Image Credit: x/ramesh-tiwari
ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തുമ്പോള്‍ ഉറങ്ങാന്‍ നേരം കറന്‍റ് പോയാലെന്ത് ചെയ്യും? രാത്രിയില്‍ വൈദ്യുതി മുടക്കം പതിവായതോടെ നവി മുംബൈയിലുള്ള യുവതിയൊരു പ്രതിഷേധം നടത്തി. രാത്രി തലയണയുമെടുത്ത് നേരെ ഇലക്ട്രിസിറ്റി ഓഫിസിലേക്ക് പോയി. വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് ചെയ്യാനാണെന്നാണ് യുവതി ചോദിക്കുന്നത്.
രാത്രി 11 മണി കഴിയുമ്പോള്‍ പോകുന്ന കറന്‍റ് പുലര്‍ച്ചെ നാലു മണിയോ അഞ്ചുമണിയോ വരെ ഉണ്ടാകില്ലെന്നും എങ്ങനെയാണ് കിടന്നുറങ്ങാന്‍ കഴിയുകയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നത് ശാരീരികമായും മാനസികമായും ആളുകളെ തളര്‍ത്തുന്നുവെന്നും യുവതി പറയുന്നു. പലവട്ടം ഇലക്ട്രിസിറ്റി ഓഫിസിലേക്ക് വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടാകാതെ വന്നതോടെയാണ് ഈ പ്രതിഷേധത്തിന് മുതിരേണ്ടി വന്നത് എന്നും യുവതി കരഞ്ഞു കൊണ്ട് പറയുന്നു.
സമാധാനമായി ഒന്നുറങ്ങാന്‍ പോലും കഴിയാത്തതിന്‍റെ ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ വയ്യെന്നുമാണ് യുവതി വിശദീകരിക്കുന്നത്. 'രാത്രി 11 മണിക്കാണ് ജോലി കഴിഞ്ഞ് ഞാനെത്തുന്നത്. രാവിലെ ആറുമണിക്ക് വീണ്ടും പോകും. ഒന്നുറങ്ങി എഴുന്നേല്‍ക്കാനുള്ള സമയം തന്നെ കഷ്ടിയാണ്. അതിന് പോലും പറ്റുന്നില്ലെങ്കില്‍ എന്ത് കഷ്ടമാണ്? ഉള്‍വിലും തലോജയിലുമുള്ള ആയിരക്കണക്കിന് ആളുകളാണ് ഈ അപ്രഖ്യാപിത പവര്‍കട്ട് കാരണം വലയുന്നതെന്നും യുവതി പറയുന്നു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നവി മുംബൈയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും വിഡിയോയ്ക്ക് താഴെ ആളുകള്‍ കുറിച്ചിട്ടുണ്ട്.