rekha-gupta-delhi-cm-logic-on-water-supply

രാജ്യ തലസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിന് കാരണം ബാഷ്പീകരണമാണെന്ന് കുറ്റപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. വലിയ പ്രതിഷേധമാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ബിജെപി യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഡല്‍ഹിയിലെ കുടിവെള്ള ക്ഷാമത്തെ കുറിച്ച് രേഖയുടെ  വിവാദ പരാമര്‍ശം. 

വേനല്‍ക്കാലത്ത് വെള്ളത്തിന് ആവശ്യം വളരെ കൂടുതലാണെന്നും എന്നാല്‍ ഉയര്‍ന്ന താപനില കുടിവെള്ള വിതരണത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് വാദം. 'ആളുകള്‍ കടുത്ത ജലദൗര്‍ലഭ്യം നേരിടുകയാണ്. ചൂടിങ്ങനെ കൂടുമ്പോള്‍, വിതരണത്തിനായി കൊണ്ടുപോകുന്ന വെള്ളം ബാഷ്പീകരിച്ച് പോകുന്നു. അതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. 

അതിവേഗത്തിലാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. 'മണ്ടത്തരം പറയുന്നതിനൊക്കെ ഒരു പരിധിയില്ലേ' എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രാഗിണി നായകിന്‍റെ പ്രതികരണം. 'ശാസ്ത്രജ്ഞരെപ്പോലെയുള്ള ഒട്ടനവധി മന്ത്രിമാരും മുഖ്യമന്ത്രിമാരും രാജ്യത്തുണ്ടെന്നും ഇതാ കുടിവെള്ള ക്ഷാമം സംബന്ധിച്ച ശാസ്ത്രീയ കണ്ടെത്തലുകളുമായി നമ്മുടെ സ്വന്തം രേഖ ഗുപ്ത' എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്‍റെ പരിഹാസം. സമൂഹമാധ്യമങ്ങളിലും രേഖ ഗുപ്തയുടെ വിഡിയോയ്ക്ക് വ്യാപക വിമര്‍ശനം നിറയുന്നുണ്ട്.

ബാഷ്പീകരണത്തിലൂടെ നഷ്ടമാകുന്ന ജലത്തിന് ഒരു പരിധിയുണ്ടെന്നതാണ് വസ്തുത. കടുത്ത ചൂടില്‍ ഡാമുകളിലും തടാകങ്ങളിലും കനാലുകളിലുമുള്ള ജലത്തിന് ബാഷ്പീകരണം സംഭവിക്കാറുണ്ട്. പക്ഷേ നഗരങ്ങളിലെ ജലക്ഷാമം വിതരണത്തിലെ പോരായ്മയും പൈപ്പ് പൊട്ടലുകളും അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് കൊണ്ടുമെല്ലാമാണ് സംഭവിക്കുന്നത്. 

ENGLISH SUMMARY:

Delhi Chief Minister Rekha Gupta has sparked a massive political controversy after claiming that the national capital's severe water shortage is caused by water evaporating on its way to supply. Speaking at a BJP party event, Gupta argued that the intense summer heat causes a significant amount of flowing water to evaporate, leading to the current supply gap. The video of her remarks immediately went viral on social media, drawing sharp criticism and heavy mockery from opposition leaders and political commentators. While entities like Congress spokesperson Ragini Nayak labeled the explanation as foolish, activist-lawyer Prashant Bhushan took a satirical swipe at the "scientific nuggets" offered by the Chief Minister. Experts have highlighted that while extreme heat does cause minor evaporation in open reservoirs, major urban water crises are structurally driven by rising demands, distribution leakages, and a drop in raw water availability.