പ്രമുഖ കമ്പനിയുടെ പുതിയ വർക്ക് ഫ്രം ഹോം പോളിസിയെക്കുറിച്ച് ഒരു ജീവനക്കാരൻ പങ്കുവെച്ച വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാകുന്നത്. ജീവനക്കാർക്ക് അവരുടെ നാട്ടിലേക്ക് മടങ്ങാൻ അനുവാദം നിഷേധിക്കപ്പെടുകയും ഹാജർ രേഖപ്പെടുത്തുന്നതിനായി കമ്പനി ജിപിഎസ് വഴി ജീവനക്കാരുടെ ലൊക്കേഷൻ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്ന രീതി നടപ്പാക്കിയതിനെതിരെയാണ് വിമര്‍ശനം. കഴിഞ്ഞ മാസം കമ്പനിയിൽ വലിയ തോതിൽ പിരിച്ചുവിടൽ നടന്നിരുന്നുവെന്നും, അതിനുശേഷമാണ് ഈ പുതിയ നിയമം കൊണ്ടുവന്നതെന്നും ജീവനക്കാരൻ റെഡ്ഡിറ്റ് (Reddit) പോസ്റ്റിൽ കുറിച്ചു.

പിരിച്ചുവിടലിന് ശേഷം കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം 40-ൽ നിന്ന് 15 ആയി കുറഞ്ഞു. ഇതേതുടർന്ന് ആറാം നിലയിലുണ്ടായിരുന്ന ഓഫിസ് ഒഴിഞ്ഞ് തൊട്ടുതാഴത്തെ നിലയിലുള്ള ചെറിയൊരു സ്ഥലത്തേക്ക് മാറേണ്ടി വന്നുവെന്നും ജീവനക്കാരന്‍റെ പോസ്റ്റില്‍ പറയുന്നു. അഞ്ചാം നിലയിൽ എല്ലാവർക്കും ഇരിക്കാനുള്ള സ്ഥലമില്ലാത്തതിനാലാണ് കമ്പനി വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ‘അഞ്ചാം നിലയിൽ ഞങ്ങൾക്ക് ആകെ 4 സീറ്റുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അതിനാൽ ബാക്കിയുള്ളവർ മാറിമാറി വീട്ടിലിരുന്ന് ജോലി ചെയ്യണം. കുറച്ച് ആഴ്ചകൾക്ക് ശേഷം, ഇപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ഓഫീസിലേക്ക് വരികയും, ഓഫീസിലുള്ളവർ വീട്ടിലേക്ക് മാറുകയും ചെയ്യും’ – പോസ്റ്റിൽ പറയുന്നു.

തുടക്കത്തിൽ ഈ തീരുമാനത്തിൽ സന്തോഷം തോന്നിയെങ്കിലും, ജിപിഎസ് നിരീക്ഷണം എന്ന നിബന്ധന വന്നതോടെയാണ് തങ്ങൾ കെണിയിലായെന്ന് ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. സ്വന്തം നാട്ടിലിരുന്നും ജോലി ചെയ്യാമല്ലോ എന്നതായിരുന്നു ആദ്യം ജീവനക്കാരുടെ ആശ്വാസം. എന്നാൽ ഡൽഹി-എൻസിആർ (Delhi-NCR) പരിധിക്കുള്ളിൽ ഇരുന്ന് മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ എന്ന് കമ്പനി നിബന്ധന വച്ചു. ഇത് ഉറപ്പാക്കാൻ ജിപിഎസ് വഴിയാണ് ഹാജർ രേഖപ്പെടുത്തുന്നത്. ജീവനക്കാരൻ ഡൽഹി-എൻസിആർ പരിധിയിലുണ്ടെങ്കിൽ മാത്രമേ സിസ്റ്റം പ്രസന്റ് മാർക്ക് ചെയ്യൂ. എന്നാല്‍ ഇത്തരമൊരു കര്‍ശനരീതി നടപ്പാക്കുന്നതിന് പ്രത്യേക വിശദീകരണമൊന്നും കമ്പനി ഉടമ നല്‍കിയിട്ടില്ല. എങ്കിലും ഓഫീസിൽ എന്തെങ്കിലും അടിയന്തിര ആവശ്യമുണ്ടായാൽ ജീവനക്കാര്‍ക്ക് വേഗത്തില്‍ എത്തിച്ചേരാൻ വേണ്ടിയാകാം ഇതെന്നാണ് കരുതുന്നതെന്നും വർക്ക് ഫ്രം ഹോം എന്നാൽ ഇതാണോ അർത്ഥമാക്കുന്നത് എന്നും ജീവനക്കാരന്‍ ചോദിക്കുന്നു.

പോസ്റ്റ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. ഒരു വിഭാഗം ആളുകൾ ജീവനക്കാരനോട് സഹതാപം പ്രകടിപ്പിച്ചപ്പോൾ മറ്റ് പല കമ്പനികളും സമാനമായ രീതി തന്നെയാണ് പിന്തുടരുന്നതെന്ന് ചിലർ ചൂണ്ടിക്കാട്ടി. ‘ഇതിനെ അടിമത്തം എന്നാണ് വിളിക്കുന്നത്, നിർഭാഗ്യവശാൽ ഇത് ഇവിടെ സർവ്വസാധാരണമായി മാറിയിരിക്കുന്നു’ എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്‍റെ കമന്‍റ്. ‘ഇത് ശരിക്കും ഭ്രാന്താണ്. കമ്പനികൾക്ക് ജീവനക്കാരോട് ഇങ്ങനെ ചെയ്യാൻ കഴിയുമെന്ന് എനിക്കറിയില്ലായിരുന്നു’ എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. എന്നാല്‍ കമ്പനിയുടെ പക്ഷത്തുനിന്ന് കാര്യങ്ങളെ നോക്കിക്കണ്ടവരുമുണ്ട്. ഈ വർക്ക് ഫ്രം ഹോം താൽക്കാലികമായതുകൊണ്ടാകാം ഇങ്ങനെ ചെയ്യുന്നതെന്നും ആളുകളെ നഗരത്തിന് പുറത്തേക്ക് പോകാൻ അനുവദിച്ചാൽ പലരും വീടുകൾ ഒഴിഞ്ഞുപോവുകയും കുട്ടികളുള്ളവർ നാട്ടിലെ സ്കൂളുകളിൽ അഡ്മിഷൻ എടുക്കുകയും ചെയ്യും. അത് പിന്നീട് ബുദ്ധിമുട്ടാകും എന്നുമായിരുന്നു ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവിന്‍റെ അഭിപ്രായം. ‘വലിയ മൾട്ടിനാഷണൽ കമ്പനികളിൽ പോലും ഇങ്ങനെ തന്നെയാണ്. പവർ കട്ടും ഇന്റർനെറ്റ് തകരാറും പോലുള്ള നിസ്സാര കാരണങ്ങൾ പറഞ്ഞ് ഓഫ് ലൈനാകുന്ന ഒരുപാട് പേരുണ്ട്. ഒരുപക്ഷേ അത്തരം കാര്യങ്ങൾ ഒഴിവാക്കാനായിരിക്കാം ഈ ജിപിഎസ് സംവിധാനം’  എന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

ENGLISH SUMMARY:

Work from home policy is facing severe criticism after an employee shared details about a company's strict new rules, including mandatory GPS tracking and restrictions on working from native places. This policy was implemented after significant layoffs, leading to a reduced office space and a rotational work-from-home arrangement