ട്രെയിൻ യാത്രകളിലെ വിചിത്രമായ കാഴ്ചകൾ പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. ഇന്ത്യൻ റെയിൽവേയിൽ നിന്നുള്ള ദൃശ്യങ്ങളും ഇങ്ങനെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നld പതിവാണ്. അത്തരത്തില്‍ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ബിഹാറിലെ റെയിൽവേ സ്റ്റേഷനിൽ നടന്ന ഒരു സംഭവമാണ്. ഒരു കൂറ്റൻ ഇരുമ്പ് പെട്ടി ഓടുന്ന ട്രെയിന്‍റെ ജനൽ വഴി താങ്ങിപ്പിടിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ ഞെട്ടിക്കുന്ന ദൃശ്യമാണിത്. ആളുകളെ ഒരേ സമയം അതിശയിപ്പിക്കുകയും ഗൗരവമായ ചില ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട് ഈ വിഷയം. 

ജനലിലൂടെ ഉള്ളിലേക്ക് കയറ്റാൻ നോക്കിയിട്ട് സാധിക്കാതെ വന്ന വലിയൊരു ട്രങ്ക് പെട്ടിയാണ് ഈ വിധത്തിൽ കയറ് കൊണ്ട് കെട്ടുകയും കൂടെ കൈ കൊണ്ട് താങ്ങിപ്പിടിക്കുകയും ചെയ്തിട്ടുള്ളത്. വേഗതയില്‍ പോകുന്ന ട്രെയിനില്‍ ഒരല്പം പാളിപ്പോയാല്‍ തന്നെ അപകടം ഉറപ്പ്.

സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ നിമിഷങ്ങൾകൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കാണ്ടു. ഒപ്പം വ്യാപകമായി ട്രോളുകളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയിൽ വിൻഡോ സീറ്റ് കിട്ടാൻ ആളുകൾ മത്സരിക്കാറുണ്ടെങ്കിലും, ഇങ്ങനെ പെട്ടി വെക്കാൻ വേണ്ടി ജനൽ സീറ്റ് ഉപയോഗിക്കുന്നത് ഇത് ആദ്യമായാണ് എന്ന് പലരും കമന്റ് ചെയ്യുന്നു. 

വീഡിയോ വൈറലായതോടെ റെയിൽവേ അധികൃതരുടെ ശ്രദ്ധയിലും ഈ സംഭവം പെട്ടിട്ടുണ്ട്. ഇത്തരം അപകടകരമായ യാത്രകൾ യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച റെയിൽവേ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ഔദ്യോഗികമായി പ്രതികരിച്ചു. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും പണയപ്പെടുത്തിക്കൊണ്ട് ട്രെയിൻ യാത്രകളിൽ ഇത്തരം അഭ്യാസങ്ങൾ കാണിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. റെയിൽവേ സുരക്ഷയെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്ക് കൂടിയാണ് ഈ വൈറൽ വീഡിയോ ഇപ്പോൾ വഴിതുറന്നിട്ടുള്ളത്.