കോടതിയില്‍ നിന്നിറങ്ങിയോടിയെ ബലാല്‍സംഗക്കേസ് പ്രതിയെ ഷോക്കടിച്ച് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. യുപി ചിത്രക്കൂട്ട് ജില്ലയിലാണ് സംഭവം. കോടതിക്ക് തൊട്ടടുത്ത ഗ്രാമത്തിലെ ട്രാന്‍സ്ഫോമറിന് സമീപം ഷോക്കേറ്റ് ശരീരത്തിന്‍റെ പല ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു പ്രതിയുടെ അവസ്ഥ.
2024നാണ് ഒരു ബലാല്‍സംഗക്കേസില്‍ ശൈലേന്ദ്ര കുമാര്‍ എന്ന 22കാരന്‍ അറസ്റ്റിലാവുന്നത്. എന്നാല്‍ കേസില്‍ അധികം വൈകാതെ ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. ഈ വര്‍ഷം ശൈലേഷിന്‍റെ ജാമ്യത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായി. പിന്നാലെ ശൈലേഷിനോട് ജൂണ്‍ 8ന് കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടു.
എന്നാല്‍ കോടതിയിലെത്തിയ ശൈലേഷ് കുമാറിനെ പെട്ടന്ന് കാണാതാവുകയായിരുന്നു. ഏറെ നേരം തിരഞ്ഞിട്ടും ശൈലേഷ് കുമാറിനെ കണ്ടെത്താനായില്ല. എന്നാല്‍ ഏറെക്കഴിഞ്ഞ് പ്രദേശത്തെ പൊലീസിന് തൊട്ടടുത്ത ഗ്രാമത്തിലെ ട്രാന്‍സ്ഫോമറിന് സമീപം ഒരാള്‍ ഷോക്കടിച്ച് ഗുരുതര പരുക്കകളോടെ കിടക്കുന്നെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റ് കിടന്നയാളെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ ആള്‍ പ്രദേശവാസിയല്ലെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടതിയില്‍ നിന്ന് മുങ്ങിയ ശൈലേന്ദ്ര കുമാറാണ് ഷോക്കടിച്ച് കിടക്കുന്നതെന്ന് പൊലീസിന് വ്യക്തമായത്.
പ്രാഥമിക പരിശോധനയില്‍ പ്രതി ട്രാന്‍സ്ഫോമറില്‍ പോയി പിടിക്കുകയായിരുന്നെന്ന് പൊലീസ് നിഗമനത്തിലെത്തി. മകന്‍ ജയിലില്‍ പോകുന്നത് ഭയന്നിരുന്നെന്നും അതാകാം ജീവനൊടുക്കാന്‍ ശ്രമിച്ചതിന്‍റെ കാരണമെന്ന് പ്രതിയുടെ പിതാവ് പറഞ്ഞു. എങ്കിലും പ്രതിയെ ആരെങ്കിലും ട്രാന്‍സ്ഫോമറിലേക്ക് തള്ളിയിട്ടതാകാം എന്ന സംശയവും പൊലീസ് തള്ളിക്കളയുന്നില്ല.
നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് ശൈലേന്ദ്ര കുമാര്‍. യുവാവ് സുഖം പ്രാപിക്കുന്നുണ്ടെന്നും ഭേദമായാല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.