സ്വകാര്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ സൈബര്‍ തട്ടിപ്പ്. കോഴിക്കോട് രണ്ട് കേസുകളിലായി 70 ലക്ഷം രൂപയാണ് നഷ്ടമായത്. തട്ടിപ്പ് പണം ഹവാല ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നതായാണ് പൊലീസ് നിഗമനം.
തട്ടിപ്പുകാര്‍ അയച്ച മെയില്‍ തുറന്നതോടെ സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടു. പിന്നീട് വാട്സ് ആപ്പിലെ വിവരങ്ങള്‍ മനസിലാക്കി മാനേജിങ് ഡയറക്ടുടെ പേരും പ്രൊഫൈല്‍ പിക്ചര്‍ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് ഐഡി നിര്‍മ്മിച്ചു. ഇതു വഴിയാണ് തട്ടിപ്പുകാര്‍ ജീവനക്കാരിയോട് പണം ആവശ്യപ്പെട്ടത്. കോഴിക്കോട് 50 ലക്ഷവും 20 ലക്ഷം രൂപയുമാണ് രണ്ട് കമ്പനികളില്‍ നിന്നും നഷ്ടമായത്. തട്ടിപ്പുകാര്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പണം മാറ്റാറില്ല. പകരം സാധാരണക്കാരായ ആളുകള്‍ക്ക് ചെറിയ തുക നല്‍കി അവരുടെ അക്കൗണ്ട് വഴിയാണ് പണം പിന്‍വലിക്കുന്നത്. ഹവാല ഇടപാടുകള്‍ നടക്കുന്നതായും പോലീസ് സംശയിക്കുന്നു.തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനാല്‍ ജാഗ്രത വേണമെന്നാണ് പൊലീസ് മുന്നറിയിപ്പ്.