saree-child

നവജാതശിശുക്കളെ പ്രസവത്തിന് പിന്നാലെ വിറ്റെന്ന വാര്‍ത്തകള്‍ നാം ഏറെ കേള്‍ക്കാറുണ്ട്. സാമ്പത്തിക ബാധ്യതകളാണ് രക്ഷിതാക്കളെ പലപ്പോഴും ഇത്തരമൊരു കടുംകയ്യിലേക്കെത്തിക്കുന്നത്. സമാനമായൊരു സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് യു.പിയില്‍ നിന്ന് പുറത്തുവരുന്നത്. പത്ത് സാരികള്‍ക്കും 16,000 രൂപയ്ക്കുമാണ് പന്ത്രണ്ടുകാരിയായ മകളെ അമ്മ വിറ്റത്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു കുടുംബം. ഇതിനിടെയാണ് കുട്ടിയെ ദത്തെടുക്കാന്‍ തയ്യാറായി യു.പി സ്വദേശിയായ ലഹരു യാദവ് എന്ന നാല്‍പതുകാരന്‍ എത്തുന്നത്. തുടര്‍ന്ന് കുടുംബം പണത്തിനായി മകളെ ഇയാള്‍ക്ക് നല്‍കാമെന്ന് ധാരണയിലെത്തി. തുടര്‍ന്ന് 16,000 രൂപയ്ക്കും പത്ത് സാരികള്‍ക്കും കുടുംബം തങ്ങളുടെ 12കാരിയായ മകളെ ലഹരു യാദവ് എന്ന വിഭാര്യന് കൈമാറുകയായിരുന്നു.

എന്നാല്‍ കുട്ടിയെ യു.പിയിലെത്തിച്ച ഇയാള്‍ ക്ഷേത്രത്തിലെത്തി കുട്ടിയെ വിവാഹം കഴിക്കുകയും തന്റെ പങ്കാളിയെന്ന നിലയ്ക്ക് കൂടെ കൂട്ടുകയുമായിരുന്നു. മാസങ്ങളോളം ലഹരു യാദവ് 12കാരിയെ പീഡനത്തിനിരയാക്കി. കൂടാതെ വീട്ടിലെ ജോലികള്‍ കുട്ടിയെക്കൊണ്ട് ചെയ്യിപ്പിച്ചു. ഇയാളുടെ വിവാഹത്തെക്കുറിച്ചറിഞ്ഞ അയല്‍ക്കാര്‍ പ്രായപൂര്‍ത്തിയാകാത്ത ആളെ ഭാര്യയാക്കുന്നതും ലൈംഗികമായി ഉപയോഗിക്കുന്നതും കുറ്റകരമാണെന്ന് ഇയാളോട് പറഞ്ഞു. നാട്ടുകാര്‍ വിവരമറിഞ്ഞതോടെ ഇയാള്‍ പെണ്‍കുട്ടിയെ മേയ് 19ന് വാരണാസിയിലെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു.

പിന്നാലെ തെരുവില്‍ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ ഓട്ടോ ഡ്രൈവറായ രവി വര്‍മ ആശ്വസിപ്പിച്ച് കൂടെ കൂട്ടി. രക്ഷിക്കാമെന്ന വ്യാജേന ഇയാള്‍ കുട്ടിയെ വിജനമായ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചു. ഇതേ തുടര്‍ന്ന് തെരുവില്‍ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ലഹരു യാദവ്, രവി വര്‍മ എന്നിവരെയും കുട്ടിയുടെ അമ്മയെയും കസ്റ്റഡിയിലെടുത്തു.

ENGLISH SUMMARY:

Shocking news emerges from Uttar Pradesh regarding the sale of a 12-year-old girl by her mother for Rs 16,000 and ten sarees. The child was later married off and abused by the buyer, only to be abandoned and further victimized.