നടൻ ഫഹദ് ഫാസിലിനെ വാനോളം പുകഴ്ത്തി തമിഴ് സൂപ്പർതാരം സൂര്യ. 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിലാണ് ഫഹദുമായുള്ള ആഴത്തിലുള്ള വ്യക്തിബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും സൂര്യ സംസാരിച്ചത്. സിനിമയിലെ ഇമേജ് ഭാരങ്ങളോ കണക്കുകൂട്ടലുകളോ ഇല്ലാതെ കഥാപാത്രങ്ങളിലേക്ക് പൂർണ്ണമായി ഇറങ്ങിച്ചെല്ലുന്ന ഫഹദിന്റെ ശൈലിയും നിർമ്മാണരംഗത്തെ കാഴ്ചപ്പാടുകളും തനിക്ക് ഏറെ പ്രചോദനമാണെന്നും സൂര്യ വ്യക്തമാക്കി.
പ്രൊമോഷനിടെ സംസാരിക്കവേ തന്നെ 'അണ്ണാ' എന്ന് ഫഹദ് ഫാസില്‍ വിളിച്ചതിലുള്ള സന്തോഷവും സൂര്യ പങ്കുവച്ചു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വെളുപ്പാൻകാലം വരെ ഇരുവരും സംസാരിച്ചിരുന്ന ഓർമ്മകളും, തുടക്കകാലത്ത് നേരിട്ട വീഴ്ചകളിൽ നിന്ന് ഒന്നിച്ച് കരകയറിയ അനുഭവങ്ങളും സൂര്യ പങ്കുവച്ചു. ‘ഫഹദ് എന്നെ 'അണ്ണാ' എന്ന് വിളിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്; അങ്ങനെ അണ്ണാ എന്ന് വിളിച്ചിട്ട് പിന്നീട് അത് മാറ്റി 'സർ' എന്ന് വിളിക്കരുത് കേട്ടോ. ഞങ്ങൾ രണ്ടുപേരും തമ്മിൽ ഒരുപാട് സംസാരിച്ചിട്ടുണ്ട്, ഒന്നിച്ച് ഒരുപാട് സമയം ചെലവഴിച്ചിട്ടുമുണ്ട്. രാവിലെയെന്നോ ഉച്ചയെന്നോ വൈകുന്നേരമെന്നോ പാതിരാത്രിയെന്നോ വ്യത്യാസമില്ലാതെ ഞങ്ങൾ സംസാരിച്ചിരുന്ന എത്രയോ ഓർമകളുണ്ട്. ഞങ്ങളുടെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും ഞങ്ങൾ നേരിട്ട സമാനതകളെക്കുറിച്ചുമൊക്കെ ഞങ്ങൾ ഒരുപാട് സംസാരിച്ചിട്ടുണ്ട്. ആദ്യമേ തന്നെ, ഒന്നും ഞങ്ങൾക്കത്ര എളുപ്പത്തിൽ കിട്ടിയതല്ല; ഒരുപാട് വീണും മുട്ടുപൊട്ടിയുമൊക്കെ തന്നെയാണ് ഒടുവിൽ എഴുന്നേറ്റ് നിൽക്കാൻ പഠിച്ചത്. ആ ഓർമ്മകളെല്ലാം ഇത്രയും തുറന്ന മനസോടെ പങ്കുവെച്ചതിന് ഫഹദിന് ഒരുപാട് നന്ദി’– സൂര്യ പറഞ്ഞു.
ഫഹദ് കഥയുടെയും കഥാപാത്രത്തിന്റെയും ഗുണനിലവാരം മാത്രം നോക്കിയാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്. നടൻ എന്ന നിലയിൽ മാത്രമല്ല, ഒരു നിർമ്മാതാവ് എന്ന നിലയിലും ഫഹദിൽ നിന്ന് തനിക്ക് ഏറെ പഠിക്കാനുണ്ടെന്ന് സൂര്യ കൂട്ടിച്ചേർത്തു. നമ്മളൊക്കെ ഒരു കഥാപാത്രമായി മാറാൻ ശ്രമിക്കുമ്പോൾ ഫഹദ് ആ കഥാപാത്രമായിത്തന്നെ ജീവിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം അതിമനോഹരമായാണ് അഭിനയിക്കുന്നത്. എല്ലാ ഭാഷകളിലും അഭിനയിച്ച് ശബ്ദവും കൊടുക്കുന്നു. ഫഹദിന്റെ സിനിമകൾ മാത്രമല്ല ഇഷ്ടപ്പെടുന്നത്, ഒരു നടനെന്ന നിലയിലും നിർമ്മാതാവെന്ന നിലയിലും അദ്ദേഹത്തിന്റെ സിനിമകളെ മാത്രമല്ല, സ്‌ക്രീനിലും സ്‌ക്രീനിനു പുറത്തുമുള്ള അദ്ദേഹത്തിന്റെ സമീപനത്തെയും താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും സൂര്യ വേദിയില്‍ പറഞ്ഞു.
പ്രൊമോഷൻ ചടങ്ങിൽ സൂര്യ ഫഹദിനെക്കുറിച്ച് പറഞ്ഞ വാക്കുകളുടെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലും സിനിമാ പ്രേമികൾക്കിടയിലും വലിയ രീതിയിൽ വൈറലായിട്ടുണ്ട്.