മൈഥിലി താക്കൂറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം. മൈഥിലി നിയമസഭയിലേക്ക് ജയിച്ച അലിനഗർ മണ്ഡലം പ്രളയത്തിൽ ദുരിതമനുഭവിക്കുമ്പോള്‍ സ്ഥലം എംഎൽഎ നെതർലൻഡ് ടൂറിലാണെന്നതാണ് പ്രതിഷേധത്തിന് കാരണം. 

ബിഹാറിലെ അലിനഗർ മണ്ഡലത്തിൽ കമല നദി കരകവിഞ്ഞ് പ്രളയക്കെടുതി രൂക്ഷമായിരിക്കുകയാണ്.  ബിഹാറിലുടനീളം പെയ്ത അതിശക്തമായ മഴയെത്തുടർന്ന് സെപ്റ്റംബർ 24 വൈകീട്ടോടെയാണ് അലിനഗറിലൂടെ ഒഴുകുന്ന കമല നദി കരകവിഞ്ഞൊഴുകാൻ തുടങ്ങിയത്. സെപ്റ്റംബർ 28-ഓടെ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ പ്രളയപരിധിക്കും മുകളിലേക്ക് ഉയർന്നതോടെ നദീതീരത്തെ ഭൂരിഭാഗം ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. മണ്ഡലം പ്രളയ ദുരന്തത്തിൽ വലയുമ്പോഴാണ് ജനപ്രതിനിധിയായ മൈഥിലി താക്കൂർ നെതർലൻഡ്സിൽ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കുന്നത്.

നെതർലൻഡിലെ റോട്ടർഡാമിൽ നടക്കുന്ന 'ഐൻഡെലൂസ് ഇന്ത്യ ഫെസ്റ്റിവലിൽ' പ്രശസ്തമായ ബീഹാറി ചൈതി നാടോടി ഗാനാലാപനം നടത്തുന്നതിനാണ് മൈഥിലി താക്കൂർ വിദേശത്തേക്ക് പോയത്. ദുരിതത്തിലായ ജനങ്ങൾക്കിടയിൽ ആശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട സമയത്ത് എംഎൽഎ നെതർലൻഡ്സിൽ നിന്നുള്ള വിഡിയോകൾ പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഴിവെച്ചത്. 'ഫുൾ ടൈം എംഎൽഎ വിത്ത് പാർട്ട് ടൈം വർക്കിംഗ്', 'നമ്മുടെ നികുതിപ്പണം കൊണ്ട് ഇവർ ജീവിതം ആഘോഷിക്കുന്നു' തുടങ്ങിയ കടുത്ത പരിഹാസങ്ങളുമായാണ് ജനങ്ങൾ പ്രതിഷേധം അറിയിക്കുന്നത്. മുൻപും സമാനമായ രീതിയിൽ നാട് പ്രളയക്കെടുതി നേരിടുമ്പോൾ അംബാനിയുടെ 'ആന്‍റിലിയ'യിലെ ഗണേശോത്സവാഘോഷത്തിൽ പങ്കെടുത്തതിന് മൈഥിലി താക്കൂറിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.

ENGLISH SUMMARY:

BJP MLA Maithili Thakur is facing intense backlash on social media for her tour to the Netherlands while her constituency, Alinagar in Bihar, suffers from severe flooding. Heavy rains caused the Kamala River to overflow, submerging several villages in Alinagar. While residents struggled with the flood disaster, Maithili Thakur traveled to Rotterdam to perform traditional Chaiti folk music at the 'Eindeloos India Festival