Image: X

Image: X

സൗത്ത് ഈസ്റ്റ് ഡൽഹിയിലെ ഗോവിന്ദ്പുരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ പുതിയ വഴിത്തിരിവ്. തീപിടിത്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയത്തിലാണ് ഡൽഹി പൊലീസ്. തീപിടിത്തമുണ്ടാകുന്നതിനു തൊട്ടുമുൻപ് മാസ്ക് ധരിച്ച ഒരു സ്ത്രീ കെട്ടിടത്തിൽ കയറുകയും പുറത്തിറങ്ങുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്ത്രീ കെട്ടിടത്തില്‍ നിന്നും പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ തീ പടരുകയും ചെയ്തു.

ജൂൺ 12ന് പുലര്‍ച്ചയോടെയാണ് ഗോവിന്ദ്പുരിയിലെ നാല് നില കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായിരുന്നു. പങ്കജ്, സുശീല ദേവി, സോണി എന്നിവരാണു മരിച്ചത്. അപകടത്തില്‍ സാരമായി പരുക്കേറ്റ പങ്കജിന്റെ അമ്മയും മറ്റൊരു സഹോദരിയും ഇപ്പോഴും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയുമാണ്.

കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കാണ് ആദ്യം തീപിടിച്ചത്. പിന്നാലെ തീ കെട്ടിടത്തിലേക്ക് ആകെ പടരുകയായിരുന്നു. താമസക്കാർ ഉള്ളിൽ കുടുങ്ങുകയും ചെയ്തു. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് മൂന്ന് പേർ മരണപ്പെട്ടത്.

ഷോർട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ,  തീപിടിത്തമുണ്ടായ ഫ്ലാറ്റിനു സമീപത്തെ പാർക്കിങ് ഏരിയയിലുള്ള സിസിടിവി ക്യാമറയിൽ, മാസ്ക് ധരിച്ചൊരു സ്ത്രീ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കു കയറുന്നതു കാണാം. തൊട്ടുപിന്നാലെ പൊട്ടിത്തെറിയുണ്ടാകുന്നതും സ്ത്രീ പുറത്തേക്കിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെ തിരിച്ചറിയാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേസമയം, രാജ്യതലസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന തീപിടിത്തങ്ങൾ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അടുത്തിടെ സാകേതിലെ 'ഹോട്ടൽ ഫ്ലറിഷ് ഇൻ'-ലുണ്ടായ തീപിടിത്തത്തിൽ നിരവധി വിദേശികളടക്കം 21 പേരാണ് മരണപ്പെട്ടത്. ആ ഞെട്ടൽ മാറുന്നതിന് മുൻപാണ് ഗോവിന്ദ്പുരിയിലും ദുരൂഹത ഉണർത്തുന്ന തീപിടിത്തം ഉണ്ടായത്.

ENGLISH SUMMARY:

The ongoing investigation into the tragic fire in Southeast Delhi's Govindpuri has taken a suspicious turn after CCTV footage revealed a masked woman at the scene moments before the incident. The crucial footage captured a woman with her face covered by a dupatta entering the Tughlakabad Extension residential building in the early hours of June 12. Moments after she entered the ground floor parking zone, a sudden bright flash emerged from inside the premises before she quickly exited and fled the area. This newly discovered visual evidence has prompted the Delhi Police to deeply investigate the angle of deliberate sabotage and arson, shifting from their initial theory of an electrical short circuit. The devastating blaze quickly spread through several parked two-wheelers, trapping multiple families inside and leading to the painful deaths of Pankaj, his sister Soni, and their grandmother Sushila Devi due to asphyxiation. This disturbing incident has further escalated safety anxieties across the national capital, coming just days after a massive hotel fire in south Delhi claimed twenty-one lives.