട്രോളിംഗ് വെറും കടലാസിൽ മാത്രമാണെന്നും, പൊലീസ് വിഐപി സുരക്ഷാ ഡ്യൂട്ടികളുടെ തിരക്കിലാണെന്നും ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് ബാൽകൃഷ്ണ പഥക് ആരോപിച്ചു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നഗരത്തിലെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ സാമൂഹ്യവിരുദ്ധരോ ആകാം ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്തായാലും സ്വർണ്ണക്കള്ളന്മാരെയും വാഹനമോഷ്ടാക്കളെയും തിരഞ്ഞ് ശീലിച്ച പൊലീസിന്, 'ടാപ്പ് കള്ളനെ' പിടികൂടുക എന്നത് വ്യത്യസ്തമായ വെല്ലുവിളിയാണ്.